ദൂരപരിധി പാലിക്കാതെ വീട് നിർമാണം; ആദിവാസി കോളനികളോടെന്താ ഇങ്ങനെ!
text_fieldsവെള്ളമുണ്ട, പടിഞ്ഞാറത്തറ, തൊണ്ടർനാട് ഗ്രാമപഞ്ചായത്തുകളിലെ വിവിധ കോളനികളിലാണ് ചട്ടങ്ങൾ കാറ്റിൽ പറത്തി വീടുകൾ നിർമിക്കുന്നത്
വെള്ളമുണ്ട: മതിയായ ദൂരപരിധി പാലിക്കാതെ ഒന്നിനോട് ഒന്നു ചേർന്ന് വീടുകൾ നിർമിക്കുന്നത് കാരണം നിന്നു തിരിയാനിടമില്ലാതെ ദുരിതം പേറി ആദിവാസി കോളനികൾ. വെള്ളമുണ്ട, പടിഞ്ഞാറത്തറ, തൊണ്ടർനാട് ഗ്രാമപഞ്ചായത്തുകളിലെ വിവിധ കോളനികളിലാണ് ചട്ടങ്ങൾ കാറ്റിൽ പറത്തി വീടുകൾ നിർമിക്കുന്നത്.
മുമ്പ് നിർമിച്ച വീടുകൾക്ക് സമാനമായി ഇപ്പോഴും അശാസ്ത്രീയമായ നിർമാണം നടക്കുന്നതായി പരാതിയുണ്ട്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ആദിവാസി പുനരധിവാസ പദ്ധതികളിലൊന്നായ പടാരി കാപ്പുമ്മൽ കോളനിയിലും പുതുതായി നിർമിച്ച വീടുകളിൽ പലതും അശാസ്ത്രീയമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
സ്ഥലം ഏറെ ഉണ്ടെങ്കിലും വീടിന് പിറകുവശത്തു നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയിലാണ്. തരുവണ മഴുവന്നൂർ കോളനിയിൽ 26 സെൻറ് സ്ഥലത്ത് നിർമിച്ച ഏഴ് വീടുകൾ ഇത്തിരി അടുക്കളമുറ്റം പോലും ഇല്ലാതെ അടുത്തടുത്താണ് നിർമിച്ചിരിക്കുന്നത്.
വീട് നിർമാണത്തിന് ആവശ്യത്തിന് സ്ഥലമില്ലാത്തത് കാരണമാണ് വീടുകൾ അടുപ്പിച്ച് നിർമിക്കാൻ കാരണമെന്നാണ് അധികൃതരുടെ വാദം. ഒരു വീടിെൻറ മേൽക്കൂരയിൽ നിന്നു പുറത്തേക്ക് ഒഴുകുന്ന ജലം അടുത്ത വീടിെൻറ അകത്തായിരിക്കും പതിക്കുക.
ഇത്തരത്തിലുള്ള നിർമാണ പ്രവൃത്തിക്കെതിരെ വ്യാപക പരാതികളുയരുമ്പോഴും ബന്ധപ്പെട്ടവരും സർക്കാറും ഇടപെടാത്തതിലും പ്രതിഷേധം വ്യാപകമാണ്. സ്വകാര്യതപോലും നഷ്ടപ്പെടുന്ന വിധം വീടുകൾ നിർമിച്ച് കടമ തീർക്കുന്ന കരാറുകാർക്ക് ട്രൈബൽ വകുപ്പും ഒത്താശ ചെയ്യുന്നതായി ആക്ഷേപമുണ്ട്.
പ്രാഥമിക കാര്യങ്ങൾക്കും മതിയായ സൗകര്യം പല കോളനികളിലുമില്ല. സമ്പൂർണ ശൗചാലയ ജില്ലയായി പ്രഖ്യാപിച്ച വയനാട്ടിലാണ് വീടുകളിൽ ശൗചാലയമില്ലാതെ ദുരിതത്തിലായ ആദിവാസികളുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.