വാഗ്ദാനം മറന്ന് ജനപ്രതിനിധികൾ; വികസന മുരടിപ്പിൽ എട്ടേനാൽ ടൗൺ
text_fieldsവെളളമുണ്ട: പഞ്ചായത്ത് തെരഞ്ഞെടുപ്പു സമയത്തടക്കം രാഷ്ട്രീയ കക്ഷികൾ നൽകുന്ന പ്രധാന വാഗ് ദാനങ്ങൾ ജലരേഖയാകുമ്പോൾ എട്ടേനാൽ ടൗൺ വികസന മുരടിപ്പിൽ തുടരുന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ ടൗണിനാണ് ദുർഗതി.
കയറി നിൽക്കാൻ ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്ത എട്ടേ നാൽ ടൗണിൽ വിദ്യാർഥികളടക്കമുളള യാത്രക്കാർ കനത്ത മഴയിലും വെയിലിലും റോഡിലാണ് ബസ് കാത്തു നിൽക്കുന്നത്.
പുതിയ ഭരണസമിതി വന്നിട്ടും ഇതിനൊന്നും മാറ്റമില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് മൊതക്കര റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചതോടെ യാത്രക്കാർ പെരുവഴിയിലായി. പുതിയ ബസ് സ്റ്റാൻഡ് ഉടൻ നിർമിക്കുമെന്ന് പറഞ്ഞാണ് ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചതെങ്കിലും പിന്നീട് അധികൃതർ അക്കാര്യം മറന്നു.
വെള്ളമുണ്ട എ.യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, പാരലൽ കോളജുകൾ, സർക്കാർ ഓഫിസുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലേക്കായി ദിനംപ്രതി രണ്ടായിരത്തിലധികം യാത്രക്കാർ വന്നിറങ്ങുന്ന ടൗണാണിത്. ടൗണിലെ കടവരാന്തകളിൽ കയറി നിൽക്കാൻ കഴിയാത്തതിനാൽ റോഡിൽ തന്നെയാണ് യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത്. ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും ഇതിടയാക്കുന്നു. പത്തു വർഷത്തിലധികമായി ബസ് കാത്തിരിപ്പു കേന്ദ്രത്തിന് വേണ്ടിയുള്ള മുറവിളി ഉയരുന്നുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടായില്ല.
ടൗണിനോട് ചേർന്ന് സൗജന്യമായി ലഭിച്ച സ്ഥലത്ത് പഞ്ചായത്ത് ഓഫിസും നിലവിലെ പഞ്ചായത്ത് കെട്ടിടം പൊളിച്ച് ബസ് സ്റ്റാൻഡും നിർമിക്കുന്നതിന് കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാൽ, യു.ഡി.എഫിലെ തർക്കം കാരണം പദ്ധതി നടപ്പായില്ല. തെരഞ്ഞെടുപ്പു സമയത്ത് ഇടതുപക്ഷം പ്രധാന വിഷയമായി ഇത് ഉന്നയിച്ച് ഭരണത്തിലേറുകയും ചെയ്തു.
എന്നാൽ, പഞ്ചായത്ത് ഓഫിസ് കെട്ടിടം പണി ആരംഭിച്ചെങ്കിലും ബസ് സ്റ്റാൻഡ് പദ്ധതി ഫയലിലുറങ്ങുകയാണ്. നിലവിലെ പഞ്ചായത്ത് കെട്ടിടം പൊളിക്കുന്നതിലെ നിയമ തടസ്സമാണ് പ്രതിസന്ധി എന്നാണ് പറയുന്നത്. എന്നാൽ, മറ്റ് പഞ്ചായത്തുകളിൽ വികസനത്തിന് ഈ തടസ്സം ഇല്ലാത്തത് എന്തുകൊണ്ട് എന്ന ചോദ്യമാണുയരുന്നത്. പുതുതായി നിർമിക്കുന്ന ഓഫിസ് കെട്ടിടത്തിലേക്കുള്ള റോഡ് ഇടിഞ്ഞത് നിർമാണ പ്രവൃത്തിക്ക് തടസ്സമായി.
താത്കാലിക ബസ് കാത്തിരിപ്പു കേന്ദ്രം പഞ്ചായത്ത് ഓഫിസിനു മുന്നിൽ ഏർപ്പെടുത്തിയെങ്കിലും ആ ചെറിയ വരാന്തയിൽ ഉൾകൊള്ളാവുന്നതിലും അപ്പുറമാണ് യാത്രക്കാരുടെ ബാഹുല്യം. പഞ്ചായത്ത് ഓഫിസിന്റെ മൂക്കിനു താഴെയാണ് അപകട നിലയിൽ റോഡിൽ ആളുകൾ ബസ് കാത്തുനിൽക്കുന്നത്.
ടൗണിൽ വന്നിറങ്ങുന്ന സ്ത്രീകൾക്ക് പ്രാഥമികാവശ്യത്തിനുള്ള സൗകര്യവുമില്ല. ഉള്ള ബാത്ത് റൂമുകൾ ഉപകാരപ്പെടാത്ത നിലയിലുമാണ്. ഭരണ സമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെ വാഗ് ദാനങ്ങൾ ഇനി ആർ പൂർത്തിയാക്കുമെന്ന ചോദ്യമാണ് ജനങ്ങൾ ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.