ആദ്യം റോഡ്, പിന്നെ വോട്ട്; വോട്ട് ബഹിഷ്കരണവുമായി ഏഴേനാൽ എടത്തിൽ ഗ്രാമം
text_fieldsവെള്ളമുണ്ട: റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരിക്കാനൊരുങ്ങി ഏഴേനാൽ എടത്തിൽ നിവാസികൾ.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കട്ടയാട് വാർഡിലെ എടത്തിൽ പ്രദേശത്തുള്ളവരാണ് വോട്ട് ബഹിഷ്കരിക്കുന്നത്. കോളനിയിലുള്ളവരും പ്രദേശവാസികളും വോട്ട് ബഹിഷ്കരിക്കുന്നത് വാർഡിലെ വിജയത്തെ തന്നെ സ്വാധീനിക്കും. അമ്പതിലധികം വോട്ടർമാർ ഉണ്ട്.
റോഡിെൻറ ശോച്യാവസ്ഥക്ക് പരിഹാരം കാണാനോ കോളനിയിലെ കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീട് നിർമിച്ചുനൽകാനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. തെരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രമാണ് പാർട്ടി നേതാക്കൾ കോളനിയിലേക്ക് എത്താറുള്ളത്.
പൊള്ളയായ വാഗ്ദാനങ്ങളിലൂടെ വോട്ടുകൾ പിടിച്ചെടുക്കുന്ന പാർട്ടി നേതൃത്വത്തിെൻറ ഇത്തരം വഞ്ചനകളെ രൂക്ഷമായി കുറ്റപ്പെടുത്തി കൊണ്ടാണ് കോളനിയിലെ കുടുംബങ്ങൾ വോട്ട് ബഹിഷ്കരണം എന്ന ആശയത്തിലേക്ക് എത്തിയത്. ഇതുമായി ബന്ധപ്പെട്ട് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
പാലമംഗലം കോളനിക്കാരും ഒപ്പമുണ്ട്
മുട്ടിൽ: പതിറ്റാണ്ടുകളായി കാത്തിരുന്നിട്ടും ഗതാഗതയോഗ്യമായ റോഡ് എന്ന വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മുട്ടിൽ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ് പാലമംഗലം കോളനി നിവാസികളും വോട്ട് ബഹിഷ്കരണത്തിന് ഒരുങ്ങുന്നു. മുട്ടിൽ കൂട്ടമംഗലം കൈവഴിയിലാണ് പാലമംഗലം കോളനി. ഇവിടെ ഏകദേശം 80 വോട്ടർമാർ ഉണ്ട്.
30 സെൻറ് സ്ഥലത്ത് 29 കുടുംബങ്ങൾ 18 വീടുകളിലായാണ് കഴിയുന്നത്. ഇരു മുന്നണികളും മാറിമാറി ഭരിച്ചിട്ടും റോഡ്, പാലം, അപ്രോച്ച് റോഡ്, കുടുംബങ്ങൾക്കാവശ്യമായ വീട് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊന്നും കോളനിയിലില്ല. വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നു. തിരഞ്ഞെടുപ്പ് സമയങ്ങളിൽ നേതാക്കൾ കോളനികളിലെത്തി വലിയ വാഗ്ദാനങ്ങൾ നൽകും. പിന്നീട് ആരും ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ലെന്ന് കോളനിക്കാർ പറയുന്നു.
ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് രേഖാമൂലം ഉറപ്പുനൽകിയാൽ മാത്രം വോട്ടു ചെയ്താൽ മതിയെന്നാണ് ഇവരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.