ഗ്രൂപ് തർക്കം; വെള്ളമുണ്ട സർവിസ് സഹകരണ ബാങ്കിൽ ലീഗിന്റെ ആധിപത്യം നഷ്ടപ്പെടുന്നു
text_fieldsവെള്ളമുണ്ട: മുസ്ലിം ലീഗിലെ ഗ്രൂപ് തർക്കം കാരണം വെള്ളമുണ്ട സർവിസ് സഹകരണ ബാങ്കിൽ ലീഗിന്റെ ആധിപത്യം നഷ്ടപ്പെടുന്നു. രണ്ടു വർഷത്തിനിടയിൽ രണ്ട് പ്രസിഡന്റുമാർ രാജിവച്ചത് പാർട്ടിക്കകത്ത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. നിലവിലെ പ്രസിഡന്റ് പി. മമ്മൂട്ടി പാർട്ടി നിർദേശത്തെ തുടർന്ന് രാജിവച്ചതോടെ ഡയറക്ടർ ബോർഡിൽ ലീഗിന്റെ അംഗസംഖ്യ ന്യൂനപക്ഷമായി.
പ്രസിഡന്റും സെക്രട്ടറിയും തമ്മിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജിയെന്നാണ് സൂചന. ഒമ്പതംഗ ഡയറക്ടർ ബോർഡാണുള്ളത്. ഇതിൽ മുസ്ലിം ലീഗിന് അഞ്ചും കോൺഗ്രസിന് നാലും അംഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടു വർഷങ്ങൾക്കു മുമ്പ് അന്നത്തെ പ്രസിഡന്റ് രാജിവച്ചതോടെ ലീഗിന്റെ അംഗസംഖ്യ നാലായി ചുരുങ്ങി. തുടർന്ന് ചുമതലയേറ്റ പ്രസിഡന്റും രാജി സമർപ്പിച്ചതോടെ ഒമ്പതംഗ ഡയറക്ടർ ബോർഡിൽ ലീഗിന്റെ പ്രാതിനിധ്യം മൂന്നായി ചുരുങ്ങി.
മുസ്ലിംലീഗിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഗ്രൂപ് പോരാണ് പ്രസിഡൻറ് സെക്രട്ടറി തമ്മിലുള്ള അഭിപ്രായ ഭിന്നതക്ക് ഇടയാക്കിയതെന്നാണ് ആക്ഷേപം. സെക്രട്ടറി സ്ഥാനത്തിരിക്കുന്നയാളെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് നാലു മാസങ്ങൾക്കു മുമ്പ് പാർട്ടിക്ക് ഔദ്യോഗികമായി കത്ത് നൽകിയിരുന്നുവെന്നാണ് സൂചന. ഇതേ തുടർന്ന് ഉടലെടുത്ത തർക്കം രൂക്ഷമാവുകയും മുസ്ലിം ലീഗിന്റെ ജില്ല കമ്മിറ്റി ഇടപ്പെട്ട് പ്രസിഡന്റിനോട് രാജിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തതായാണ് അണികൾക്കിടയിലെ സംസാരം.
ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ പാർട്ടി നിർദേശമനുസരിച്ചാണ് രാജിവച്ചതെന്ന് പ്രസിഡന്റ് മമ്മൂട്ടി പറഞ്ഞു. പ്രസിഡന്റ് രാജിവെച്ചതോടെ താൽകാലിക ചുമതല എകരത്ത് മൊയ്തുവിന് കൈമാറിയിട്ടുണ്ട്. ജോയിൻ രജിസ്റ്റർ രാജി സ്വീകരിച്ച് റിട്ടേണിങ് ഓഫിസറെ നിയമിച്ച് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് വരെയുള്ള താൽക്കാലിക ചുമതലയാണ് നൽകിയത്. മൂന്നു വർഷത്തിനിടയിൽ രണ്ടാമത്തെ പ്രസിഡന്റും രാജിവച്ചതോടെ മുസ്ലിം ലീഗിനകത്ത് പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
അതേസമയം ലീഗിന്റെ പ്രാതിനിധ്യം മൂന്നായി ചുരുങ്ങിയതോടെ നാല് അംഗങ്ങളുള്ള കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം നൽകണമെന്ന ആവശ്യവും ചർച്ചയും മുന്നണിക്ക് അകത്ത് സജീവമാണ്. ഇതിനായുള്ള ചരടുവലികളും ചിലർ നടത്തുന്നുണ്ട്. തർക്കം രൂക്ഷമായതോടെ മറ്റു ചില വിവാദങ്ങളും പുകയുന്നുണ്ട്.
നിലവിലെ ഒരു ജീവനക്കാരിക്ക് പെട്ടെന്ന് സ്ഥാനകയറ്റം കൊടുത്തതും കോടതിയിൽ കേസ് നിലനിൽക്കുന്ന ഒരു ജീവനക്കാരിയെ പുതിയ തസ്തികയിൽ നിയമിച്ചതും ഭരണസമിതിക്കകത്ത് അഭിപ്രായ വ്യത്യാസത്തിന് കാരണമായിട്ടുണ്ട്. എന്നാൽ,കാര്യങ്ങൾ സുതാര്യമായി മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അതിൽ ആർക്കെങ്കിലും നീരസമുണ്ടോയെന്ന് അറിയില്ലെന്നും സെക്രട്ടറി കെ.കെ.സി. റഫീഖ് പറഞ്ഞു. നല്ല രീതിയിൽ നടക്കുന്ന ബാങ്കിനെ കരിവാരിത്തേക്കുന്ന നീക്കമാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.