അര്‍ബന്‍ ബാങ്ക് നിയമന അഴിമതി: അന്വേഷിക്കാൻ കോൺഗ്രസ് മൂന്നംഗ സമിതിയെ നിയമിച്ചു
text_fieldsസുൽത്താൻ ബത്തേരി: സുല്‍ത്താന്‍ ബത്തേരി കോ-ഓപറേറ്റിവ് അര്‍ബന്‍ ബാങ്കിലെ നിയമനത്തിൽ കോടികളുടെ അഴിമതി നടന്നെന്ന ആരോപണം അന്വേഷിക്കാൻ കോൺഗ്രസ് മൂന്നംഗ സമിതിയെ നിയമിച്ചു. ശനിയാഴ്ച ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കെ.ഇ. വിനയന് (ചെയര്മാന്), ഡി.പി. രാജശേഖരന് (ജനറല്‍ കണ്‍വീനര്‍), ബിനുതോമസ് (അംഗം) എന്നിവരാണ് സമിതി അംഗങ്ങൾ.
നിയമനത്തിന് ഏതാനും കോൺഗ്രസ് നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണവുമായി പാർട്ടിയിലെതന്നെ ഏതാനും നേതാക്കളാണ് രംഗത്തെത്തിയത്. പ്യൂൺ, വാച്ച് മാൻ തസ്തികകളിൽ മൂന്ന് വീതം നിയമനങ്ങളാണ് നടന്നത്. പ്യൂണിന് 40-45 ലക്ഷവും വാച്ച്മാന് 30-35 ലക്ഷവുമാണ് കോഴയെന്നാണ് ആരോപണം.
ഡി.സി.സി പ്രസിഡൻറ്, സുൽത്താൻ ബത്തേരിയിലെ ഒരു നേതാവ്, ബാങ്ക് പ്രസിഡൻറ് എന്നിവർക്കെതിരെയാണ് ആരോപണം. വിവാദമായതോടെ കോൺഗ്രസ് സുൽത്താൻ ബത്തേരി മേഖലയിൽ നിന്നുള്ള കെ.പി.സി.സി, ഡി.സി.സി മെംബർമാർ, മണ്ഡലം പ്രസിഡൻറുമാർ എന്നിവർ യോഗം ചേർന്നിരുന്നു. വിഷയം അന്വേഷിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നിരുന്നു.
അന്വേഷണം തുടങ്ങിയിട്ടില്ലെന്നും മൂന്നു പേരും കൂടിയാലോചിച്ചതിനു ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും ഡി.പി. രാജശേഖരൻ പറഞ്ഞു.
അതേസമയം, അഴിമതി ആരോപണം ബാങ്ക് പ്രസിഡൻറ് ഡോ. സണ്ണി ജോസഫ് നിഷേധിച്ചു. 64 പേരെ കൂടിക്കാഴ്ച നടത്തിയാണ് ആറു പേരെ നിയമനത്തിനായി തെരഞ്ഞെടുത്തത്. കൂടിക്കാഴ്ചക്കു മുമ്പ് എഴുത്തു പരീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹെഡ് ഓഫിസും 13 ബ്രാഞ്ചുകളുമടക്കം 14 യൂനിറ്റുകളാണ് സുൽത്താൻ ബത്തേരി അർബൻ ബാങ്കിനുള്ളത്. റിസർവ് ബാങ്ക് അനുമതിയിലാണ് പ്രവർത്തനം.പൊഴുതന, തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകൾ ഒഴികെ ജില്ലയിലെ ഒട്ടുമിക്കയിടവും ബാങ്കിെൻറ പ്രവർത്തന പരിധിയിലാണ്.
13 അംഗ ഭരണസമിതിയിൽ മൂന്ന് പേർ ഒഴികെയുള്ളവർ കോൺഗ്രസുകാരാണ്. 2022 ആഗസ്റ്റ്-സെപ്റ്റംബർ വരെയാണ് നിലവിലെ ഭരണ സമിതിയുടെ കാലാവധി. അതേസമയം, അർബൻ ബാങ്കിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കോഴ ഇടപാടിൽ ഡി.സി.സി പ്രസിഡൻറും എം.എൽ.എയുമായ ഐ.സി. ബാലകൃഷ്ണന് പങ്കുള്ളതായി സി.പി.എം സുൽത്താൻ ബത്തേരി ഏരിയ കമ്മിറ്റി ആരോപിച്ചു.
അഴിമതിക്കാരനായ എം.എൽ.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് 26ന് രാവിലെ 11ന് എം.എൽ.എയുടെ സുൽത്താൻ ബത്തേരി ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിക്കാനും വൈകീട്ട് നാലിന് മുഴുവൻ ബ്രാഞ്ച് കേന്ദ്രങ്ങളിലും ധർണ നടത്താനും സി.പി.എം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.