അവസാനിക്കുന്നില്ല; ‘ആരവം’ ഫുട്ബാൾ വിവാദങ്ങൾ
text_fieldsവെള്ളമുണ്ട: വയനാടിന്റെ ഫുട്ബാൾ ഉത്സവമായി മാറിയ ആരവം ഫുട്ബാളുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടുതൽ തലങ്ങളിലേക്ക്. ആരവം ഫുട്ബാൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും പരസ്പരം പഴിചാരുമ്പോൾ വരാനിരിക്കുന്ന നാലാം സീസണിന്റെ നാഥനാരാവുമെന്നതും ചർച്ചയാവുകയാണ്. ചാൻസലേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ വെള്ളമുണ്ടയുടെ ഉത്സവമായി വളർന്ന ആരവം ഫുട്ബാൾ നാലാം സീസണിലേക്ക് കടക്കുമ്പോൾ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമമാണ് പല കോണിൽ നിന്നുയരുന്നത്. പരിപാടിയെ സാമ്പത്തിക ലാഭത്തിനായി ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണ് ചിലർ നടത്തുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇടത് -വലത് മുന്നണിയിലെ ചില നേതാക്കളുടെ കൂട്ടുകെട്ടിൽ ക്ലബിനെ പ്രതിസന്ധിയിലാക്കുന്ന പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് ആരോപണമുണ്ട്. കഴിഞ്ഞ പരിപാടിയുടെ മിനിറ്റ്സും ബാങ്ക് രേഖകളും അടക്കമുള്ളവ തിരിച്ചേൽപിക്കാൻ ക്ലബ് ഭാരവാഹികൾ ആവശ്യപ്പെട്ടെങ്കിലും നൽകാൻ സംഘാടക സമിതി തയാറായില്ലെന്നാണ് വിവരം. തുടർന്ന് നാലാം ആരവത്തിനെ കുറിച്ച് ആലോചിക്കുന്നതിനായി ഒക്ടോബർ 31ന് വിളിച്ച സ്വാഗതസംഘം യോഗം മാറ്റി വെക്കുകയായിരുന്നു.
2019 ലാണ് ആരവം എന്ന പേരിൽ ഫുട്ബാൾ ടൂർണമെന്റിന് തുടക്കം കുറിച്ചത്. മൂന്നാം സീസൺ നടക്കുന്നതിനിടയിൽ ആരവത്തിന്റെ സ്വാഗതസംഘം കമ്മിറ്റി ക്ലബ് അംഗങ്ങളെ പങ്കെടുപ്പിക്കാതെ ആരവം എന്ന പേരിൽ സ്പോർട്സ് അക്കാദമി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയത് ക്ലബ് അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസത്തിന് കാരണമായിരുന്നു. എസ്.എഫ്.എയിലും സ്ഥാനം ഉറപ്പിച്ചവർ ക്ലബിനെ പുറത്താക്കാനുള്ള നീക്കമാണ് നടന്നതെന്ന് ഒരു വിഭാഗം അംഗങ്ങൾ പറയുന്നു.
വിവാദം തുടരുന്നതിനിടയിൽ നാലാം ആരവത്തിനുള്ള ഒരുക്കങ്ങൾ നടത്തിയതിലുള്ള അഭിപ്രായവ്യത്യാസം ക്ലബ് ഭാരവാഹികൾ ഉയർത്തിയിട്ടുണ്ട്. നാലാം ആരവം ജനകീയ പങ്കാളിത്തത്തോടെ ക്ലബ് സ്വന്തമായി നടത്താനാണ് നീക്കം. ഇതിനെതിരെ മറുവശത്തുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. രണ്ടാം ആരവത്തിന് ശേഷവും വിവാദം ഉയർന്നിരുന്നു. ഇടത് -വലത് മുന്നണികൾ അന്ന് എട്ടേനാൽ ടൗണിൽ പൊതുയോഗം വിളിച്ച് പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്തിയിരുന്നു. എന്നാൽ, പരസ്പരം കലഹിച്ചവർ മൂന്നാം ആരവത്തിൽ ഒന്നിക്കുകയായിരുന്നു. നേതാക്കൾ ഒരുമിച്ചെങ്കിലും വിവാദം തീർന്നിട്ടില്ല.
മൂന്നാം ആരവം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകുമ്പോഴും കണക്കിന്റെ പേരിലുള്ള വിവാദം അവസാനിച്ചിട്ടില്ല. ക്രമക്കേട് ആരോപണം പരിഹരിക്കാതെ ഇവരെ വീണ്ടും പരിപാടി ഏൽപിക്കുന്നതിൽ ക്ലബ് അംഗങ്ങളിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. സംഘാടക സമിതിയിലെ പ്രധാന ഭാരവാഹികളായ ഇടത് നേതാക്കൾക്കെതിരെ വ്യാപകമായ പ്രതിഷേധം ബ്രാഞ്ച് -ലോക്കൽ സമ്മേളനങ്ങളിലും ഉയർന്നതായാണ് അറിവ്. മുസ് ലിം ലീഗിനകത്തും പ്രതിഷേധം ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് നേതാക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഇരുമുന്നണികൾക്കും തലവേദനയായിട്ടുണ്ട്. കഴിഞ്ഞ പരിപാടിയിൽ പ്രധാന ഭാരവാഹിത്വങ്ങൾ ക്ലബിന് ഇല്ലാതിരുന്നത് തിരിച്ചടിയായെന്നും മൂന്നാം ആരവത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് ക്ലബിന്റെ നേതൃത്വത്തിൽ നാലാം ആരവം നടത്തുമെന്നും ക്ലബ് ഭാരവാഹികൾ മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.