ബാണാസുരയിൽ കുന്നിടിക്കലും അനധികൃത റോഡ് നിർമാണവും തകൃതി
text_fieldsവെള്ളമുണ്ട: പശ്ചിമഘട്ട മലനിരയായ ബാണാസുര മലനിരകളോട് ചേർന്ന് പരിസ്ഥിതി ദുർബലപ്രദേശത്ത് അനധികൃത കുന്നിടിക്കലും റോഡ് നിർമാണവും തകൃതി. ഞായറാഴ്ച അടക്കമുള്ള ഒഴിവുദിവസങ്ങളിലാണ് കുത്തനെ മണ്ണ് ഇടിച്ചുനിരത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്തെ സ്വകാര്യ തോട്ടത്തിലേക്ക് റോഡ് നിർമിക്കുകയാണെന്നാണ് പറയുന്നത്. എന്നാൽ, പഴയ വിവാദ ക്വാറിയിലേക്കുള്ള റോഡ് നിർമാണമാണ് ചട്ടങ്ങൾ മുഴുവൻ കാറ്റിൽപറത്തി മുന്നേറുന്നതെന്ന് ആക്ഷേപമുണ്ട്.
വാളാരംകുന്ന് ആദിവാസി കോളനിയുടെ മുകൾവശത്തെ കുത്തനെയുള്ള മലനിരയിലാണ് അനധികൃത നിർമാണപ്രവൃത്തി നടക്കുന്നത്. മുൻവർഷങ്ങളിൽ വലിയ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ ഭൂമിയോട് ചേർന്നാണ് മണ്ണിടിച്ചുതള്ളുന്നത്. വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് ക്വാറി പ്രവർത്തിക്കുകയും മണ്ണിടിഞ്ഞ് ട്രാക്ടർ തൊഴിലാളി മരണപ്പെടുകയും ചെയ്തിരുന്നു. അതേ പ്രദേശത്താണ് പ്രവൃത്തി പുരോഗമിക്കുന്നത്.
പരിസ്ഥിതി ദുർബലപ്രദേശത്ത് ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങൾ കാരണം പ്രദേശത്തെ ആദിവാസികളെയടക്കം മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ ഭരണകൂടം നടത്തുമ്പോഴാണ് ബാണാസുര മലയുടെ നിലനിൽപിന് ഭീഷണിയായി മണ്ണിടിക്കുന്നത്. രാഷ്ട്രീയ പിൻബലമുള്ള ഉടമ തികച്ചും അനധികൃതമായാണ് മണ്ണെടുപ്പ് നടത്തുന്നതെന്ന് സാമൂഹികപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. ബാണാസുര വനത്തോട് ചേർന്ന പരിസ്ഥിതി ദുർബലപ്രദേശമാണിത്.
ഈ സ്ഥലത്ത് മണ്ണ് നീക്കുന്നതിനും മരം മുറിക്കുന്നതിനും പ്രത്യേക അനുവാദം വേണം എന്നിരിക്കെ ഒരു അനുമതിയും വാങ്ങാതെയാണ് നിർമാണപ്രവൃത്തി നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഒരുപ്രദേശം മുഴുവൻ കിളച്ചുമറിക്കുകയാണെന്ന് ആദിവാസികളടക്കം പരാതിപ്പെടുന്നു. വൻ മരങ്ങളടക്കം മണ്ണുമാന്തികൊണ്ട് കുഴിച്ച് മറിച്ചിട്ട് അപ്പപ്പോൾതന്നെ ചെറിയ കഷണങ്ങളാക്കി വാഹനങ്ങളിൽ കടത്തുന്നതായും പരാതിയുണ്ട്. വെള്ളമുണ്ട പഞ്ചായത്തിലെ കൊയ്റ്റ് പാറക്കുന്നിൽ വാളാരംകുന്ന് ആദിവാസി കോളനിയോട് ചേർന്നുള്ള ക്വാറിക്കെതിരെ വർഷങ്ങളായി ആദിവാസികളടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തുണ്ട്.
ക്വാറിയുടെ പ്രവർത്തനം പ്രദേശത്തെ ആവാസവ്യവസ്ഥയെ തകർക്കുമെന്ന് വനം വകുപ്പ് തയാറാക്കിനൽകിയ റിപ്പോർട്ട് നിലനിൽക്കെയാണ് പ്രദേശം മുഴുവൻ ഒരുവിധ നിയന്ത്രണങ്ങളുമില്ലാതെ കുഴിച്ചുമറിക്കുന്നത്.മലനിരകളിൽ നടക്കുന്ന മണ്ണെടുപ്പിനെ കുറിച്ച് അന്വേഷിക്കുമെന്ന് വെള്ളമുണ്ട വില്ലേജ് ഓഫിസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.