ആദിവാസികോളനികളിൽ പകർച്ചവ്യാധികൾ വ്യാപകമാവുന്നു
text_fieldsവെള്ളമുണ്ട: നാട്ടിൽ ശുചീകരണം മുറപോലെ നടക്കുമ്പോഴും ആദിവാസി കോളനികളിൽ പലതും പകർച്ചവ്യാധി ഭീഷണിയിൽ. വൈറൽ പനി മുതൽ ചെങ്കണ്ണ് വരെയുള്ള രോഗങ്ങളും മഞ്ഞപ്പിത്തം മുതൽ തിരിച്ചറിയാത്ത പകർച്ചവ്യാധികൾ വരെ വിവിധ കോളനികളിൽ വ്യാപകമാണ്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ കോളനിയിൽ മാസങ്ങൾക്ക് മുമ്പ് ഉണ്ടായ മരണത്തിലെ രോഗകാരണം ദുരൂഹതയായി ഇപ്പോഴും തുടരുകയാണ്. പദ്ധതികൾ പുരോഗമിക്കുമ്പോഴും പോഷകാഹാരത്തിന്റെ കുറവ് ആദിവാസികളിലെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും രോഗികൾ ആക്കുന്നു. വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളിലെ നിരവധിപേർ വിവിധ പകർച്ചവ്യാധി ബാധിച്ച് കഴിയുന്നുണ്ടെന്ന് ട്രൈബൽ വകുപ്പിലെ ഉത്തരവാദിത്തപ്പെട്ടവർ തന്നെ സമ്മതിക്കുന്നു.
കുടിവെള്ള ക്ഷാമം നേരിടുന്ന കോളനികളിലാണ് പകർച്ചവ്യാധികൾ കൂടുതലായി കാണപ്പെടുന്നത്. വനമേഖലയോട് ചേർന്ന് താമസിക്കുന്ന പലരും മലയിൽ നിന്നുള്ള നീർച്ചോലകളിലെയും, പുഴയിലെയും, തോട്ടിലെയും വെള്ളമാണ് ഉപയോഗിക്കുന്നത്. വൻതോതിൽ രാസകീടനാശിനികൾ തളിക്കുന്ന വയലുകളിലെയും തോടുകളിലെയും വെള്ളം മലിനമാണ്.
മത്സ്യ-മാംസ മാലിന്യങ്ങളടക്കം പുഴ തീരങ്ങളിൽ തള്ളുന്നത് പതിവായതും വെള്ളം മലിനമാകാനിടയാക്കുന്നു. മലമുകളിലെ നീർച്ചാലിനെ ആശ്രയിച്ചാണ് പല ആദിവാസി കോളനിയിലും കുടുംബങ്ങൾ ജീവിക്കുന്നത്. എന്നാൽ, നീർച്ചാലിലെ വെള്ളം വിവിധ കൈയേറ്റങ്ങളിൽ സ്വാഭാവികത നഷ്ടപ്പെട്ടതോടെ ഈ കുടുംബങ്ങൾ ദുരിതത്തിലാണ്.
നീർച്ചാലിൽ നിന്ന് ഒഴുകിയെത്തുന്ന ജലം മലിനമായ നിലയിലാണ് പലപ്പോഴും ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വെള്ളത്തിന് മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാൽ ഈ മലിനജലമാണ് കോളനിക്കാർ പലപ്പോഴും ഉപയോഗിക്കുന്നത്. ഇത് വൻ ആരോഗ്യ ഭീഷണിയുയർത്തുകയാണ്.
ഇതോടെ പല പകർച്ചവ്യാധികളും കോളനികളിൽ തിരിച്ചെത്തുകയാണ്. മുമ്പ് വെള്ളമുണ്ടയിലെ പല ഭാഗത്തും ഡെങ്കിപ്പനിയും കാണപ്പെട്ടിരുന്നു. മുമ്പ് കോളറ രോഗം സ്ഥിരീകരിച്ചതിനു ശേഷം കൃത്യമായ ശുചീകരണവും ബോധവത്കരണവും ഉണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് പഴയപടിയായിട്ടുണ്ടെന്ന് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.