കണ്ടത്തുവയൽ ഇരട്ടക്കൊല: ആ മാതാവിെൻറ കണ്ണീരിന് ഫലമുണ്ടാകുമോ?
text_fieldsവെള്ളമുണ്ട: മകൻ ഉമ്മറിനെയും ഭാര്യയെയും കൊന്നവനെ തൂക്കിക്കൊല്ലണമെന്ന ആയിശയുടെ ആഗ്രഹം സഫലമാകുമോയെന്ന ആകാംക്ഷയിൽ കണ്ടത്തുവയൽ നിവാസികൾ. പ്രതി വിശ്വനാഥനെ ഉമ്മറിെൻറ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തുന്നതിനിടയിൽ ആയിശ കണ്ണീരണിഞ്ഞ് പറഞ്ഞത് നാട് ഇന്നും ഓർക്കുന്നു. ഒടുക്കം പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയും ശിക്ഷ തിങ്കളാഴ്ച പറയാനുമിരിക്കെ ആ ഉമ്മയുടെ പ്രാർഥന നടക്കുമെന്ന പ്രതീക്ഷയിലാണ് നാട്.
തെൻറ മകൻ ഒരാളോടും ദേഷ്യമോ വിരോധമോ കൊണ്ടുനടക്കാത്തവനായിരുന്നു. അവന് ആരോടും ശത്രുതയില്ല. കൊന്നവനെ തൂക്കിക്കൊന്നാലേ നാടിന് സമാധാനം ഉണ്ടാവൂ എന്ന് ആയിശ കൂട്ടിച്ചേർത്തിരുന്നു. നഷ്ടപ്പെട്ട അനുജനെ തിരിച്ചുകിട്ടില്ല. എന്നാലും പ്രദേശവാസികൾക്ക് ഇനി സമാധാനത്തോടെ ഉറങ്ങാം എന്നായിരുന്നു അന്ന് ഉമ്മറിെൻറ ജ്യേഷ്ഠൻ അബ്ദുല്ല പറഞ്ഞത്. പ്രതിയെ കണ്ടെത്താനായെങ്കിലും ഉമ്മറിെൻറ മരണം ഇപ്പോഴും ഉൾക്കൊള്ളാനാവുന്നില്ല നാടിന്. മരണവാർത്തയറിഞ്ഞ് എത്തിയവർക്കെല്ലാം ചോദിക്കാനുണ്ടായിരുന്നതും അതായിരുന്നു. മോഷണമാണ് ഉദ്ദേശ്യമെങ്കിൽ ഇതിനേക്കാൾ മെച്ചപ്പെട്ട വീടുകൾ ഒരുപാടുണ്ട്. ശത്രുതയായിരുന്നെങ്കിൽ, ചിരിക്കാൻ മാത്രം അറിയാമായിരുന്ന ഈ ചെറുപ്പക്കാരന് അങ്ങനെ ഒരാളും ഇല്ല. അടക്ക പാട്ടക്കച്ചവടമായിരുന്നു കൊല്ലപ്പെട്ട ഉമ്മറിെൻറ തൊഴിൽ. മാന്യമായി പാട്ടക്കച്ചവടം നടത്തി സാമ്പത്തിക രംഗത്ത് സൂക്ഷ്മത പുലർത്തി മാത്രം ജീവിക്കുന്ന ശീലമായിരുന്നു ഉമ്മറിന്റേത്. നാട്ടിൽ ഒരാൾക്കുപോലും എതിരഭിപ്രായവും പറയാനുണ്ടായിരുന്നില്ല. പത്തു പവനോളമേ ഭാര്യ ഫാത്തിമക്ക് സ്വർണമായി ഉണ്ടായിരുന്നുള്ളൂവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.
പാട്ടക്കച്ചവടത്തിൽ അത്യാവശ്യം സാമ്പത്തിക ഭദ്രത ഉമ്മറിന് ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ഭാര്യയോടൊന്നിച്ച് സന്തോഷജീവിതം നയിച്ചുവരുന്നതിനിടെയായിരുന്നു അന്ത്യം. തബ് ലീഗ് ജമാഅത്തിെൻറ പ്രവർത്തകനായിരുന്ന ഉമ്മർ നാട്ടിലെ മുഴുവൻ ആളുകളോടും ചിരിച്ചുകൊണ്ട് മാത്രമേ ഇടപെടാറുണ്ടായിരുന്നുള്ളൂ. പിണങ്ങോട് കോളജിൽനിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കിയ ഉമ്മർ പിന്നീട് പാട്ടക്കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു.
എന്താവും ശിക്ഷ? ആകാംക്ഷയിൽ നാട്
വെള്ളമുണ്ട: നവദമ്പതികളുടെ ഇരട്ടക്കൊലപാതകം നടന്ന് രണ്ടര മാസക്കാലം ഉറക്കം നഷ്ടപ്പെട്ട് കഴിഞ്ഞ പന്ത്രണ്ടാം മൈൽ ഗ്രാമം പ്രതി വിശ്വനാഥനെ 2018ൽ പൊലീസ് പിടികൂടിയ കാലം മുതൽ ആകാംക്ഷയിലാണ്. വാദം എന്താവും, ശിക്ഷ എന്താവും തുടങ്ങി നിരവധി ചോദ്യങ്ങളോടെയാണ് നാട് ഉറങ്ങിയുണർന്നിരുന്നത്. വെള്ളമുണ്ട കണ്ടത്തുവയലിലെ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരാണ് 2018 ജൂലൈ ആറിന് വീട്ടിനുള്ളിൽ വെട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്.
കൊലനടന്ന് ദിവസങ്ങളും മാസങ്ങളും പിന്നിട്ടപ്പോൾ പ്രതിയെ കണ്ടെത്താനാവാത്ത ഭീതിയിലായിരുന്നു ഈ ഗ്രാമം. 2018 സെപ്റ്റംബറിൽ പ്രതിയുമായി പൊലീസ് എത്തിയപ്പോൾ സ്ത്രീകളടക്കം വൻ ജനക്കൂട്ടം പ്രതിയെ കാണാനെത്തിയിരുന്നു. കൊലയിൽ നടുങ്ങിയ കുടുംബങ്ങളിൽ പലരും ഒറ്റക്കുള്ള താമസം ഒഴിവാക്കി ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. ദിവസങ്ങളോളം പ്രതികളെ കണ്ടെത്തുന്നതിന്ന് പൊലീസിനൊപ്പം എല്ലാ സഹായങ്ങളുമായി ഗ്രാമവാസികളും ഇറങ്ങി. കൊലപാതക കാരണമോ കൊല നടത്തിയവരുടെ എണ്ണമോ രീതിയോ ഒന്നും തിരിച്ചറിയാത്തതിൽ ജനം ആശങ്കയിലായിരുന്നു. രണ്ടുപേരെ കൊലപ്പെടുത്തിയത് കേവലം 10 പവനോളം സ്വര്‍ണാഭരണം മോഷ്ടിക്കാനാണെന്ന് പൊലീസും ആദ്യം വിശ്വസിച്ചിരുന്നില്ല. എന്നാല്‍ മറ്റൊരു കാരണം കണ്ടെത്താന്‍ കഴിഞ്ഞുമില്ല.
മോഷണം, വ്യക്തിവൈരാഗ്യം, സംഘടനാവൈരാഗ്യം, ആളെ മാറി കൊലപ്പെടുത്തൽ എന്നിങ്ങനെ പലതരത്തിലുള്ള അഭ്യൂഹങ്ങൾ തുടക്കം മുതൽ ഉയർന്നിരുന്നു. മോഷണശ്രമമാണ് കൊലപാതക കാരണമെന്ന് പ്രതി സമ്മതിച്ചതോടെ നാട് വീണ്ടും നടുങ്ങി.
കൊല നടന്ന വീടും പരിസരവും പൊലീസിെൻറ നിരീക്ഷണത്തിൽ ഇരിക്കെ സമീപത്തെ വീടുകളിൽ പലസമയത്ത് ഉണ്ടായ മോഷണശ്രമങ്ങൾ പൊലീസിനെയും നാട്ടുകാരെയും പ്രയാസപ്പെടുത്തിയിരുന്നു. അടുത്ത വീടുകളിലെ വാതിലിൽ തട്ടി ആളുകളെ ഉണർത്തി അക്രമികൾ ഓടി രക്ഷപ്പെട്ടത് ഇരട്ടക്കൊലപാതകത്തിെൻറ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമായി സംശയിച്ചിരുന്നു. പൊലീസ് കാവലുളള ഒരു സ്ഥലത്ത് മോഷണശ്രമം തുടർച്ചയായി നടന്നതും പ്രദേശവാസികളുടെ ഭീതി വർധിപ്പിച്ചു. സമീപത്തെ പണിസ്ഥലത്തുനിന്നാണ് കൊലപാതകത്തിനുപയോഗിച്ച കമ്പിവളക്കുന്ന ലിവർ എടുത്തതെന്നാണ് കണ്ടെത്തൽ. വളരെ ആസൂത്രിതമായാണ് ഇരട്ടക്കൊലപാതകങ്ങൾ നടത്തിയിരിക്കുന്നത് എന്നാണ് സാഹചര്യത്തെളിവുകൾ വ്യക്തമാക്കിയത്. ഇത്, ക്വട്ടേഷൻ സംഘത്തിലേക്ക് സംശയം നീളാനും ഇടയാക്കി. പ്രതി വിശ്വനാഥൻ ഉൾപ്പെടെ 700ലധികം പേർ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ഉമ്മറിെൻറയും ഭാര്യയുടെയും ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. ഫോൺ കണ്ടെത്താൻ കഴിയാഞ്ഞതും ഒരു ഘട്ടത്തിൽ പൊലീസിനെ വലച്ചു. പ്രദേശത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് സംഭവം നടന്ന ദിവസത്തെയും സമയത്തെയും കാളുകളും റോഡിനോടു ചേര്‍ന്ന സി.സി ടി.വി കാമറ ദൃശ്യങ്ങളുടെ പരിശോധനയും ഇതര സംസ്ഥാന തൊഴിലാളികളുടെ വിരലടയാളവും പരിശോധിച്ചു. നൂറുകണക്കിന് ആളുകളെ ചോദ്യം ചെയ്തു.
മാനന്തവാടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള 30 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. രണ്ട് സി.ഐമാരും നാല് എസ്.ഐമാരുമുള്‍പ്പെട്ട സംഘം ആറ് ഗ്രൂപ്പായിട്ടാണ് അന്വേഷണം നടത്തിയത്.
സംശയങ്ങളും ദുരൂഹതകളും ഏറുകയും ദിവസങ്ങൾ പിന്നിടുകയും ചെയ്തിട്ടും പ്രതി വലയിലാകാത്തതിൽ ഒരു പ്രദേശം മുഴുവൻ ആശങ്കപ്പെട്ടിരുന്നു. ഇവക്ക് വിരാമമിട്ടാണ് പ്രതി പിടിയിലായതും ഇന്നലെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും.
ഇനി ഈ ഗ്രാമത്തിന് ഉറങ്ങാം ആശ്വാസത്തോടെ. ശിക്ഷ കടുത്തതാവണേ എന്ന പ്രാർഥനയിലാണ് നാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.