ബൈക്ക് മോഷ്ടാക്കള്‍ പിടിയിൽ
text_fieldsവെള്ളമുണ്ട: ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ചുവില്‍പന നടത്തുന്ന സംഘത്തെ വെള്ളമുണ്ട പൊലീസ് പിടികൂടി. ഈ മാസം 10ന് തരുവണയില്‍നിന്ന് കളവുപോയ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ബൈക്ക് മോഷ്ടാക്കളെക്കുറിച്ച് സമീപത്തെ സി.സി.ടി.വി കാമറയില്‍നിന്ന് സൂചന ലഭിച്ചിരുന്നു.
ഇതുപ്രകാരം നടത്തിയ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം മൂന്നുപേരെയാണ് വെള്ളമുണ്ട എസ്.ഐ ഷറഫുദ്ദീനും സംഘവും പിടികൂടിയത്. പേരാമ്പ്ര സ്വദേശികളായ അല്‍ഫര്‍ദാന്‍ (18), വിനയന്‍ (48) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെയുമാണ് പിടി കൂടിയത്. കുട്ടികള്‍ മോഷ്ടിക്കുന്ന ബൈക്കുകള്‍ വിനയന് കൈമാറി പൊളിച്ചുവില്‍ക്കുകയാണ് പതിവ്. വയനാട്ടിലും അയല്‍ ജില്ലകളിലുമായി പതിനഞ്ചോളം ബൈക്കുകള്‍ സംഘം കവര്‍ന്നതായാണ് സൂചന.
തരുവണ സ്വദേശി ആദര്‍ശിന്റെ മോഷ്ടിക്കപ്പെട്ട ബൈക്ക് ഇവരില്‍നിന്ന് കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും അല്‍ഫര്‍ദാനുമാണ് തരുവണയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അബ്ദുല്‍ അസീസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ. കുഞ്ഞബ്ദുല്ല, അബ്ദുല്‍റഹീം, വി.കെ. വിപിന്‍, മനു അഗസ്റ്റിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.