ബാണാസുര മല: ഒരുവശത്ത് ആദിവാസികളെ കുടിയൊഴിപ്പിക്കൽ; മറുവശത്ത് അനധികൃത നിർമാണം
text_fieldsവെള്ളമുണ്ട: ബാണാസുര മലയിൽ ഒരുവശത്ത് പ്രകൃതിദുരന്തങ്ങൾക്കിരയാകാതിരിക്കാൻ ആദിവാസികളെ കുടിയൊഴിപ്പിക്കുമ്പോൾ മറുവശത്ത് പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ അനധികൃത നിർമാണം തകൃതി. വെള്ളമുണ്ട വില്ലേജ് പരിധിയിലെ വാളാരംകുന്ന് നാരോക്കടവ്, പുളിഞ്ഞാൽ, മംഗലശ്ശേരി മലയടിവാരങ്ങളിലാണ് റിസോർട്ടുകൾക്കായി വ്യാപകതോതിൽ മരംമുറിയും കുന്നിടിക്കലും മാസങ്ങളായി നടക്കുന്നത്. റിസോർട്ടിന് അനുമതി ലഭിക്കുന്നതിന് മുമ്പുതന്നെ നിർമാണം ആരംഭിച്ചതായി പ്രദേശവാസികൾ നൽകിയ പരാതികൾ നിരവധിയുണ്ടെങ്കിലും നടപടിയുണ്ടാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ബാണാസുര മലനിരയോട് ചേർന്ന് പരിസ്ഥിതിദുർബല പ്രദേശമായ 622/1 A സർവേ നമ്പർ ഭൂമിയിലാണ് അനധികൃത മണ്ണിടിക്കലും റോഡ് നിർമാണവും. കൃഷിയാവശ്യത്തിന് പട്ടയം അനുവദിച്ച ഭൂമിയാണ് ചെറിയ വിലയ്ക്ക് കൈക്കലാക്കി തരംമാറ്റുന്നത്. ഇവിടെ സർക്കാർ ഭൂമി കൈയേറിയതായ പരാതിയിൽ അന്വേഷണം നടക്കവേയാണ് പരിസ്ഥിതിക്ക് ആഘാതമേൽപിച്ച് പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ നീക്കം. ബാണാസുര മലനിരകളോട് ചേർന്ന തോട്ടങ്ങളെല്ലാം പ്രദേശവാസികളിൽനിന്ന് ഭൂമാഫിയ കൈവശപ്പെടുത്തിക്കഴിഞ്ഞു. പ്രളയകാലത്ത് പത്തോളം ഉരുൾപൊട്ടലും നാൽപതോളം മണ്ണിടിച്ചിലും ബാണാസുര മലയടിവാരത്തിൽ ഉണ്ടായതായി റവന്യൂ അധികൃതർതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
നാരോക്കടവ് പ്രദേശത്ത് പുതുതായി നിർമാണം ആരംഭിച്ച റിസോർട്ട് ഭൂമിയിൽ അനധികൃതമായി നിർമിച്ച ചെക്ഡാം ഉരുൾപൊട്ടലിൽ തകർന്ന് ഏക്കർകണക്കിന് ഭൂമി ഒലിച്ചുപോയിരുന്നു. മംഗലശ്ശേരി മലയിലെ റിസോർട്ട് ഭൂമിയോട് ചേർന്നും സമീപ പ്രദേശത്തും മണ്ണിടിച്ചിലും ഭൂമി വിണ്ടുകീറലുമുണ്ടായി. പൂരിഞ്ഞി ഭാഗത്തെ നിർമാണം പുരോഗമിക്കുന്ന റിസോർട്ടിന് താഴെ മക്കിമലക്ക് സമാനമായ വിള്ളലും ഉരുൾപൊട്ടലും ഉണ്ടായതായി ബാണാസുര പ്രകൃതിസംരക്ഷണ സമിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മലമുകളിലെ ആദിവാസി ഭൂമിയിലും വ്യാപകമായി ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള വകുപ്പുതല അന്വേഷണം പൂർത്തിയായതോടെ ഈ പ്രദേശങ്ങളിലെ ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചുതുടങ്ങി. എന്നാൽ, ഈ റിപ്പോർട്ട് റിസോർട്ടുകൾക്ക് ബാധകമാവുന്നില്ല.
മുകളിൽനിന്ന് ഇടിച്ചുനിരത്തുന്ന മണ്ണ് കുത്തനെ താഴേക്ക് തള്ളുന്നത് നീർച്ചാലുകൾ അടയാൻ കാരണമാവുകയും കൃഷിക്ക് ഭീഷണിയാവുകയും ചെയ്യുന്നു. വൻമരങ്ങളടക്കം പലസമയത്തായി മുറിച്ചുമാറ്റി കുന്നുകൾ ഇടിച്ചുനിരത്തുന്നത് ഭാവിയിൽ സോയിൽ പൈപ്പിങ്ങിനും ഇടയാക്കും.
നിലവിൽ തുടരുന്ന ഉരുൾപൊട്ടലും ഇതിെൻറ ഭാഗമാണെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു. വീടുനിർമാണത്തിന് പഞ്ചായത്തിൽനിന്ന് അനുമതിവാങ്ങി അതിെൻറ മറവിലാണ് പിന്നീട് വൻകിട റിസോർട്ടുകൾ പണിയുന്നതെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഒരന്വേഷണവും ഉണ്ടാവുന്നില്ലെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.