ഇടത്തുമല്ല, വലത്തുമല്ലെന്ന് ഇ.എം.എസ് പറഞ്ഞ എ.എസ്. നാരായണപിള്ള വിടവാങ്ങി
text_fieldsവെള്ളമുണ്ട: ജില്ലയിലെ അവസാന സ്വാതന്ത്ര്യ സമര സേനാനിക്ക് നാടിെൻറ യാത്രാമൊഴി. ജീവിതകാലം മുഴുവൻ വിപ്ലവ വഴിയിലൂടെ സഞ്ചരിച്ച മക്കിയാട് ആയിക്കുന്നേല്‍ എ.എസ്. നാരായണപിള്ള (97) ഇനി ജ്വലിക്കുന്ന ഓർമ. ഇടുക്കി സ്വദേശിയായ നാരായണപിള്ള 1972ലാണ് ചുരം കയറി വയനാട്ടിലെത്തുന്നത്.
തൊണ്ടർനാട് പഞ്ചായത്തിലെ മക്കിയാട് താമസമാരംഭിച്ച ശേഷം ജില്ലയിലെ പല രംഗത്തും നിറസ്സാന്നിധ്യമായിരുന്നു. നക്സൽ വർഗീസിനൊപ്പം വിപ്ലവം തീർത്ത ചരിത്രവും ഇദ്ദേഹത്തിന് സ്വന്തം. നിരവധി തവണ അറസ്റ്റ് വരിച്ചിട്ടുണ്ട്. ഒരു കാലത്ത് ഇ.എം.എസിനോടക്കം കലഹിച്ച വ്യക്തിയായിരുന്നു. നിങ്ങൾ ഇടത്തുമല്ല വലത്തുമല്ല എന്ന ഇ.എം.എസിെൻറ പ്രസ്താവനയും കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു.
സ്വാതന്ത്ര്യ സമരകാലത്തെ വിപ്ലവ കോൺഗ്രസാണ് പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനമായതെന്നായിരുന്നു അദ്ദേഹത്തിെൻറ നിരീക്ഷണം. വിപ്ലവമില്ലാത്ത കോൺഗ്രസ് വിട്ടതും അതുകൊണ്ടാണെന്ന് ചരിത്രം.
സര് സി.പി കൊണ്ടുവന്ന ഒന്നാം റെഗുലേഷനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തില്‍ വിദ്യാര്‍ഥിയായിരിക്കെ പങ്കെടുത്തായിരുന്നു സ്വാതന്ത്ര്യസമരങ്ങളില്‍ തുടക്കമിട്ടത്. തേര്‍ഡ് ഫോം പാസായ ശേഷം ഗാന്ധിജിക്ക് ഏറെ ഇഷ്ടപ്പെട്ട മദ്യവര്‍ജന സമിതിയിലൂടെ സജീവമായി സമരരംഗത്ത് നിലകൊണ്ടു. 1942ല്‍ ക്വിറ്റിന്ത്യ പ്രഖ്യാപനമുണ്ടായതോടെ ദേശവ്യാപക പ്രക്ഷോഭത്തിെൻറ ഭാഗമായി നാരായണപിള്ള ഉള്‍പ്പെടെ യുവാക്കള്‍ ശക്തമായി രംഗത്തുവന്നു.
ബ്രിട്ടീഷ് പട്ടാളം പ്രക്ഷേഭകാരികളെ ജയിലിലടക്കാന്‍ തുടങ്ങിയതോടെ ഹൈകമാൻഡ് നിർദേശപ്രകാരം ഒളിവിൽപോയി. 1946ല്‍ കോണ്‍ഗ്രസിെൻറ പ്രവര്‍ത്തനശൈലിയില്‍ മനം മടുത്ത് സി.പി.ഐയില്‍ ചേര്‍ന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചപ്പോഴും നിരന്തരം ഒളിവില്‍ കഴിഞ്ഞ് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചു. 195 ല്‍ തൊടുപുഴ കാഞ്ഞാര്ലോക്കല് കമ്മിറ്റി സെക്രട്ടറിയായിരുന്നു.
1964ല്‍ സി.പി.എമ്മിലേക്ക് മാറിയ നാരായണപിള്ള ആലക്കോട് എസ്റ്റേറ്റില്‍ കോണ്ഗ്രസുകാര്ക്കിടയില് സി.ഐ.ടി.യു കെട്ടിപ്പടുക്കുന്നതിൽ നിര്‍ണായക പങ്കുവഹിച്ചു. 1972 മുതല്‍ സി.പി.ഐ (എം.എല്‍) റെഡ് ഫ്ലാഗിലും രാമചന്ദ്രന് വിഭാഗത്തിലും പിന്നീട് റെഡ്സ്റ്റാര്‍ വിഭാഗത്തിലും പ്രവര്‍ത്തിച്ചു.ക്വിറ്റിന്ത്യ വാര്‍ഷികത്തില്‍ 2012ലും 2016ലും 2017ലും ഡല്‍ഹിയില്‍ രാഷട്രപതിഭവനില് വെച്ച് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രത്യേകം ആദരിച്ചിട്ടുണ്ട്.
അനീതിക്കും നിയമലംഘനത്തിനുമെതിരെ ശക്തമായ സമരവഴി തീർത്തതായിരുന്നു ജീവിതം. നക്സൽ പ്രസ്ഥാനത്തോടുള്ള അടുപ്പം നിയമപാലകരുടെ അപ്രീതിക്കിടയാക്കിയിരുന്നെങ്കിലും അവസാന ശ്വാസം വരെ വിപ്ലവബോധം കാത്തുസൂക്ഷിച്ചിരുന്നു. തികഞ്ഞ മതേതരവാദിയായ നാരായണപിള്ളയുടെ മക്കളുടെ പേര് പോലും ആ സൗഹാർദം സൂക്ഷിക്കുന്നതാണ്. മൃതദേഹം ഒദ്യോഗിക ബഹുമതികളോടെ മക്കിയാട് വീട്ടുവളപ്പില്‍ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.