നീർച്ചോലകൾ കാട്ടുതീ വിഴുങ്ങി; ബാണാസുര മലയടിവാരങ്ങളിൽ കുടിവെള്ള ക്ഷാമം
text_fieldsവെള്ളമുണ്ട: കാട്ടുതീ വിഴുങ്ങിയ നീർച്ചോലകളിൽ ഉറവ വറ്റിയതോടെ കുടിവെള്ളമില്ലാതെ മലയടിവാരങ്ങളിലെ കുടുംബങ്ങൾ. ബാണാസുര മലയിലെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങൾക്ക് മുമ്പുണ്ടായ കാട്ടുതീയിലാണ് മലമുകളിലെ നീർച്ചാലുകൾ വറ്റിത്തുടങ്ങിയത്.
ഇതോടെ മലയിലെ നീർച്ചാലുകളിൽനിന്ന് വെള്ളം ശേഖരിച്ചിരുന്ന നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാളാരംകുന്ന്, മംഗലശ്ശേരി, പുളിഞ്ഞാൽ, ആലക്കണ്ടി തുടങ്ങിയ ഗ്രാമങ്ങളിലെ കുടുംബങ്ങളാണ് കുടിവെള്ളത്തിനായി പ്രയാസപ്പെടുന്നത്. മലമുകളിലെ ആദിവാസി കുടുംബങ്ങളാണ് ബദൽമാർഗങ്ങളില്ലാതെ ദുരിതത്തിലാവുന്നത്.
വേനൽ കനത്താൽ കൂട്ടത്തോടെ മലയിറങ്ങേണ്ട അവസ്ഥയാണ്. മലമുകളിലെ നീർച്ചാലുകളിൽ പൈപ്പിട്ട് വെള്ളം ശേഖരിച്ചാണ് ഈ കുടുംബങ്ങൾ ജീവിച്ചിരുന്നത്.
കടുത്തവേനലിൽ വെള്ളം വറ്റാറുണ്ടെങ്കിലും കുടിവെള്ളം മുട്ടാറില്ലായിരുന്നു. എന്നാൽ, ഇത്തവണ ഉണ്ടായ കനത്ത കാട്ടുതീയിൽ ചില ഭാഗങ്ങളിൽ നീർച്ചാലുകളും ഉറവകളും ഇല്ലാതാവുകയായിരുന്നു. ഹെക്ടർ കണക്കിന് അടിക്കാടുകൾ കത്തിനശിച്ചതാണ് ഉറവകൾ ഇല്ലാതാവാൻ കാരണം. മലമുകളിലെ കുടുംബങ്ങൾ കിലോമീറ്ററുകൾ മലയിറങ്ങിവന്ന് വെള്ളം ശേഖരിച്ചിരുന്ന പഴയകാലത്തേതിന് സമാനമായ അനുഭവമാണ് ഇത്തവണ ഉണ്ടായത്.
കൂലിപ്പണികഴിഞ്ഞ് വന്നശേഷം രാത്രിയിലാണ് പലരും വെള്ളം എത്തിക്കുന്നത്. വേനലെത്തുന്നതോടെ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന ഈ കുടുംബങ്ങൾക്ക് പഞ്ചായത്ത് അനുവദിച്ച കുടിവെള്ള പദ്ധതികളൊന്നും ഉപകാരപ്പെട്ടിട്ടില്ല.
വെള്ളമില്ലാത്ത കിണറുകളിൽ തികച്ചും അശാസ്ത്രീയമായി നിർമിച്ച പദ്ധതികൾ നോക്കുകുത്തികളാവുകയായിരുന്നു. കോടികൾ മുടക്കി മുമ്പ് നിർമിച്ച കുടിവെള്ളപദ്ധതികൾ ഉപയോഗമില്ലാതെ കിടക്കുകയും ഏക ആശ്രയമായ നീർച്ചാലുകൾ വറ്റുകയും ചെയ്തതോടെ ആദിവാസികളടക്കം പ്രാഥമിക കർമങ്ങൾക്കടക്കം വെള്ളമില്ലാതെ പ്രതിസന്ധിയിലാണ്. മറ്റു മാർഗങ്ങളില്ലാത്തതിനാൽ കിടപ്പാടവും കൃഷിയും വിട്ട് ബന്ധുവീടുകളിലേക്ക് പോകേണ്ട അവസ്ഥയിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.