നെല്ലേരി പാലം തകർന്ന് അഞ്ചുപേർക്ക് പരിക്ക്
text_fieldsവെള്ളമുണ്ട: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന പുഴക്കടവായ നെല്ലേരിയിലെ മുളപ്പാലം തകർന്നുവീണു. അഞ്ചുപേർക്ക് പരിക്കേറ്റു.
ഇവർ പാലം കടക്കുമ്പോൾ 25 അടി ഉയരമുള്ള പാലം ഒടിഞ്ഞുവീഴുകയായിരുന്നു. സമീപവാസികളെത്തി ഇവരെ രക്ഷപ്പെടുത്തി. നെല്ലേരി, പൊറളോം, ഉദിരച്ചിറ, കുഞ്ഞോം, കരിമ്പിൽ പ്രദേശങ്ങളിലുള്ളവർക്ക് പഞ്ചായത്ത് ആസ്ഥാനമായ കോറോത്ത് എത്തിച്ചേരാനുള്ള എളുപ്പവഴിയാണ് ഈ പാലം.
നൂറിലധികം ആദിവാസി കുടുംബങ്ങൾക്ക് കൈവശരേഖ ലഭിച്ച നെല്ലേരി കൈവശ ഭൂമിയോടു ചേർന്നാണ് പാലം സ്ഥിതിചെയ്യുന്നത്. ഇവിടെ പാലമില്ലെങ്കിൽ ഇവർക്ക് കോറോത്തെത്താൻ അഞ്ചു കിലോമീറ്ററോളം കൂടുതൽ ദൂരം സഞ്ചരിക്കണം.
വിദ്യാർഥികളടക്കം നൂറുകണക്കിനാളുകൾ ദിനേന യാത്ര ചെയ്യുന്ന വഴിയാണിത്. കോൺക്രീറ്റ് പാലം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇതുസംബന്ധിച്ച് നിരവധി നിവേദനങ്ങളും അധികൃതർക്ക് നൽകിട്ടുണ്ട്.
താൽകാലിക പരിഹാരമായി പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ഓരോ വർഷവും മുളപ്പാലം നിർമിച്ചുവരുകയാണ്.
മഴതുടങ്ങുമ്പോൾ കെട്ടുന്ന താൽകാലിക പാലങ്ങൾ അടുത്ത വർഷമാകുമ്പോഴേക്കും ദുർബലമാകും.
തുടർച്ചയായി ഇത് മൂന്നാമത്തെ വർഷമാണ് പാലം തകർന്നുവീണ് അപകടം സംഭവിക്കുന്നത്. എത്രയും വേഗം വാഹന ഗതാഗതസൗകര്യമുള്ള കോൺക്രീറ്റ് പാലം ഇവിടെ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.