വാളത്തൂർ ക്വാറി വിഷയം: സംഘർഷം, അറസ്റ്റ്
text_fieldsമൂപ്പൈനാട്: വാളത്തൂർ ക്വാറിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെയുണ്ടായ പൊലീസിന്റെ അറസ്റ്റ് നടപടി സംഘർഷത്തിനിടയാക്കി. ക്വാറി പ്രദേശത്തേക്ക് പൊലീസ് സംരക്ഷണത്തോടെ കൊണ്ടുവന്ന ജെ.സി.ബി തടഞ്ഞ ക്വാറിവിരുദ്ധ ആക്ഷൻ കമ്മിറ്റി പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ക്വാറി പ്രവർത്തനത്തിന് തടസമുണ്ടെങ്കിൽ പൊലീസ് സംരക്ഷണം നൽകണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സംഭവത്തിൽ 21 പേർക്കെതിരെ കേസെടുത്തതായും ഇതിൽ പത്തുപേരെ സ്ഥലത്തുനിന്ന് അറസ്റ്റു ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടതായും മേപ്പാടി പൊലീസ് അറിയിച്ചു.
മേപ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ എ.ബി. വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കിയത്. വാളത്തൂരിൽ ക്വാറി തുടങ്ങുന്നതിന് ലൈസൻസ് അനുവദിച്ചിട്ടും സമീപവാസികളുടെ പ്രതിഷേധം മൂലം ക്വാറി പ്രവർത്തനം തുടങ്ങാൻ സാധിച്ചിട്ടില്ലെന്നും ഇതിനെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ക്വാറിയുടമ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ക്വാറിയുടെ പ്രവർത്തനങ്ങൾ തടസപെടാത്ത വിധം പൊലീസ് സംരക്ഷണം നൽകുന്നതിന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ജനങ്ങളുടെ ശക്തമായ പ്രതിഷേധം കാരണം ക്വാറിയുടെ പ്രവർത്തനങ്ങൾ വീണ്ടും തടസ്സപ്പെട്ടതോടെ പൊലീസിനെതിരെ ക്വാറിയുടമ കോടതി അലക്ഷ്യ ഹരജി ഫയൽ ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയ നടപടി ഉണ്ടായതെന്ന് മേപ്പാടി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്തവരെ മൂപ്പനാട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീക്ക്, പൊതുപ്രവർത്തകനായ യഹ്യ ഖാൻ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ നിന്നും ജാമ്യത്തിൽ ഇറക്കി.
പ്രശ്നം പരിഹാരത്തിനായി പ്രതിഷേധക്കാരെയും ക്വാറി ഉടമയെയും ശനിയാഴ്ച ചർച്ചക്ക് വിളിച്ചതായി മേപ്പാടി പൊലീസ് സി.ഐ അറിയിച്ചു. അതേസമയം, ശാരീരിക അവശതയുള്ള ആളിനെതിരെ പോലും പൊലീസ് ബലപ്രയോഗം നടത്തിയെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
ഇതിന് മുമ്പും പല തവണ പ്രദേശവാസികൾ ജെ.സി.ബി തടഞ്ഞിട്ടുണ്ട്. എട്ടു പേർക്കെതിരെ മുമ്പെടുത്ത കേസും നിലനിൽക്കുന്നുണ്ട്. 50 മീറ്ററിനുള്ളിൽ വീടുകൾ ഉണ്ടെന്ന് മാത്രമല്ല ജില്ല ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച റെഡ് സോണും ഉൾപ്പെടുന്നതാണ് ക്വാറി പ്രദേശമെന്ന് ആക്ഷൻ കമ്മിറ്റിക്കാർ ചൂണ്ടിക്കാണിക്കുന്നു.
സ്ഥലം സന്ദർശിച്ച വൈത്തിരി തഹസിൽദാർ ഇക്കാര്യം ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലക്ക് ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളതായും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു.
അതിനെയൊക്കെ മറികടന്ന് പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ക്വാറി ലൈസൻസ് ഉടമകളെന്ന് നാട്ടുകാർ ആരോപിക്കുന്നു. വിഷയത്തിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.