പിടികൊടുക്കാതെ കരടി
text_fieldsവെള്ളമുണ്ട: കഴിഞ്ഞ ദിവസം മാനന്തവാടി വള്ളിയൂർക്കാവ് ഭാഗത്തും പിന്നീട് തോണിച്ചാൽ പ്രദേശങ്ങളിലും ജനവാസ മേഖലകളിൽ ഭീതി വിതച്ച കരടിയുടെ ഊരുചുറ്റൽ തിങ്കളാഴ്ച രാത്രിയോടെ വെള്ളമുണ്ടയുടെ വിവിധ ഭാഗങ്ങളിലായി.
തിങ്കളാഴ്ച രാത്രി 11ന് പീച്ചങ്കോട് ക്വാറി റോഡിലെ രാജീവന്റെ വീടിന്റെ അടുക്കളയിൽ കടന്ന കരടി വെളിച്ചെണ്ണക്കുപ്പിയുമായി പുറത്തേക്ക് പോയി. കല്ലിനു മുകളിൽ പ്ലാസ്റ്റിക് കുപ്പി അടിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ചെന്നുനോക്കിയപ്പോൾ കട്ടപിടിച്ച വെളിച്ചെണ്ണ പുറത്തെടുക്കാനായി കുപ്പി പൊട്ടിക്കാൻ ശ്രമിക്കുന്ന കരടിയെയാണ് കണ്ടത്.
വീട്ടുകാർ ഭയന്ന് ബഹളംവെച്ചതോടെ കുപ്പി ഉപേക്ഷിച്ച് കരടി ഓടിപ്പോവുകയായിരുന്നു. പീച്ചങ്കോട് ഗവ. എൽ.പി സ്കൂളിന്റെ പാചകപ്പുരയുടെ സ്റ്റോർ റൂമിന്റെ ജനൽ തകർത്തു. കൊമ്മയാട് സെൻറ് സെബാസ്റ്റ്യൻസ് പള്ളിയുടെ അടുക്കളവാതിൽ തകർത്ത് വെളിച്ചെണ്ണയും പഞ്ചസാരയും തിന്നുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ കുന്നുമ്മലങ്ങാടിയിലെ തേനംപറ്റ പുതിയ വീട് തങ്കമ്മയുടെ പറമ്പിലാണ് പിന്നീട് നാട്ടുകാർ കരടിയെ കണ്ടത്.
വീട്ടുകാർ വിവരമറിയിച്ച് സ്ഥലത്തെത്തിയ വനംവകുപ്പ് തിരച്ചിൽ ആരംഭിക്കുകയും തോട്ടത്തിൽ കരടിയെ കണ്ടെത്തുകയും ചെയ്തു. ബഹളം കേട്ട് കരടി അവിടെനിന്ന് ഓടിരക്ഷപ്പെട്ടു. പിന്നീട് കരിങ്ങാരി ഭാഗത്ത് കരടിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. അവിടെനിന്ന് ചെമ്പോത്ത് മറവിൽ കരടി എത്തുകയും കുറിച്യ കോളനിയിലെ നായ് ഓടിച്ചതിനാൽ പാലയാണ ചെമ്പാംകുനിയിലെ തുരുത്ത് ഭാഗത്ത് കാട്ടിൽ കയറി മറയുകയുമായിരുന്നു.
പാടത്തുകൂടി കരടി ഓടുന്നതു കണ്ടുവെന്നു നാട്ടുകാര്‍ അറിയിച്ചതിനുസരിച്ചാണ് വനസേന എത്തിയത്. പാലിയാണയില്‍ കരടി പാടം മുറിച്ചുകടക്കുന്ന ദൃശ്യം പ്രദേശവാസി പകര്‍ത്തിയത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സുൽത്താൻ ബത്തേരി, കൽപറ്റ ഭാഗങ്ങളിൽനിന്ന് എത്തിയ 35ഓളം ആർ.ആർ.ടി അംഗങ്ങൾ തുരുത്ത് വളഞ്ഞു തിരച്ചിൽ തുടങ്ങി.
കരടിയെ മയക്കുവെടി വെക്കാനായി ശ്രമിച്ചെങ്കിലും കാണാനെത്തിയവരുടെ ബഹളം കാരണം കരടി മറ്റൊരു ഭാഗത്തേക്ക് നീങ്ങിയതോടെ ദൗത്യം വിജയിച്ചില്ല. നേരം ഇരുട്ടിയതോടെ ചൊവ്വാഴ്ചത്തെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.
നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ, സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന, റേഞ്ച് ഫോറസ്റ്റ് ഫോറസ്റ്റ് ഓഫിസർമാരായ രമ്യ രാഘവൻ, കെ. രാകേഷ്, കെ. ഹാഷിഫ്, ബി.വി. രാജഗോപാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് കരടിക്കായി തിരച്ചിൽ നടത്തിയത്. വെള്ളമുണ്ട സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. രാജീവ് കുമാർ, തൊണ്ടർനാട്, വെള്ളമുണ്ട എസ്.ഐമാരായ എൻ. അജീഷ്കുമാർ, എം.കെ. സാദിർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.