ബാണാസുര മലയടിവാരത്തിലെ അനധികൃത മണ്ണെടുപ്പ്: പ്രദേശം പൂർവസ്ഥിതിയിലാക്കാന്‍ ഉത്തരവ്
text_fieldsവെള്ളമുണ്ട: ഗ്രാമപഞ്ചായത്തിലെ ബാണാസുര മലയടിവാരത്തിലെ പെരുംകുളം മലയിൽ നീര്‍ച്ചാൽ നികത്തി മണ്ണിട്ട സംഭവത്തിൽ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നടപടി.
നീര്‍ച്ചോല പൂർവസ്ഥിതിയിലാക്കാന്‍ ഭൂവുടമക്ക് നിർദേശം നല്‍കാന്‍ ജില്ല കലക്ടര്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടു. ബാണാസുര സംരക്ഷണ സമിതി നല്‍കിയ പരാതിയിലാണ് മാസങ്ങള്‍ക്കുശേഷം നടപടിയുണ്ടായത്.
വെള്ളമുണ്ട പഞ്ചായത്തിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതും നേരത്തേ ഉരുള്‍പൊട്ടലില്‍ ആദിവാസി വീട്ടമ്മ മരിക്കുകയും ചെയ്ത പെരുങ്കുളം പ്രദേശത്ത് മൂന്നുമാസം മുമ്പാണ് വന്‍തോതില്‍ മണ്ണെടുപ്പും നീര്‍ച്ചോല തടസ്സപ്പെടുത്തലുമുണ്ടായത്. കരിങ്കല്‍ഖനനം ആരംഭിക്കുന്നതിനായി ചിലര്‍ നടത്തിയ നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു അനധികൃത മണ്ണെടുപ്പും നീര്‍ച്ചാലുകളിലുള്‍പ്പെടെ മണ്ണിട്ടുനികത്തലും നടത്തിയത്.
ആദിവാസികളടക്കമുള്ള നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സ് മണ്ണിട്ട് മൂടിയതോടെയാണ് നാട്ടുകാര്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി കോര്‍കമ്മിറ്റി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കുകയും നീര്‍ച്ചോലകള്‍ തടസ്സപ്പെട്ടതായും നിയമലംഘനം നടന്നതായും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു പ്രകാരമാണ് കഴിഞ്ഞദിവസം ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തില്‍ ഭൂവുടമക്കെതിരെ നടപടിയുണ്ടായത്. രണ്ടാഴ്ചക്കകം മണ്ണ് നീക്കംചെയ്ത് പൂർവസ്ഥിതിയിലാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് തഹസില്‍ദാറോട് ജില്ല കലക്ടര്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂവുടമ സ്വന്തം ചെലവില്‍ അരുവി പൂർവസ്ഥിതിയിലാക്കിയെന്ന് ഉറപ്പുവരുത്താനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
ബാണാസുര മലയടിവാരത്തിലെ അനധികൃത മണ്ണെടുപ്പ് (ഫയൽ ചിത്രം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.