ചില വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം അത്ര പോര! കുട്ടികൾ കഴിക്കുന്നില്ല
text_fieldsവെള്ളമുണ്ട: വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന് ഗുണനിലവാരം തീരെയില്ലെന്ന് വിദ്യാർഥികൾ. പല വിദ്യാലയങ്ങളിലും രുചി കുറഞ്ഞ കറികൾ തയാറാക്കുന്നതിനാൽ വിദ്യാർഥികൾ കൂട്ടത്തോടെ ഉച്ചഭക്ഷണം കഴിക്കുന്നില്ല. രണ്ടു തരം കറികൾ വേണമെന്ന ചട്ടമുണ്ടെങ്കിലും ഒരു കറി പോലും രുചികരമായി നൽകുന്നില്ലെന്നാണ് പരാതി. വിദ്യാർഥികളുടെ എണ്ണം കുറവുള്ള വിദ്യാലയങ്ങളിൽ നഷ്ടം സഹിച്ചും നല്ല ഭക്ഷണം നൽകുന്നുണ്ട്. എന്നാൽ, എണ്ണം കൂടുതലുള്ള വിദ്യാലയങ്ങളിൽ ചിലയിടത്താണ് ഉച്ചഭക്ഷണം നിലവാരമില്ലാതാവുന്നത്. വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് സർക്കാർ ഫണ്ട് കൃത്യമായി അനുവദിക്കുന്നുണ്ടെങ്കിലും ചില വിദ്യാലയങ്ങളിൽ സാധനങ്ങൾ ആവശ്യത്തിന് വാങ്ങുന്നില്ലെന്ന് പരാതിയുമുണ്ട്.
മാനന്തവാടി താലൂക്കിലെ 800 വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഒരു ദിവസത്തേക്ക് 300 രൂപയുടെ പച്ചക്കറിയാണ് വാങ്ങുന്നതെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടിയത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. 300 രൂപയുടെ പച്ചക്കറി കൊണ്ട് 50 പേർക്ക് കറിയുണ്ടാക്കാൻ തികയില്ലെന്നാണ് പറയുന്നത്.
സാധനങ്ങൾ കുറച്ച് ഫണ്ട് വകമാറ്റുന്നത് വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം കുറക്കും. 150 കുട്ടികൾക്ക് ആളൊന്നിന് എട്ട് രൂപയും 151 മുതൽ 500 വരെ കുട്ടികൾക്ക് ഏഴ് രൂപയും 500 ന് മുകളിലുള്ള ഓരോ കുട്ടിക്കും ആറു രൂപയുമാണ് സർക്കാർ അനുവദിക്കുന്നത്. അരി സർക്കാർ നൽകും. പാചകത്തിനുള്ള ഗ്യാസ്, കറികൾക്ക് ആവശ്യമായ സാധനങ്ങൾ, മാസത്തിൽ ഒരു കുട്ടിക്ക് നാല് മുട്ട വീതം, 150 മില്ലി ലിറ്റർ വീതം മാസത്തിൽ എട്ട് തവണ പാൽ എന്നിവക്കാണ് ഇത്രയും ഫണ്ട് അനുവദിക്കുന്നത്.
500ൽ താഴെ വിദ്യാർഥികളുള്ള വിദ്യാലയങ്ങളിൽ ഈ തുക കൊണ്ട് നല്ല രീതിയിൽ പ്രവർത്തിക്കാനാവില്ല. 150 നു ചുവടെ കുട്ടികളുള്ള വിദ്യാലയങ്ങൾ മാസം 4000 രൂപ വരെ നഷ്ടത്തിലാണ് ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തിക്കുന്നത്. വിദ്യാർഥികൾ കൂടുതലുള്ള വിദ്യാലയങ്ങളിൽ യഥാർഥ കണക്കുകൾ പ്രകാരം പദ്ധതി നഷ്ടമില്ലാതെ ഒരുപരിധി വരെ ലാഭത്തിൽ പ്രവർത്തിക്കാനുമാവും.
എന്നാൽ, നഷ്ടക്കണക്ക് നിരത്തി വലിയ വിദ്യാലയങ്ങളും ഭക്ഷണ വിതരണത്തിൽ ക്രമക്കേട് കാട്ടുകയാണെന്ന് ആക്ഷേപമുണ്ട്. 800 വിദ്യാർഥികൾ ഉച്ചഭക്ഷണക്കണക്കിൽപ്പെടുന്ന വിദ്യാലയത്തിന് സർക്കാർ കണക്ക് പ്രകാരം മാസത്തിൽ 20 പ്രവൃത്തി ദിവസം കൂട്ടിയാൽ 1,09,000 രൂപ ലഭിക്കും. നല്ല ഭക്ഷണം നൽകിയാൽ പോലും ഒരു ലക്ഷം രൂപയാണ് ചെലവ് വരിക എന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. എന്നാൽ, ചെലവ് കൂട്ടിക്കാണിച്ച് നഷ്ടമാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം നടക്കുന്നതെന്നാണ് ആരോപണം. 90 ശതമാനത്തിലധികം കുട്ടികളെയും ഉച്ചഭക്ഷണ കണക്കിൽപ്പെടുത്താറുണ്ടെങ്കിലും പല വിദ്യാലയത്തിലും 50 ശതമാനം കുട്ടികൾ പോലും ഭക്ഷണം കഴിക്കുന്നില്ല.
ചില വിദ്യാലയങ്ങൾ ഇരട്ടി കുട്ടികളുടെ ഫണ്ട് വാങ്ങിയിട്ടും നല്ല ഭക്ഷണം നൽകാതെ പദ്ധതി പ്രഹസനമാക്കുന്നതായാണ് ആരോപണം. ഏറ്റവും വിലകുറഞ്ഞ മത്തനും കുമ്പളങ്ങയും വാങ്ങിയാണ് മിക്ക ദിവസവും കറിയുണ്ടാക്കുന്നത്. ആഴ്ചയിലൊരിക്കൽ മാത്രമാണ് സാമ്പാർ. കറി മോശമായതോടെ കുട്ടികൾ കൂട്ടത്തോടെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് മാറി വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുവരുകയാണ്. നാലിലൊന്ന് കുട്ടികൾ മാത്രമാണ് പല വിദ്യാലയത്തിലും മുട്ടയും പാലും കഴിക്കുന്നതെന്ന് അനുഭവസ്ഥർ പറയുന്നു. പല സ്കൂളുകളിലും അധ്യാപകർ മുട്ട കഴിക്കാൻ വിദ്യാർഥികളെ നിർബന്ധിക്കാറുമില്ല. കൃത്യമായ ഇടപെടൽ നടത്തിയാൽ നല്ല ഭക്ഷണം നൽകാനാവുമെങ്കിലും ഇതുണ്ടാവാറില്ല. സർക്കാറിന്റെ ഉച്ച ഭക്ഷണ പദ്ധതി കൃത്യമായും നിലവാരത്തോടെയും നടപ്പാക്കുന്നതിന് അധികൃതരുടെ ഭാഗത്തു നിന്നും കാര്യമായ പരിശോധനയോ നിരീക്ഷണമോ ഉണ്ടാവാറുമില്ല. അതേസമയം, നല്ല ഭക്ഷണം നൽകുന്ന വിദ്യാലയങ്ങളും നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.