ബാണാസുര മലയിലെ ജണ്ടകൾ ഇല്ലാതാവുന്നു
text_fieldsവെള്ളമുണ്ട: ബാണാസുര മലയിലെ ഭൂമിയുടെ അതിര് കണക്കാക്കുന്നതിന് വനംവകുപ്പ് സ്ഥാപിച്ച കോൺക്രീറ്റ് ജണ്ടകൾ പൊളിഞ്ഞ് ഇല്ലാതാകുന്നു. സ്വകാര്യ ഭൂമികളോടു ചേർന്ന ഭാഗങ്ങളിലെ ജണ്ടയും അതിരുകളുമാണ് ഇല്ലാതാകുന്നതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
മുമ്പ് ബാണാസുര മലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം തുടങ്ങിയ ക്വാറികളെല്ലാം ഭൂമിയുടെ സ്കെച്ചിൽ തിരിമറി നടത്തിയും പട്ടയത്തിൽ ക്രമക്കേട് നടത്തിയുമാണ് പ്രവർത്തനം തുടങ്ങിയതെന്ന് പരാതി ഉയർന്നിരുന്നു. ഇതിനെ ബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉന്നതരുടെ ഒത്താശയോടെ നടക്കുകയാണെന്ന് ആക്ഷേപമുണ്ട്. മലമുകളിലെ സ്വകാര്യ ഭൂമിയിലേക്കുള്ള വഴികളിൽ പലതും വനംവകുപ്പിന്റെ ജണ്ടയുള്ള പൊതുവഴിയിലൂടെയാണ്. ഇതില്ലാതാക്കുകയാണ് ലക്ഷ്യമെന്ന് പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
മുമ്പ് സബ് കലക്ടർ ഇടപെട്ട് നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ ക്വാറി മാഫിയക്കുവേണ്ടി നടത്തിയ അനധികൃത ഇടപെടലുകളും വ്യാജ രേഖകളും പുറത്തുവന്നിരുന്നു. ഇതേത്തുടർന്നാണ് ഈ മലയടിവാരത്തിലെ ക്വാറികളെല്ലാം പൂട്ടിയത്. സംഭവത്തിൽ ഇടപെട്ട ഉദ്യോഗസ്ഥരെയടക്കം പ്രതിക്കൂട്ടിലാക്കി ജില്ല കലക്ടർ ഉൾപ്പെടെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
റീ സർവേ അപാകത നിലനിൽക്കുന്ന ഭൂമി കൂടിയാണിത്. പ്രദേശത്ത് സർക്കാർ ഭൂമി കൈയേറിയതായും പരാതിയുണ്ട്. ഭൂമി അളന്ന് സർക്കാർ ഭൂമി തിരിച്ചുപിടിക്കണമെന്ന സബ് കലക്ടറുടെ നിർദേശമടക്കം നിലനിൽക്കെയാണ് ജണ്ടകൾ പൊളിഞ്ഞുതീരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.