പ്രാഥമിക സൗകര്യമില്ലാതെ കൂവണകുന്ന് കോളനിയിൽ ദുരിതം
text_fieldsവെള്ളമുണ്ട: പ്രളയശേഷം താൽക്കാലികമായി നിർമിച്ച സെപ്റ്റിക് ടാങ്ക് നിറഞ്ഞതോടെ പ്രാഥമിക സൗകര്യമില്ലാതെ ആദിവാസികൾ. വെള്ളമുണ്ട പഞ്ചായത്തിലെ നടക്കൽ കൂവണ പണിയ കോളനിക്കാരുടെ ശൗചാലയമാണ് താൽക്കാലികമായി സ്ഥാപിച്ച ടാങ്ക് നിറഞ്ഞതോടെ ഉപയോഗശൂന്യമായത്. കോളനിയിലെ മുപ്പതോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന ഏക കക്കൂസാണിത്.
പ്രളയസമയത്ത് ജില്ല കലക്ടർ കോളനി സന്ദർശിച്ച് സ്ഥിതിവിലയിരുത്തുകയും അടിയന്തരമായി ശൗചാലയം നിർമിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച ശൗചാലയത്തിന്റെ റെഡിമെയ്ഡ് ടാങ്കാണ് മാസങ്ങളായി നിറഞ്ഞ് ഉപയോഗശൂന്യമായത്.
ടാങ്ക് നിറഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ശൗചാലയങ്ങൾ ഉപയോഗപ്രദമാക്കാൻ നടപടി ഇല്ലാതായതോടെ ദുരിതത്തിലാണ് ആദിവാസികൾ. അഞ്ചുലക്ഷത്തിനു മേൽ തുക വകയിരുത്തി നിർമിച്ച ടോയ്ലറ്റാണിത്.
ജില്ല ഭരണകൂടം നേരിട്ട് ഇടപെട്ട് അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ശൗചാലയ മുറി സൗകര്യം തയാറാക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. സമീപത്തെ രണ്ട് വീടുകളിൽ മാത്രമാണ് പേരിനെങ്കിലും മൂത്രപ്പുരകൾ ഉണ്ടായിരുന്നത്.
ഒറ്റമുറി ഷെഡിലാണ് ഊൺ മുറിയും കിടപ്പുമുറിയും പഠനമുറിയും വിറകുപുരയുമെല്ലാം. 15 കുടുംബങ്ങളായി താമസിക്കുന്ന 72ഓളം വരുന്ന ഈ പാവങ്ങൾക്ക് പ്രാഥമികാവശ്യത്തിന് അടുത്ത തോട്ടങ്ങളെ ആശ്രയിക്കേണ്ടിവരുകയാണിപ്പോൾ.
കോളനിയിൽ നിന്നും 17 കുട്ടികൾ സ്കൂളുകളിൽ പോകുന്നു. പ്രൈമറി ക്ലാസിൽ 13 പേർ. അഞ്ച് വയസ്സിന് താഴെയുള്ള കുരുന്നുകൾ നാലുപേർ. വളരെ ദുരിതപൂർണമായ അന്തരീക്ഷം. കൂവണ കോളനി നിവാസികൾ ഉൾപ്പെടെ 44 കുടുംബങ്ങൾക്ക് 10 സെന്റ് സ്ഥലവും വീടും നൽകാനുള്ള പദ്ധതി പൂർത്തിയായിട്ടുമില്ല.
ഫണ്ടും പദ്ധതികളുമെല്ലാമെത്തിയിട്ടും ശൗചാലയ നിർമാണംപോലും പൂർത്തിയാവാത്തതെന്തുകൊണ്ടാണെന്ന ചോദ്യമാണ് ബാക്കിയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.