പ്രളയ പുനരധിവാസം തകര ഷീറ്റ് ഷെഡുകളിൽ; ഞങ്ങളെങ്ങനെ പഠിക്കുമെന്ന് കുട്ടികൾ
text_fieldsവെള്ളമുണ്ട: തകര ഷീറ്റിെൻറ ശബ്ദത്തിനുതാഴെ കിടന്നുറങ്ങാനും പഠിക്കാനും കഴിയാതെ വിദ്യാർഥികൾ. മുൻ വർഷങ്ങളിലെ പ്രളയബാധിതരെ പുനരധിവസിപ്പിക്കാൻ വിവിധ ഇടങ്ങളിൽ നിർമിച്ച തകര ഷീറ്റ് ഷെഡുകളാണ് ആദിവാസി കുട്ടികൾക്ക് ദുരിതം വിതക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിലുള്ള നൂറുകണക്കിന് ഷെഡുകളിൽ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മഴ പെയ്യുമ്പോൾ വലിയ ശബ്ദമാണ് ഷീറ്റ് മേൽക്കൂരയുള്ള വീടുകളിൽ ഉണ്ടാവുന്നത്. ചെറു മഴ പെയ്താൽ പോലും ചെവി തുളക്കുന്ന ശബ്ദം ഉയരുന്ന കൂരകളിൽ കിടന്നുറങ്ങാൻ പോലുമാവാത്ത അവസ്ഥയാണ്. ഓൺലൈൻ പഠനം നടത്തുന്ന വിദ്യാർഥികൾക്ക് ഒന്നും കേൾക്കാനാവാതെ ക്ലാസ് നഷ്ടപ്പെടുന്നത് പതിവാണ്.
മഴയായതിനാൽ പുറത്തിറങ്ങി പഠിക്കാനും കഴിയുന്നില്ല. രണ്ട് പ്രളയകാലങ്ങളിൽ കാലവർഷക്കെടുതിയിൽ വീട് നഷ്പ്പെട്ട കുടുംബങ്ങൾക്ക് സർക്കാറും സന്നദ്ധ സംഘടനകളും നിർമിച്ചുനൽകിയ തകര ഷീറ്റു ഷെഡുകളാണിവ. 2018ലെ ഒന്നാം പ്രളയ സമയത്ത് നിർമിച്ച താൽക്കാലിക കൂരകളിലെ താമസം ഇപ്പോഴും തുടരുന്നവരാണിവർ. മഴക്കാലത്ത് കാതടപ്പിക്കുന്ന ശബ്ദവും വേനൽക്കാലത്ത് കഠിന ചൂടും അനുഭവപ്പെടുന്ന ഒറ്റമുറി ഷെഡുകളിൽ നിന്ന് മോചനമില്ലാതെ നരകിക്കുകയാണ് കുടുംബങ്ങൾ. തികച്ചും അശാസ്ത്രീയമായി ഒരാൾ പൊക്കം ഉയരത്തിൽ നിർമിച്ച കൂരകളിലെ പഠനം വിദ്യാർഥികൾക്ക് നരകതുല്യമാണ്. ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് കുടുംബങ്ങൾ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.