ബംഗളൂരുവിൽ പഠിക്കുന്ന കുട്ടി വെള്ളമുണ്ട എ.യു.പിയിലും; വിവാദം പുകയുന്നു
text_fieldsബംഗളൂരുവിൽ പഠിക്കുന്ന കുട്ടിയുടെ അഡ്മിഷൻ രക്ഷിതാവറിയാതെ വെള്ളമുണ്ട എ.യു.പിയിലെത്തിയതിൽ ദുരൂഹതയേറുന്നു. തരുവണ ഗവ. യു.പി സ്കൂളിൽ കഴിഞ്ഞ വർഷം അഞ്ചാം തരത്തിൽ പഠിച്ചിരുന്ന തരുവണ തേട്ടോളി ബഷീറിന്റെ മകൻ മുഹമ്മദ് ഹിഷാദിന്റെ അഡ്മിഷനാണ് രക്ഷിതാവ് അറിയാതെ വെള്ളമുണ്ട എ.യു.പിയിലെത്തിയത്.
കഴിഞ്ഞ മേയ് മുതൽ ബംഗളൂരുവിലെ ശബരി സ്കൂളിൽ പഠിക്കുന്ന ഈ കുട്ടിയുടെ ടി.സി ആറാം പ്രവൃത്തി ദിവസം വെള്ളമുണ്ട എ.യു.പിയിലേക്ക് വന്നത് എങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്. ഈ കുട്ടിയുടെ ടി.സി ശബരി സ്കൂളിലേക്ക് അനുവദിച്ചതായി തരുവണ ഗവ. വിദ്യാലയത്തിലെ പ്രധാനാധ്യാപകനും പറയുന്നു. വെള്ളമുണ്ട എ.യു.പിയിലേക്ക് ഈ കുട്ടിയുടെ ടി.സി നൽകിയത് രക്ഷിതാവിന്റെ അപേക്ഷ പ്രകാരമല്ലെന്ന് കുട്ടിയുടെ പിതാവ് ബഷീർ പറഞ്ഞു.
അധ്യയനം തുടങ്ങിയ സമയത്ത് എ.യു.പിയിൽ നിന്നു അധ്യാപകർ മകന് ഇവിടെ അഡ്മിഷൻ വന്നിട്ടുണ്ടെന്ന് പറയുകയും ബംഗളൂരുവിൽ പഠിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 14ന് ഈ കുട്ടിയെ വെള്ളമുണ്ട എ.യു.പിയിൽനിന്നു തരുവണ ഗവ. യു.പിയിലേക്ക് ടി.സി നൽകി മാറ്റിയതായും സൂചനയുണ്ട്.
എന്നാൽ, ബംഗളൂരുവിൽ പഠിക്കുന്ന കുട്ടിയുടെ ടി.സി തെറ്റായി വന്നതാണെന്ന് വെള്ളമുണ്ട എ.യു.പി സ്കൂൾ അധികൃതരും പറയുന്നു. ബംഗളൂരുവിലെ വിദ്യാലയത്തിലേക്ക് ടി.സി അനുവദിച്ച കുട്ടി എങ്ങനെ രക്ഷിതാവറിയാതെ വെള്ളമുണ്ടയിലെത്തി എന്ന ചോദ്യമാണ് ഉയരുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഉന്നതർ അറിഞ്ഞു കൊണ്ട് നടത്തിയ ക്രമക്കേടിന്റെ വിവരങ്ങളാണ് പുറത്തു വരുന്നതെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
തസ്തിക ഉറപ്പിക്കാൻ തരുവണ ഗവ. യു.പി സ്കൂളിൽനിന്ന് കുട്ടികളെ വെള്ളമുണ്ട സ്കൂളിലേക്ക് മാറ്റിചേർത്തത് രാത്രിയിൽ
വെള്ളമുണ്ട: സി.പി.എം ജില്ല നേതാവിന്റെ മകന് വെള്ളമുണ്ട എ.യു.പി സ്കൂളിൽ നിയമനം നൽകുന്നതിന് വിദ്യാഭ്യാസ വകുപ്പിൽ വഴിവിട്ട നീക്കങ്ങൾ നടന്നതായി ആരോപണം. വെള്ളമുണ്ട എയ്ഡഡ് സ്കൂളിലെ കുട്ടികളുടെ എണ്ണം വര്‍ധിപ്പിച്ച് തസ്തിക ഉറപ്പിക്കാനായി നാലു കീലോമീറ്റർ അപ്പുറത്തുള്ള തരുവണ ഗവ. യു.പി സ്കൂളിൽ നിന്നു രാത്രിസമയത്ത് കുട്ടികളെ മാറ്റി.
രാത്രിസമയത്ത് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ടി.സി നല്‍കിയതായി സ്കൂളില്‍നിന്നു ലഭിച്ച വിവരാവകാശരേഖയിൽ പറയുന്നു. സ്കൂളിലെ ആറാം പ്രവൃത്തിദിനത്തില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ വെബ്പോര്‍ട്ടലില്‍ നല്കുന്ന കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തിക നിര്‍ണയം നടത്തുന്നത്. ഇത് സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം ജൂണ്‍ തുടക്കത്തില്‍ തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം ആറാം പ്രവൃത്തി ദിവസമായ ജൂണ്‍ എട്ടിന് അഞ്ച് മണിവരെയാണ് സമ്പൂര്‍ണയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സമയപരിധി.
എന്നാല്‍, തരുവണ ജി.യു.പി സ്കൂളില്‍ നിന്നു അന്നേദിവസം എ.യു.പി സ്കൂളിലേക്ക് ടി.സി നല്കിയ നാല് വിദ്യാര്‍ഥികളില്‍ രണ്ടു പേര്‍ക്ക് രാത്രി എട്ടു മണിയോടെയാണ് ടി.സി നല്‍കിയതെന്ന് വിവരാവകാശരേഖയില്‍ പറയുന്നു. എ.ഇ.ഒ സമ്പൂര്‍ണ റീസെറ്റ് ചെയ്ത് നല്‍കിയതിനാലാണ് ഇത്തരത്തില്‍ ടി.സി നല്‍കിയതെന്നാണ് തരുവണയിലെ പ്രധാനാധ്യാപകൻ പറയുന്നത്. രാത്രി എട്ടിന് ടി.സി നല്കിയ രണ്ട് വിദ്യാര്‍ഥികളെയും അന്നേദിവസം തന്നെ വെള്ളമുണ്ട എ.യു.പിയിലെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
എയ്ഡഡ് വിദ്യാലയത്തില്‍ പുതിയ തസ്തിക സൃഷ്ടിച്ച ശേഷം ജില്ലയിലെ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകന് സ്കൂളില്‍ ജോലിനല്‍കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ചട്ടവിരുദ്ധം നടത്തിയതെന്നും ആരോപണമുയരുന്നുണ്ട്. എന്നാൽ, അന്നേ ദിവസം സൈറ്റ് ഹാങ്ങായതിനാൽ പ്രത്യേക അനുമതി വാങ്ങിയാണ് രാത്രി ടി.സി നൽകിയതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. സി.പി.എം നേതാവിന്റെ മകന് നിയമനം നൽകുന്നതിന് ക്രമംവിട്ട പ്രവർത്തനം നടന്നതായ ആരോപണം ശരിയല്ലെന്ന് വെള്ളമുണ്ട എ.യു.പി സ്കൂൾ മാനേജർ വി.എം. മുരളീധരൻ മാധ്യമത്തോട് പറഞ്ഞു. നേതാവിന്റെ മകനെ താൽക്കാലികമായാണ് നിയമിച്ചത്. സ്ഥിരം നിയമനത്തിനുള്ള ഒരു നടപടിക്രമവും ഇതുവരെ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള രണ്ട് അധ്യാപകർ തന്നെ പ്രൊട്ടക്റ്റിങ് പോസ്റ്റിലാണ് ഇവിടെ ജോലി ചെയ്യുന്നത്. ആ അവസ്ഥ നിലനിൽക്കുമ്പോഴാണ് പുതിയ നിയമനം ചർച്ചയാവുന്നത്.
സർക്കാർ വിദ്യാലയത്തെ തകർത്ത് എയ്ഡഡിന് കുടപിടിക്കുന്നു -യൂത്ത് കോൺഗ്രസ്
വെള്ളമുണ്ട: സി.പി.എം ജില്ല സെക്രട്ടറിയുടെ മകന്റെ അധ്യാപക ജോലിക്കായി സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്ക് നിയമവിരുദ്ധമായി എയ്ഡഡ് സ്കൂളിൽ അഡ്മിഷൻ നൽകി തിരിമറി നടത്തിയതായി വെള്ളമുണ്ട മണ്ഡലം യൂത്ത് കോൺഗ്രസ് ആരോപിച്ചു.
തരുവണ ഗവ. യു.പി സ്കൂളിലെയും സമീപത്തെ മറ്റ് സ്കൂളിലെയും ചില അൺ എയ്ഡഡ് വിദ്യാലയത്തിലെയും കുട്ടികളെ അഡ്മിഷൻ സമയം കഴിഞ്ഞപ്പോൾ മാനന്തവാടി എ.ഇ.ഒയുടെ ഒത്താശയോടെ സമ്പൂർണ സോഫ്റ്റ് വെയറിൽ കൃതിമം ചെയ്താണ് ഈ നിയമവിരുദ്ധ ഇടപാടുകൾ നടത്തിയത്.
സ്കൂൾ മാനേജ്മെന്റും സർക്കാർ അധികൃതരും ഭരണ സ്വാധീനത്തിന്റെ മറവിൽ നടത്തിയ നടപടിക്കെതിരെ ശക്തമായ സമരം നടത്താൻ യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് കെ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
ജിതിൻ തോമസ്, ജൈമോൻ, കെ.പി. റിൻഷാദ്, ലളിത ബാബു, സി.എസ്. അർച്ചന, മധുപ്പല്ലോറ, ലിജോസണ്ണി, കെ.ഇ. ഷമീം എന്നിവർ സംസാരിച്ചു.
നിയമന വിവാദത്തിൽ സമഗ്രാന്വേഷണം നടത്തണം -എം.എസ്.എഫ്
കൽപറ്റ: വെള്ളമുണ്ട എ.യു.പി സ്കൂളിൽ സി.പി.എം ജില്ല സെക്രട്ടറിയുടെ മകന് വഴിവിട്ട നിയമനത്തിന് അവസരം നൽകാൻ പൊതു വിദ്യാഭ്യാസത്തെ തകർക്കുന്ന തരത്തിൽ ഇടപെടൽ നടന്നുവെന്ന വാർത്ത പുറത്തുവന്ന സാഹചര്യത്തിൽ വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
വിഷയത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് തിങ്കളാഴ്ച രാവിലെ 10ന് സ്കൂളിലേക്ക് മാർച്ച് നടത്തുമെന്നും കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
സി.പി.എം ഉന്നത ബന്ധം അന്വേഷിക്കണം -ബി.ജെ.പി
കൽപറ്റ: വെള്ളമുണ്ട എ.യു.പി സ്കൂളിലേക്ക് പുതിയ കുട്ടികളെ കണ്ടെത്തുന്നതിനായി മറ്റൊരു സ്കൂളിലെ വിദ്യാർഥികളുടെ വിടുതൽ സർട്ടിഫിക്കറ്റ് അനധികൃതമായി തരപ്പെടുത്തിയ സംഭവത്തിൽ സി.പി.എം നേതൃത്വത്തിന്റെ ഉന്നത ബന്ധം അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
സി.പി.എം ജില്ല സെക്രട്ടറിയുടെ മകന് അധ്യാപക പദവി നിലനിർത്താൻ വേണ്ടി പ്രവൃത്തി സമയം കഴിഞ്ഞിട്ടും കള്ള സോഫ്റ്റ് വെയർ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥന്മാരുടെ നീണ്ട നിര തന്നെ ഉണ്ട്. തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥന്മാരെ അന്വേഷണ വിധേയമായി ജോലിയിൽനിന്ന് മാറ്റി നിർത്തുകയും സി.പിഎം ജില്ല സെക്രട്ടറിയുടെ മകനെ ജോലിയിൽനിന്ന് പിരിച്ച് വിടാനും സംസ്ഥാന സർക്കാർ തയാറാകണമെന്നും ബി.ജെ.പി അവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് കെ.പി. മധു അധ്യക്ഷത വഹിച്ചു. പള്ളിയറ മുകുന്ദൻ, സജി ശങ്കർ, കെ. സദാനന്ദൻ, പ്രശാന്ത് മലവയൽ, കെ. ശ്രീനിവാസൻ, കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ വകുപ്പിലെ ചിലരുടെ ഇടപെടലും ചർച്ചയാവുന്നു
വെള്ളമുണ്ട: സി.പി.എം ജില്ല സെക്രട്ടറിയുടെ മകന്റെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതിയിൽ വിദ്യാഭ്യാസ വകുപ്പിലെ ചിലരുടെ ഇടപെടലും ചർച്ചയാവുന്നു. വായുവിൽ പറക്കുന്ന ടി.സികളും ആറാം പ്രവൃത്തി ദിവസത്തിന് ശേഷം കാണാതാവുന്ന കുട്ടികളെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
ആറാം പ്രവൃത്തി ദിവസം കണക്കൊപ്പിക്കുന്നതിന് വേണ്ടി ചേർക്കുന്ന വിദ്യാർഥികളിൽ പലരും ആ വിദ്യാലയത്തിൽ ഒരു ദിവസം പോലും പഠനത്തിന് എത്താറില്ല. സ്വകാര്യ വിദ്യാലയങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും പഠിക്കുന്ന വിദ്യാർഥികൾ വരെ ആറാം പ്രവൃത്തി ദിനത്തിൽ 'സമ്പൂർണയുടെ കണക്കിൽ പെടുത്തി എണ്ണം വർധിപ്പിക്കുന്ന അവസ്ഥയുണ്ട്. പല എയ്ഡഡ് വിദ്യാലയങ്ങളിലും, ഇല്ലാത്ത കുട്ടികളുടെ കണക്ക് കാണിച്ചാണ് ഡിവിഷൻ രൂപവത്കരിക്കുന്നതെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.
മുൻവർഷങ്ങളിൽ സൂപ്പർ ചെക് സെൽ നടത്തിയ പരിശോധനയിൽ ഇത് കണ്ടെത്തുകയും വലിയ പിഴ വിധിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പഴുതടച്ച പ്രവർത്തനമാണ് നിലവിൽ നടക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലേക്ക് മാറിയ കുട്ടികളുടെ എണ്ണം രക്ഷിതാക്കൾ അറിയാതെ ചേർക്കുന്നതും അധികൃതർ അറിഞ്ഞു കൊണ്ട് നടക്കുന്ന പ്രവർത്തനമാണെന്ന് രക്ഷിതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.