ആദിവാസികൾക്കായി ഏറ്റെടുത്ത ഭൂമിയിലെ പഴയവീട് സാമൂഹികവിരുദ്ധരുടെ താവളം
text_fieldsവെള്ളമുണ്ട: ആദിവാസികൾക്കായി ഏറ്റെടുത്ത ഭൂമിയിലെ പഴയവീട്ടിൽ സാമൂഹികവിരുദ്ധർ താവളമാക്കുന്നു. പടിഞ്ഞാറത്തറ പഞ്ചായത്ത് പത്താം വാർഡിൽ 'ആശിക്കും ഭൂമി ആദിവാസിക്ക്' പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത ഭൂമിയിലെ പഴയ വീടാണ് നശിപ്പിച്ചത്.
സ്വകാര്യ വ്യക്തിയുടെ കൈയിൽനിന്ന് പട്ടികവർഗ വികസന വകുപ്പ്, 29 ആദിവാസി കുടുംബങ്ങൾക്ക് പതിച്ചുനൽകുന്നതിനായി ഏറ്റെടുത്ത ഭൂമിയിലെ കോൺക്രീറ്റ് വീടാണ് സാമൂഹികവിരുദ്ധരുടെ കേന്ദ്രമായത്. വീടിെൻറ ജനലും വാതിലുമടക്കം ഇളക്കിയെടുത്ത് കൊണ്ടുപോയതായും പരാതിയുണ്ട്.
ഓരോ കുടുംബത്തിനും 27 സെൻറ് സ്ഥലം വീതമാണ് നൽകിയത്.
വിവിധ പദ്ധതികളിലായി 14 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഒമ്പത് കുടുംബങ്ങൾ ഇവിടെ താമസം തുടങ്ങുകയും ചെയ്തു. പുതിയ വീടുപണി പുരോഗമിക്കുന്നതിനിടയിൽ പഴയ കോൺക്രീറ്റ് വീട് പൊളിച്ച് കടത്തുകയായിരുന്നെന്നാണ് ആക്ഷേപം.
ഇവിടെ സ്ഥിരമായി രാത്രി സമയത്ത് വാഹനങ്ങളുടെ ശബ്ദം കേൾക്കാമായിരുന്നുവെന്ന് സമീപവാസികളായ ചിലർ സാക്ഷ്യപ്പെടുത്തുന്നു. പതിനാറാം മൈൽ കുറുമ്പാല റോഡിൽ നിന്നും പടിഞ്ഞാറത്തറ ചേരിയംകൊല്ലി റോഡിൽ നിന്നും ഈ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ആറ് മീറ്റർ വീതിയിൽ ടാർ ചെയ്ത അപ്രോച്ച് റോഡുകളുണ്ട്.
വയനാട്ടിൽ മിക്ക ട്രൈബൽ ഓഫിസുകളും അനുബന്ധ സ്ഥാപനങ്ങളും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് വകുപ്പ് ഏറ്റെടുത്ത വീട് വാസയോഗ്യമല്ലാത്തതായി നശിച്ചത്.
ഭൂമി ഏറ്റെടുക്കുന്ന സമയത്ത് അതിൽ കെട്ടിടം ഉണ്ടെങ്കിൽ ഫിറ്റ്നസ് പരിശോധിച്ച് എന്തൊക്കെ ആവശ്യത്തിന് ഉപയോഗിക്കാൻ പറ്റും എന്ന ശിപാർശയും നിർദേശവും നൽകലും സംരക്ഷണം ഉറപ്പുവരുത്തലും അതത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്.
അതേസമയം, 29 കുടുംബങ്ങൾക്കായി ഭൂമി പതിച്ച് നൽകിയപ്പോൾ പഴയ വീട് നിലനിന്ന സ്ഥലം ലഭിച്ച കുടുംബം കാലപ്പഴക്കത്തിൽ തകർച്ച നേരിടുന്ന ഈ വീട്ടിൽ താമസിക്കാൻ തയാറായില്ലെന്നും നിയമപ്രകാരം ട്രൈബൽ വകുപ്പിന് വീട് ഏറ്റെടുക്കാനായില്ലെന്നും ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ പറഞ്ഞു.
ആദിവാസി വിശ്വാസ പ്രകാരം മറ്റുള്ളവർ പാർത്ത ഒരു വീട്ടിൽ അവർ താമസിക്കില്ല. ഭൂമി ഏറ്റെടുക്കുമ്പോൾ തന്നെ ഈ വീട് തകർച്ച നേരിടുന്നതായിരുന്നെന്നും ഈ കെട്ടിടം മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ പറ്റുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.