ബാണാസുര ഡാമിനകത്തും പുറത്തും മാലിന്യം
text_fieldsവെള്ളമുണ്ട: ദിനംപ്രതി പതിനായിരത്തിലധികം വിനോദ സഞ്ചാരികൾ എത്തുന്ന ബാണാസുര സാഗറിന്റെ പരിസരം മാലിന്യം കൊണ്ട് നിറയുന്നു. ഡാമിന് മുമ്പിൽ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യമാണ് വ്യാപകമായി റോഡിൽ തള്ളുന്നത്.
ഡാമിന്റെ സമീപത്തായി റോഡിന്റെ ഇരുവശങ്ങളിലും ഇളനീർ തൊണ്ടടക്കമുള്ള മാലിന്യം കുന്നുകൂടി കിടക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും ചാക്കുകളിൽ കെട്ടി റോഡരികിൽ തള്ളുന്നത് പതിവായിട്ടുണ്ട്. സമീപത്തെ കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് മാലിന്യം റോഡ് അരികിൽ തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു.
റോഡരികിൽ കച്ചവടം ചെയ്യുന്നവർ മാലിന്യങ്ങൾ റോഡിൽ വലിച്ചെറിയരുത് എന്ന് കർശന നിർദേശം ഉണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല , റോഡരികിൽ തള്ളുന്ന മാലിന്യം അധികൃതരുടെ കണ്ണിനു മുന്നിൽ കുന്നുകൂടുമ്പോഴും അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണ്.
ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമായി ദിനംപ്രതി 15,000 ലതികം വിനോദസഞ്ചാരികൾ എത്തുന്ന പ്രധാന കേന്ദ്രമാണ് ഇതെങ്കിലും കാഴ്ചകൾ അത്ര സുഖകരമല്ല എന്നാണ് ആക്ഷേപം. ഡാം ഷട്ടറിന്റെ മുന്നിലും പ്ലാസ്റ്റിക് മാലിന്യ കുന്നുകൂടി കിടക്കുകയാണ്. കമ്പിവേലി കെട്ടി മറച്ച സ്ഥലത്താണ് മാലിന്യം. മനോഹര കാഴ്ചകൾക്കൊപ്പം പരിസ്ഥിതിക്ക് വിഘാതമാകുന്ന കാഴ്ചകളാണ് പരിസരങ്ങൾ നൽകുന്നത്.
ബത്തേരി ബൈപാസ് റോഡരികിൽ മാലിന്യം തള്ളുന്നു
സുൽത്താൻ ബത്തേരി: നഗരത്തിലെ ബൈപാസ് റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുമ്പോൾ കർശന ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം. രാത്രിയുടെ മറവിലാണ് ഇവിടെ പൊതികളിലാക്കി മാലിന്യം കൊണ്ട് തട്ടുന്നത്. റോഡിന്റെ ഓരത്തും ചതുപ്പിലെ കുറ്റിക്കാടിന് ഇടയിലേക്കും മാലിന്യം വലിച്ചെറിയുകയാണ്. ഇവിടത്തെ ചതുപ്പ് ഇടങ്ങളിൽ മാലിന്യം തള്ളിയവരെ മുൻസിപ്പാലിറ്റി അധികൃതർ മുമ്പ് കണ്ടെത്തി പിഴ ചുമത്തിയിരുന്നു.
വൃത്തിയുടെ നഗരം എന്നാണ് ബത്തേരി അറിയപ്പെടുന്നത്. നഗരത്തിലെ തിരക്കേറിയ ഭാഗത്തൊന്നും മാലിന്യ കുമ്പാരം കണ്ടെത്താനാവില്ല. കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ മാലിന്യം കൂട്ടിയിടുന്നത് മുനിസിപ്പാലിറ്റി കർശനമായി വിലക്കിയിട്ടുണ്ട്. ഇതിന്റെ മെച്ചം നഗരത്തിൽ കാണാനുമുണ്ട്. എന്നാൽ നഗരം വിട്ടാൽ സ്ഥിതി മാറുകയാണ്.
നഗരത്തിലെ മാലിന്യം കരുവള്ളിക്കുന്നിലെ കേന്ദ്രത്തിലേക്കാണ് മുനിസിപ്പാലിറ്റി കൊണ്ടുപോകുന്നത്. ശാസ്ത്രീയമായ രീതിയിലുള്ള സംസ്കരണമൊന്നുമല്ല കരുവള്ളിക്കുന്നിൽ നടക്കുന്നത്. നഗരത്തിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിൽ കൃത്യമായ ചട്ടങ്ങൾ ഇല്ല. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മാലിന്യം കരുവള്ളിക്കുന്നിലേക്കുള്ള മാലിന്യ വണ്ടിയിൽ എത്തിക്കാനുള്ള സംവിധാനമാണ് ഇല്ലാത്തത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ മാലിന്യ കൊട്ടകൾ സ്ഥാപിക്കുമെന്ന് മുമ്പ് അധികൃതർ അറിയിച്ചിരുന്നു. ഏതാനും ഇടങ്ങളിൽ ചെറിയ കൂടകൾ സ്ഥാപിച്ചതല്ലാതെ കാര്യമായ മറ്റ് ഇടപെടൽ ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.