ബാണാസുര മലയിൽ നീർച്ചാൽ നികത്തിയതായി പരാതി; നിർമാണ പ്രവൃത്തിക്ക് സ്റ്റോപ് മെമ്മോ
text_fieldsവെള്ളമുണ്ട: അതീവ പരിസ്ഥിതി ലോല പ്രദേശമായ ബാണാസുര മലനിരയിൽ നീർച്ചാൽ നികത്തിയതായി പരാതി. ബാണാസുരമലയിലെ പെരുങ്കുളം വനഭൂമിയോട് ചേർന്നാണ് വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് വ്യാപകമായി മണ്ണിടിച്ച് നിർമാണപ്രവൃത്തികൾ നടത്തുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നത്.
നിർമാണ പ്രവൃത്തികൾക്കായി എടുത്ത മണ്ണ് നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനും മറ്റ് ആവശ്യത്തിനുമായി ഉപയോഗിക്കുന്ന നീരുറവയായ കല്ലാംതോട്ടിലാണ് തള്ളിയത്. നീർച്ചാൽ നികത്തി നടത്തുന്ന പ്രവൃത്തികൾ വിവാദമായതോടെ വെള്ളമുണ്ട വില്ലേജ് അധികൃതർ സ്റ്റോപ് മെമ്മോ നൽകി പ്രവൃത്തി തടഞ്ഞു.
തോട് ഭാഗികമായി മൂടിയ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. കുറച്ചു ദിവസമായി തോട്ടിലെ വെള്ളം കലങ്ങിയത് ശ്രദ്ധയിൽപെട്ട നാട്ടുകാർ മുകൾഭാഗത്ത് പോയി പരിശോധന നടത്തിയപ്പോഴാണ് ആയിരക്കണക്കിന് ലോഡ് മണ്ണ് കൂട്ടിയിട്ട അവസ്ഥ കണ്ടത്.
പഞ്ചായത്തോ വില്ലേജ് അധികൃതരോ ഈ സംഭവം അറിഞ്ഞിട്ടില്ലയെന്നത് ദുരൂഹത ഉയർത്തുന്നതായി നാട്ടുകാർ പറയുന്നു. സ്വാഭാവിക ജലസ്രോതസ്സുകൾ മണ്ണിട്ട് മൂടാനോ വഴിതിരിച്ചുവിടാനോ പാടില്ല എന്ന് ശക്തമായ നിയമം നിലനിൽക്കെയാണ് നിർമാണപ്രവർത്തനമെന്ന് നാട്ടുകാർ ആരോപിച്ചു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വെള്ളം പൂർണമായും കലങ്ങുകയും ഒഴുക്ക് കുറയുകയും ചെയ്തതോടെ നീർച്ചാലിനെ ആശ്രയിക്കുന്ന പ്രദേശവാസികൾ ദുരിതത്തിലാണ്. അതീവ പരിസ്ഥിതി ദുർബല പ്രദേശമായ 616ലാണ് നീർച്ചാൽ നികത്തി കുളം നിർമിക്കുന്നത്.
നിയമപ്രകാരം അനുമതി ലഭിച്ചാൽ മാത്രമെ ഈ ഭൂമിയിൽ നിർമാണപ്രവൃത്തി നടത്താൻ പാടുള്ളൂ. ഇത് ലംഘിച്ച് നീർച്ചാൽ നികത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രദേശത്തെ ഭൂമിയിൽ ഊദ് കൃഷി തുടങ്ങാനാണ് കുളം നിർമിച്ചതെന്നാണ് സ്ഥലമുടമകൾ പറയുന്നത്.
പുതിയ ക്വാറി തുടങ്ങുന്നതിന്റെ ഭാഗമായാണ് അനധികൃത നിർമാണ പ്രവൃത്തികൾ നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വനത്തോടുചേർന്ന് അതിരു പങ്കിടുന്ന ഭൂമിയിലാണ് ക്വാറി തുറക്കാൻ തിരക്കിട്ടനീക്കം നടത്തുന്നത്. വെള്ളമുണ്ടയിൽ ഭരണത്തിൽ സ്വാധീനമുള്ള ചിലരാണ് ക്വാറിക്ക് പിന്നിലെന്ന് നാട്ടുകാർ പറയുന്നു.
പെരുങ്കുളം പ്രദേശത്ത് 54 ഏക്കർ ഭൂമിയിൽ 20 ഏക്കർ വനം വകുപ്പ് മുമ്പ് കണ്ടുകെട്ടിയ ഭൂമിയാണ്. ഇതിന്റെ അതിരിൽ 40 ഏക്കർ ഭൂമിയാണ് നേതാക്കൾ ഉൾപ്പെട്ട സ്വകാര്യ വ്യക്തികളുടെ കമ്പനി വാങ്ങിയത്. ഇവിടേക്ക് എത്താൻ ജണ്ടയുള്ള സ്ഥലം കൂടി ഉൾപ്പെടുന്നതായി പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ജണ്ടയുള്ള ഭൂമി തരംമാറ്റാനുള്ള നീക്കം നടത്തുന്നതായും പരാതിയുണ്ട്. ജന്മം പട്ടയമുള്ള ഭൂമികളിൽ ഖനനം നടത്താം എന്ന സർക്കാർ ഉത്തരവിന്റെ മറവിലാണ് പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന ബാണാസുരമലയിൽ ഒന്നിലധികം ക്വാറികൾ തുടങ്ങാൻ നീക്കം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.