വീട്ടിമൂല, പള്ളിച്ചിറ പ്രദേശങ്ങൾ കടുവഭീതിയിൽ
text_fieldsപുൽപള്ളി: പഞ്ചായത്തിലെ വീട്ടിമൂല, പള്ളിച്ചിറ പ്രദേശങ്ങൾ കടുവഭീതിയിൽ. രണ്ടാഴ്ചക്കിടെ നിരവധി വളർത്തുമൃഗങ്ങളെ അടക്കം കൊലപ്പെടുത്തിയ കടുവ പ്രദേശത്തുതന്നെ തങ്ങുകയാണ്. കഴിഞ്ഞ ദിവസം കടുവയെ തുരത്താൻ ശ്രമിക്കുന്നതിനിടെ വനപാലകർക്കുനേരെയും കടുവയുടെ ആക്രമണം ഉണ്ടായി. ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫിസർ ശശികുമാർ, ഗാർഡ് മാനുവൽ എന്നിവർക്കുനേരെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്.
ഇവർ ബത്തേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പകൽ സമയത്തുപോലും കടുവ വളർത്തുമൃഗങ്ങളെ പിടികൂടുന്നത് പതിവായി. കാടിനോട് ചേർന്ന പ്രദേശങ്ങളാണെങ്കിലും ജനവാസകേന്ദ്രത്തിൽ കടുവയുടെ സാന്നിധ്യം നിരന്തരം ഉണ്ടാകുന്നത് ആളുകളെ ഭീതിയിലാക്കുകയാണ്. ഇവിടെ വളർത്തുമൃഗങ്ങളെ സംരക്ഷിക്കാൻ പാടുപെടുകയാണ് കർഷകർ.
പുൽപള്ളി മേഖലയിൽ സമീപകാലത്തായി കടുവശല്യം വർധിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി വളർത്തുമൃഗങ്ങളെയാണ് കടുവ കൊലപ്പെടുത്തിയത്. ഒരുമാസം മുമ്പ് കതവാക്കുന്നിൽ ആദിവാസി യുവാവിനെ കടുവ കൊന്നുതിന്നിരുന്നു. അതിനുശേഷം പല ഭാഗങ്ങളിൽനിന്നു വളർത്തുമൃഗങ്ങളെ പിടികൂടി.
പള്ളിച്ചിറയിലെത്തിയ കടുവയെ പിടികൂടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത് കുമാർ പറഞ്ഞു. കടുവയെ നിരീക്ഷിക്കുന്നതിന് കൂടുതൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് കാവലും ഏർപ്പെടുത്തി. അതേസമയം, കടുവയെ മയക്കുവെടിവെച്ച് പിടികൂടിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകൂട്ടം ജനകീയ കൂട്ടായ്മ മുന്നറിയിപ്പ് നൽകി. അധികൃതരുടെ അലംഭാവം മൂലമാണ് ഒരു പ്രദേശത്തുനിന്നുതന്നെ വളർത്തുമൃഗങ്ങളെ കടുവ പിടികൂടുന്നതെന്നും ചൂണ്ടിക്കാട്ടി.
യോഗത്തിൽ വാർഡ് മെംബർ എം.ടി. കരുണാകരൻ അധ്യക്ഷത വഹിച്ചു. ഉദയകുമാർ വാരിശ്ശിരി, ബിനോയി തേക്കാനത്ത്, സതീഷ് മാളപ്പുര, അരുൺ, ജോർജ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.