‘വിദ്യാവാഹിനി’യിലെ അവ്യക്തത സ്കൂളിലെത്താതെ കുട്ടികൾ
text_fieldsവെള്ളമുണ്ട: അധ്യയന വർഷം തുടങ്ങി ഒന്നര മാസം പിന്നിടുമ്പോഴും ‘വിദ്യാവാഹിനി’യുടെ കാര്യത്തിൽ തീരുമാനമായില്ല. ഗോത്ര വർഗ വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ തുടങ്ങിയ പദ്ധതിയാണ് സ്കൂൾ തുറന്ന് ഒന്നരമാസം കഴിഞ്ഞിട്ടും അനിശ്ചിതത്വത്തിലായിരിക്കുന്നത്. വാഹന ഉടമകളിൽനിന്ന് ക്വട്ടേഷൻ വിളിച്ച് പദ്ധതി ട്രൈബൽ വകുപ്പ് ഏറ്റെടുത്തെങ്കിലും പദ്ധതിയിലെ ആശങ്കകൾ കാരണം ഇതുവരെ നടപ്പായിട്ടില്ല.
സർക്കാർ മാനദണ്ഡപ്രകാരം കിലോ മീറ്ററിന് 20 രൂപയാണ് വാഹനങ്ങൾക്ക് ലഭിക്കുക. ഈ തുകയേക്കാൾ ഉയർന്ന ക്വട്ടേഷനാണ് വാഹന ഉടമകളെല്ലാം നൽകിയത്. ഇതോടെ സർക്കാർ മാനദണ്ഡപ്രകാരം പദ്ധതി നടക്കില്ലെന്ന അവസ്ഥയുണ്ടായി. സർക്കാർ നിശ്ചയിച്ച നിരക്കിൽ ഓടാൻ കഴിയില്ലെന്ന് രേഖാമൂലം ഡ്രൈവർമാർ അറിയിച്ചതിനെ തുടർന്ന് എം.എൽ.എ, ഡി.ഡി.ഇ തുടങ്ങിയവർക്ക് പ്രധാനാധ്യാപകർ പരാതി നൽകിയിട്ടുണ്ട്.
പൊതു വിഭാഗത്തിലെ കുട്ടികൾ കൃത്യമായി സ്കൂളിൽ എത്തുന്നുണ്ടെങ്കിലും വാഹന സൗകര്യം ലഭിക്കാതായതോടെ ആദിവാസി വിദ്യാർഥികൾ കൂട്ടത്തോടെ പഠനം നിർത്തിയ അസ്ഥയിലാണ്. പണിയ വിഭാഗത്തിലെ കുട്ടികളാണ് വിദ്യാലയങ്ങളിലെത്താത്തത് . കൃത്യമായി നടന്ന ഗോത്ര സാരഥി പദ്ധതി ഈ വർഷം മുതൽ വിദ്യാവാഹിനി എന്ന പേര് നൽകി പരിഷ്കരിച്ച് ട്രൈബൽ വകുപ്പിനെ ഏൽപ്പിക്കുകയായിരുന്നു.
കുട്ടികൾ സ്കൂളിലെത്താതായതോടെ രക്ഷിതാക്കളും അധ്യാപകരും ആശങ്കയിലാണ്. ക്വട്ടേഷൻ അനുവദിച്ചതിലും വ്യാപക ക്രമക്കേടുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്. കിലോമീറ്റർ ചാർജ് ക്രമപ്പെടുത്തിയതോടെ കൂടുതൽ ക്രമക്കേട് കാണിച്ച് വലിയ തുക അനുവദിച്ചതായും ആരോപണമുണ്ട്.
ഇത്തരത്തിൽ വ്യാപക പരാതികൾ പലഭാഗങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട്. കോളനിയിൽ നിന്നും വിദ്യാലയത്തിലേക്കുള്ള ദൂരമാണ് ട്രൈബൽ വകുപ്പ് പരിഗണിച്ചത്. എന്നാൽ, ചിലയിടങ്ങളിൽ കിലോ മീറ്റർ കൂടുതൽ രേഖപ്പെടുത്തിയെന്ന് ആക്ഷേപമുണ്ട്. പുതുതായി ഇറക്കിയ സർക്കാർ മാനദണ്ഡ പ്രകാരം തൊട്ടടുത്ത വിദ്യാലയങ്ങളിലേക്ക് മാത്രമാണ് വിദ്യാ വാഹിനി അനുവദിക്കുക. എന്നാൽ, വിദ്യാലയങ്ങൾ മറികടന്ന് മറ്റ് വിദ്യാലയങ്ങളിലേക്ക് പോകുന്ന വണ്ടികളിൽ കുട്ടികളെ ഉൾപ്പെടുത്തുന്നതായും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.