മുപ്പതിന്റെ മൊഞ്ചിൽ ചാൻസിലേഴ്സ് ക്ലബ്
text_fieldsവെള്ളമുണ്ട: ജില്ല-സംസ്ഥാന കലാ-കായികവേദികളിൽ വെള്ളമുണ്ടയെ അടയാളപ്പെടുത്തിയ ചാൻസിലേഴ്സ് ക്ലബിന് 30ന്റെ തിളക്കം. ഒരു നാട് മുഴുവൻ അഭിമാനത്തോടെ പറയുന്ന പേരാണ് ചാൻസിലേഴ്സ്. 1996ൽ രേഖപരമായും അതിനു മുമ്പ് അല്ലാതെയും പ്രവർത്തിച്ച കൂട്ടായ്മ ഇന്ന് സെവൻസ് ഫുട്ബാളിന്റെ ആവേശത്തിലാണ്. വെള്ളമുണ്ടയുടെ സെവൻസ് മാമാങ്കത്തിന് മൂന്നു പതിറ്റാണ്ടിലധികം പഴക്കമുണ്ട്. എല്ലാം നാടിന്റെ ആഘോഷമായിരുന്നു. പഴയ ഓർമകൾ സ്വരുകൂട്ടി ഇതു വരെ ക്ലബിനെ നയിച്ചവരെയും അംഗങ്ങളെയും വിളിച്ചു ചേർക്കാൻ പുതിയ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
കാൽപന്തുപോരാട്ടങ്ങൾ മാത്രമായിരുന്നില്ല നാടിളക്കി മറിച്ച നിരവധി കലാസാംസ്കാരിക വേദികളും സമർപ്പിക്കാൻ ക്ലബിന് കഴിഞ്ഞു. ജില്ലയിലെ തന്നെ പ്രമുഖ കബഡി ടീമും ക്ലബിന് സ്വന്തമായിരുന്നു. 1990 കാല ഘട്ടത്തിൽ ആലപ്പുഴയിൽ നടന്നസംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച ഏക ടീമും ചാൻസിലേഴ്സിന്റേതായിരുന്നു. ആലാൻ സത്താർ, ചന്ദ്രബാനു, ഷാജി പയ്യോളി, അനിൽകുമാർ, സന്തോഷ് തുടങ്ങിയവരായിരുന്നു കബഡി ടീം. 1986-90 കാലഘട്ടത്തിലാണ് ആലാൻ സത്താർ, സൈദ് അബ്ദുറഹ്മാൻ, ഐ.കെ. നസീർ, അലുവ മൊയ്തുട്ടി എന്നിവർ ഇരുന്നാണ് ക്ലബിനെ കുറിച്ചുള്ള പ്രാരംഭ ചർച്ചകൾ തുടങ്ങുന്നത്.
ക്ലബിന് ചാൻസിലേഴ്സ് എന്ന് പേരിടുന്നത് സൈദ് അബ്ദു റഹ്മാനായിരുന്നു. അതേ കാലഘട്ടത്തിലാണ് റൂറൽ സ്പോർട്സ് സെന്റർ എന്ന കേശവൻ മാഷുടെ ഒരു പദ്ധതിയും വെള്ളമുണ്ടയിൽ പ്രവർത്തനം തുടങ്ങുന്നത്. പദ്ധതിയിൽ സ്പോർട്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആർട്സ് കൂടെ ഉണ്ടാവണമെന്ന നാടിന്റെ ആഗ്രഹമാണ് ചാൻസിലേഴ്സിന്റെ രൂപവത്കരണത്തിലേക്ക് നയിച്ചത്. വെള്ളമുണ്ടയുടെ ശബ്ദമായി മാറിയിട്ടും സ്വന്തമായൊരു സ്ഥലമോ കെട്ടിടമോ ക്ലബിന് ഉണ്ടായിട്ടില്ല. രാഷ്ട്രീയ വടം വലിക്കപ്പുറത്ത് ആ കൂട്ടായ്മക്ക് സ്വന്തമായൊരു അഡ്രസ് വേണം എന്നത് പ്രവർത്തകരുടെ ആഗ്രഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.