നിയന്ത്രണങ്ങൾ പാലിക്കുന്നില്ല: കുറ്റ്യാടി ചുരത്തിൽ സഞ്ചാരികളുടെ തിരക്ക്
text_fieldsവെള്ളമുണ്ട: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും കുറ്റ്യാടി ചുരത്തിലെ ആൾക്കൂട്ടത്തിന് കുറവില്ല. രാപ്പകൽ വ്യത്യാസമില്ലാതെ വൻ ജനത്തിരക്കാണ് ചുരത്തിൽ അനുഭവപ്പെടുന്നത്.
പല ഭാഗത്തുനിന്ന് എത്തുന്ന വിനോദ സഞ്ചാരികൾ മാസ്ക് പോലും ധരിക്കാതെയാണ് ചുരത്തിൽ തമ്പടിക്കുന്നത്. രാത്രി യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയായി മദ്യപാനികളുടെ അഴിഞ്ഞാട്ടവും പതിവാണ്. നിരവിൽപുഴ ടൗൺ മുതൽ ചുരം തുടങ്ങുന്നതു വരെയുള്ള ഭാഗങ്ങളിലാണ് ആൾക്കൂട്ടം തമ്പടിക്കുന്നത്.
വാഹനങ്ങളുമായി എത്തി റോഡരികിൽ നിർത്തി പരസ്യമായി മദ്യപിക്കുന്നത് പതിവു കാഴ്ചയാണെന്ന് പ്രദേശവാസികൾ പറയുന്നു. മദ്യപിച്ച് വാഹനം ഓടിച്ചുള്ള അപകടങ്ങളും സ്ഥിരം സംഭവമാണ്.
രാത്രി പ്രദേശം കേന്ദ്രീകരിച്ച് വ്യാപക മദ്യവിൽപന നടക്കുന്നതായി സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഉന്നതരുടെ റോഡരികിലെ മദ്യപാനത്തിനെതിരെ പരാതികൾ മുമ്പുതന്നെ ഉയർന്നിരുന്നെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. രാത്രി ചെറിയ വാഹനങ്ങളിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് മദ്യപാനികൾ ഭീഷണിയുയർത്തുകയാണ്.
പരാതിപ്പെട്ടാലും പൊലീസുകാർക്കും കൃത്യസമയത്ത് എത്താൻ കഴിയുന്നില്ല. മാവോവാദി ഭീഷണി നിലനിൽക്കുന്ന പ്രദേശമായതിനാൽ പൊലീസുകാരും ചെറിയ വാഹനങ്ങളിൽ വരാൻ മടിക്കുകയാണ്. ഇടക്കാലത്ത് കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു വന്നതോടെയാണ് ആളുകൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയത്.
വ്യൂ പോയൻറിൽ റോഡരികിലായി വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗത തടസ്സത്തിനും ഇടയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.