വില്ലേജ് അധികൃതരുടെ മൂക്കിനുതാഴെ തോട്ടഭൂമി മുറിച്ചുവിൽപന
text_fieldsമേപ്പാടി: ഒരിടവേളക്ക് ശേഷം മേഖലയിൽ തോട്ടം മുറിച്ച് വിൽപനയും തരംമാറ്റലും വീണ്ടും സജീവമായി. പോഡാർ പ്ലാന്റേഷൻ നെല്ലിമുണ്ട, ഓടത്തോട് ഡിവിഷൻ, പഴയ എൽസ്റ്റൺ എസ്‌റ്റേറ്റിന്റെ ഭാഗമായിരുന്ന പൂത്തകൊല്ലി ഡിവിഷൻ എന്നിവിടങ്ങളിലുമാണ് തോട്ടഭൂമി മുറിച്ചു വിൽപനയും തരംമാറ്റലും നടക്കുന്നത്. തോട്ട ഭൂമിയെന്ന് കാണിച്ചാൽ രജിസ്ട്രേഷൻ നടക്കുകയില്ല എന്നതിനാൽ രജിസ്റ്റർ ചെയ്യാതെ വെള്ളക്കടലാസിൽ എഴുതിയ എഗ്രിമെന്റ് മാത്രം വെച്ചുകൊണ്ടാണ് വിൽപന ഇടപാട് നടക്കുന്നത്.
ബ്ലോക്ക് നമ്പർ 28, സർവേ നമ്പർ 505/1 ൽപ്പെട്ട ഈ തോട്ട ഭൂമി തുണ്ടുകളായി മുറിച്ചു വിൽപനയും തരം മാറ്റലും 2009-2010 കാലത്താണ് വ്യാപകമായി നടന്നത്. ആധാരത്തിൽ തോട്ടഭൂമി എന്നത് ബോധപൂർവം മറച്ചുവെച്ച് കര എന്ന് കാണിച്ചുകൊണ്ടായിരുന്നു അന്ന് രജിസ്ട്രേഷനും പോക്കുവരവും നടത്തിയത്. ഇത് അന്നത്തെ വില്ലേജ് അധികൃതർ അറിഞ്ഞുകൊണ്ടാണെന്ന് വ്യക്തമാവുകയും ചെയ്തു. വില്ലേജ് ഓഫിസിന്റെ തൊട്ട് മുൻവശത്താണ് ഈ നിയമലംഘനം നടന്നത്. ഇത് കണ്ടില്ലെന്ന് നടിച്ച് ഒരു നടപടിയും സ്വീകരിക്കാതിരുന്ന അന്നത്തെ വില്ലേജ് ഓഫിസർഒക്കും ജീവനക്കാർക്കുമെതിരെ ജില്ല കലക്ടർ നടപടി സ്വീകരിക്കുകയുമുണ്ടായി. 2011 ൽ സ്ഥലം സന്ദർശിച്ച അന്നത്തെ ജില്ല കലക്ടറാണ് നടപടി സ്വീകരിച്ചത്.
2009 നും 2011നുമിടയിൽ നടന്ന തോട്ട ഭൂമി രജിസ്ട്രേഷനും പോക്കുവരവും കലക്ടർ റദ്ദാക്കുകയും നികുതി സ്വീകരിക്കുന്നത് നിർത്തിവെക്കുകയും ചെയ്തു. തേയിലച്ചെടികൾ വെട്ടി തരം മാറ്റിയ 5 ഏക്കർ മിച്ചഭൂമിയായി ഏറ്റെടുക്കാൻ താലൂക്ക് ലാൻഡ് ബോർഡിനോട് ഉത്തരവിടുകയും ചെയ്തു. എന്നാൽ അതേ സർവേ നമ്പർ 505/1 ൽപെട്ടതും താലൂക്ക് ലാൻഡ് ബോർഡിലും കോടതിയിലും കേസുകൾ നിലനിൽക്കുന്നതുമായ ഭൂമിയിലാണിപ്പോൾ വില്ലേജ് അധികൃതരുടെ മൂക്കിന് താഴെ നിയമ വിധേയമല്ലാതെ കെട്ടിട നിർമാണ പ്രവർത്തനങ്ങളടക്കം നടന്നുകൊണ്ടിരിക്കുന്നത്.
കേസ് തീർപ്പാകുന്നതുവരെ തോട്ടഭൂമി മുറിച്ചുവാങ്ങിയവർക്ക് ഭൂമിയിൽ നിയമപരമായി ഉടമസ്ഥാവകാശമില്ല എന്നിരിക്കെ അതിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത് വില്ലേജ് അധികാരികൾ അനുവദിക്കാൻ പാടില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാൽ നാളുകളായി ഇത് നടക്കുമ്പോഴും പരാതി ലഭിച്ചിട്ടും സ്റ്റോപ്മെമ്മോ കൊടുക്കാൻ പോലും കോട്ടപ്പടി വില്ലേജ് അധികാരികൾ തയറാകാത്തത് സംശയങ്ങൾക്കിടയാക്കുന്നുണ്ട്.
2011ൽ അന്നത്തെ ജില്ല കലക്ടർ എടുത്ത നടപടിയാണിപ്പോൾ അട്ടിമറിക്കപ്പെടുന്നത്. സംസ്ഥാന ജല അതോറിറ്റിയുടെ കീഴിൽ കാരാപ്പുഴ കുടിവെള്ള പദ്ധതിയുടെ ടാങ്ക്, ഫിൽട്ടർ പ്ലാന്റ് എന്നിവ നിർമിക്കാൻ ഇതേ 505/1ൽപ്പെട്ട ഭൂമി വിലയ്ക്ക് വാങ്ങാനുള്ള നീക്കം രജിസ്ട്രേഷൻ നടക്കില്ല എന്ന കാരണത്താൽ വർഷങ്ങൾക്ക് മുമ്പ് തന്നെ അധികൃതർ ഉപേക്ഷിച്ചതാണ്. അതേ സർവേ നമ്പറിലുള്ള നികുതി സ്വീകരിക്കാത്ത ഭൂമിയിലാണിപ്പോൾ നിയമവിരുദ്ധമായി കെട്ടിടനിർമാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നത്. ഇതുസംബന്ധിച്ച് റവന്യൂ ഉന്നതാധികാരികൾ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.