ആദിവാസി വിദ്യാർഥികളെ സ്വകാര്യ സ്കൂളിലേക്ക് മാറ്റാൻ നീക്കം; ടി.സി ആവശ്യപ്പെട്ട് രക്ഷിതാക്കൾ
text_fieldsവെള്ളമുണ്ട: സർക്കാർ വിദ്യാലയത്തിലെ ആദിവാസി കുട്ടികളെ കൂട്ടത്തോടെ സ്വകാര്യ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള നീക്കത്തിൽ സർക്കാർ ഇടപെടലുണ്ടായതിനെ തുടർന്ന് ടി.സി വേണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ രംഗത്ത്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാരാമ്പറ്റ ഗവ. ഹൈസ്കൂളിലെ 35 പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികളെയാണ് ജില്ലക്ക് പുറത്തുള്ള സ്വകാര്യ സ്കൂളിലേക്ക് മാറ്റാൻ ടി.സി ആവശ്യപ്പെട്ടത്. വാളാരംകുന്ന്, കൊച്ചാറ കോളനികളിലെ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന വിവിധ വിദ്യാർഥികളെയാണ് കൊല്ലം പാരിപ്പള്ളിയിലെ ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റാൻ ടി.സിക്കായി അപേക്ഷ നൽകിയത്.
പരാതിയുമായി സ്കൂൾ അധികൃതരും നാട്ടുകാരും രംഗത്തെത്തിയതോടെ വിശദമായ അന്വേഷണത്തിന് വകുപ്പു മന്ത്രി ജില്ല കലക്ടർക്ക് നിർദേശം നൽകിയിരുന്നു. ജില്ലക്ക് പുറത്തുള്ള വിദ്യാലയത്തിലേക്ക് ആദിവാസി കുട്ടികളെ മാറ്റുന്നതിന് ജില്ല കലക്ടറുടെ അനുമതി വേണം.
മുമ്പും ജില്ലയിൽ സമാനനീക്കം നടന്നപ്പോൾ അന്നത്തെ ജില്ല കലക്ടർ പ്രത്യേക ഉത്തരവിറക്കി അത് തടയുകയായിരുന്നു. എന്നാൽ, പണക്കാരുടെ മക്കൾക്ക് മാത്രം നല്ല വിദ്യാലയത്തിൽ പഠിച്ചാൽ മതിയോ എന്നാണ് രക്ഷിതാക്കളുടെ ചോദ്യം. ആദിവാസി കുട്ടികളുടെ രക്ഷിതാക്കൾ ജില്ല കലക്ടറെ കണ്ട് കുട്ടികളെ മാറ്റുന്നതിന് അനുമതി തേടാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സംഭവം പുതിയ വഴിത്തിരിവിലേക്ക് നീങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.