സാമ്പത്തിക പ്രതിസന്ധി; വട്ടിപ്പലിശക്കാരുടെ വിലസൽ, കുരുങ്ങി സാധാരണക്കാർ
text_fieldsവെള്ളമുണ്ട: സാമ്പത്തിക പ്രതിസന്ധി കാരണം വരുമാനം കുറഞ്ഞതോടെ സ്വര്‍ണ പണയ വായ്പയും വട്ടിപ്പലിശ ഇടപാടും ജില്ലയിൽ വർധിക്കുന്നു. താൽക്കാലിക പരിഹാരത്തിനായി വീട്ടിലുള്ള സ്വർണം ബാങ്കിലും മറ്റും പണയം വച്ചാണ് പലരും കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നത്.
പണയം വെക്കാൻ സ്വർണം ഇല്ലാത്തവർ വട്ടിപ്പലിശക്കാരെ പണത്തിന് വേണ്ടി ആശ്രയിക്കുന്നുണ്ട്. ബ്ലേഡ് പലിശയിൽ കുടുങ്ങി മുമ്പ് നിരവധി പേർ ആത്മഹത്യ ചെയ്തിരുന്നു. വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വ്യാപകമായ തോതിൽ നാടൻപലിശക്കാർ വിലസുകയാണ്. മുമ്പ് തമിഴ്നാട് സംഘം അരങ്ങുവാണ മേഖലയിൽ പ്രദേശത്തെ പ്രമുഖരുടെ ഒത്താശയോടെ ഇപ്പോൾ ഇടപാട് സജീവമാവുകയാണ്.
മറ്റു ബിസിനസുകൾ പൊളിഞ്ഞതും പണത്തിന് ആവശ്യക്കാർ ഏറിയതുമാണ് വട്ടിപ്പലിശക്കാർക്ക് ഗുണം ചെയ്യുന്നത്. വൻ പലിശക്കാണ് പണം നൽകുന്നത്. നൂറ് രൂപക്ക് ദിനംപ്രതി 25 രൂപ മുതൽ 40 രൂപ വരെ ഈടാക്കുന്നത്. പണം പിരിക്കാൻ പ്രത്യേക ഗുണ്ടാസംഘവുമുണ്ട്.
വീടിന്റെയും സ്ഥലത്തിന്റെയും ഒറിജിനൽ രേഖകൾക്കൊപ്പം ബ്ലാങ്ക് മുദ്രപത്രത്തിൽ വിരലടയാളം പതിച്ചു വാങ്ങുന്ന സംഘം പിന്നീട് ഈടായി വാങ്ങുന്ന സ്ഥലവും കെട്ടിടങ്ങളും ചെറിയ തുകക്ക് കൈക്കലാക്കുകയാണ് പതിവ്. കൊടുക്കുന്ന തുകയിൽ നിന്ന് പലിശ ആദ്യമെ ഈടാക്കുന്നതിനാൽ ഇരട്ടി തുക വാങ്ങേണ്ടിവരുന്നു. ഇത് തിരിച്ചടക്കാനാവാതെ പലരും നാടുവിടുന്ന സ്ഥിതിയുമുണ്ട്.
ആവശ്യക്കാർ ഏറിയതോടെ ഏജന്റുമാരും വർധിച്ചു. തിരിച്ചടക്കാനാവാതെ നിരവധി പേർ ആത്മഹത്യയുടെ വക്കിലുമാണ്. ബാങ്കുകളുടെയും ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും സ്വര്‍ണപ്പണയ വായ്പകളിൽ വര്‍ധന ഉണ്ടായിട്ടുണ്ട്. കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ ആരംഭിച്ച 2020 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ മിക്ക ബാങ്കുകളുടെയും സ്വര്‍ണ പണയ വായ്പകളില്‍ 40 മുതല്‍ 70 ശതമാനം വരെ വര്‍ധനയുണ്ടായിരുന്നു. നിലവിലെ സ്ഥിതിയും സമാനമാണെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. ചികിത്സ ചെലവ് വർധിച്ചതും പലരേയും ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്.
ആശുപത്രികളിലെല്ലാം രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ചികിത്സാ ചെലവ് കൂടിയതും സാധാരണക്കാർക്ക് വട്ടിപലിശക്കാരെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ടാക്കുന്നുണ്ട്. കൊള്ളപലിശക്ക് ആളുകളെ ഭീഷണിപ്പെടുത്തി ജീവിതം പന്താടുന്ന ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കണം.
ജില്ലയിൽ ഓപറേഷൻ കുബേര ഊർജിതമാക്കി നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നവംബർ 28ന് പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.
ആദിവാസി കോളനികളിലും പിടിമുറുക്കുന്നു
വെള്ളമുണ്ട: ജില്ലയിലെ ആദിവാസി കോളനികൾ കേന്ദ്രീകരിച്ചും വട്ടിപ്പലിശക്കാരുടെ ഇടപാടുകൾ വ്യാപകമാകുകയാണ്. സാധനങ്ങൾ വിൽക്കാനെന്ന പേരിലാണ് ഇത്തരം സംഘങ്ങൾ ആദ്യം കോളനിയിലെത്തുക. തമിഴ്നാട്ടിൽനിന്ന് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലെ പണമിടപാട് സംഘങ്ങളാണ് കോളനികളിൽ കൂടുതലായി എത്തുന്നത്. തവണകളായി പണം വാങ്ങിക്കൊണ്ട് വീട്ടുസാധനങ്ങൾ നൽകും.
ഇതിനുപിന്നാലെ പണം വായ്പയായും നൽകും. തവണകളായാണ് വായ്പ തിരിച്ചടവും. ഇതോടൊപ്പം പലിശയും നൽകണം. 2000 രൂപ വായ്പ എടുത്ത് അതിന്‍റെ പലിശ നൽകിയാലും പിന്നെയും കണക്കുകൾ നിരത്തി ഇവർ വായ്പ നൽകിയതിന്‍റെ പലമടങ്ങ് കോളനിയിലുള്ളവരിൽനിന്ന് പിരിച്ചെടുത്തിട്ടുണ്ടാകും. പണമിടപാടിൽ കാര്യമായ അറിവില്ലാത്തവരെ ഇത്തരത്തിൽ ചൂഷണം ചെയ്ത് വൻ തുകയാണ് ഇത്തരം സംഘങ്ങൾ തട്ടിയെടുക്കുന്നത്. തിരിച്ചടവ് മുടങ്ങിയാൽ ഭീഷണിപ്പെടുത്തുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.