നാഥനില്ലാ കൈവേലി ആർക്കും മുറിക്കാം!
text_fieldsവെള്ളമുണ്ട: അരക്കോടിയിലധികം ചെലവഴിച്ച് നിർമിച്ച റോഡരികിലെ കൈവേലി സ്വകാര്യവ്യക്തികൾ മുറിച്ചുമാറ്റുന്നത് പതിവായിട്ടും നടപടിയില്ലെന്ന് പരാതി.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആസ്ഥാനമായ എട്ടേ നാൽ ടൗണിലെ കൈവേലികളാണ് വ്യാപകമായി മുറിച്ചു മാറ്റുന്നത്. ചില വ്യക്തികളുടെയും കടകളുടേയും സൗകര്യത്തിനനുസരിച്ച് രാത്രിയുടെ മറവിലാണ് കൈവേലികൾ മുറിച്ച് കടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ടൗണിന് നടുവിൽ നിരവിൽപുഴ- മാനന്തവാടി റോഡരികിലെ കൈവേലി പഞ്ചായത്തിന്റെ സി.സി.ടി.വിക്ക് ചുവട്ടിൽ നിന്നും ഒരു ഭാഗം മുറിച്ചുമാറ്റിയതാണ് ഒടുവിലത്തേത്. അധികൃതരിൽ ചിലരുടെയും ചില ജനപ്രതിനിധികളുടെയും മൗനാനുവാദത്തിലാണ് ലക്ഷങ്ങൾ മുടക്കി നിർമിച്ച പൊതുമുതൽ നശിപ്പിക്കുന്നതെന്ന് പരാതിയുണ്ട്.
കൈവേലികൾ മുറിച്ചതിനെക്കുറിച്ച് അന്വേഷണം ആശ്യപ്പെട്ട് നാട്ടുകാരിൽ ചിലർ പഞ്ചായത്തിന് പരാതിനൽകിയിട്ടുണ്ട്. കാൽനടയാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്ന നടപ്പാതയും കൈവേലികളും കൈയേറുന്നതും നശിപ്പിക്കുന്നതും പതിവായിട്ടും സാമൂഹിക വിരുദ്ധർക്ക് ഒത്താശ ചെയ്യുകയാണ് അധികൃതരെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത് ഓഫിസിന്റെ മുൻവശത്തോടുചേർന്ന് സ്വകാര്യവ്യക്തി കെട്ടിട നിർമാണത്തിനായി രാത്രിയുടെ മറവിൽ വേലി മുറിച്ചുമാറ്റിയത് മാസങ്ങൾക്കുമുമ്പാണ്. ഇത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. അതിനുമുമ്പും നിരവധി തവണ കൈവേലി മുറിച്ചിരുന്നു.
വിദ്യാർഥികളുടെയും കാൽനടയാത്ര കാരുടെയും സുരക്ഷിതത്വം മുൻനിർത്തി എം.ഐ. ഷാനവാസ് എം.പിയുടെ ഫണ്ടിൽ നിന്നും 2014 ൽ നിർമിച്ച ഇരുമ്പുകൈവേലിയാണ് നശിപ്പിക്കുന്നത്. മാനന്തവാടി റോഡിൽനിന്ന് പ്രവേശിക്കുന്ന വഴിയിലെ ഒരു ഭാഗത്തെ കൈവേലി പൂർണമായും മുറിച്ചുമാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.