കഴിഞ്ഞ വർഷത്തെ യൂനിഫോം ഫണ്ട് ലഭിച്ചില്ല; വെട്ടിലായി വിദ്യാലയ അധികൃതർ
text_fieldsവെളളമുണ്ട: കഴിഞ്ഞ വർഷത്തെ യൂനിഫോം ഫണ്ട് ലഭിക്കാതായതോടെ വിശ്വസിച്ച് തുണി വാങ്ങിയ വിദ്യാലയങ്ങൾ വെട്ടിലായി. കോവിഡിന് ശേഷം അധ്യയനം തുടങ്ങിയ വർഷമാണ് യൂനിഫോ വിതരണം താളംതെറ്റിത്തുടങ്ങിയത്. പല ഘട്ടങ്ങളിലായി തുക നൽകുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും ഒരു വർഷത്തെ തുക പൂർണമായി മുടങ്ങുകയായിരുന്നു.
കഴിഞ്ഞവർഷം മുടങ്ങിയ യൂനിഫോം ഫണ്ട് വിതരണം അടുത്ത അധ്യയന വർഷം ആരംഭിക്കാറായിട്ടും വിദ്യാലയങ്ങൾക്ക് ലഭിച്ചിട്ടില്ല.
യൂനിഫോം എടുക്കുന്നതിനായി സർക്കാർ നൽകിവരുന്ന ഫണ്ടാണ് സ്കൂളുകളിൽ ഇതുവരെ ലഭിക്കാത്തത്. ഒരു വിദ്യാർഥിക്ക് രണ്ട് ജോഡി യൂനിഫോം വാങ്ങുന്നതിനായി 600 രൂപയാണ് അനുവദിച്ചിരുന്നത്. ഈ ഫണ്ടാണ് ജില്ലയിലെ സ്കൂളുകളിൽ ഇതുവരെ ലഭിക്കാത്തത്.
ഇതോടെ ആദിവാസികളടക്കമുള്ള വിദ്യാർഥികൾ പ്രതിസന്ധിയിലാകും. സ്കൂൾ തുറന്ന് ഒരു മാസത്തിനകം യൂനിഫോം ധരിക്കണമെന്ന് സ്കൂളുകളിൽ നിന്നും നിർദേശം ലഭിച്ചതോടെ പലരും കഴിഞ്ഞ തവണ യൂനിഫോം സ്വന്തമായി എടുത്തിരുന്നു. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾ യൂനിഫോം വാങ്ങാനാവാതെ ദുരിതത്തിലുമായി. ഫണ്ട് ലഭിക്കുമെന്ന് കരുതി തുണി വിതരണം ചെയ്ത വിദ്യാലയങ്ങളിലെ അധികൃതരും വെട്ടിലായി.
മുമ്പ് എസ്.എസ്.എ മുഖേന നൽകിയിരുന്ന ഫണ്ട് ഇടക്കാലത്ത് വിദ്യാഭ്യാസ വകുപ്പ് നേരിട്ടാണ് നൽകുന്നത്. മുമ്പ് കൃത്യമായി ലഭിച്ചിരുന്ന ഫണ്ട് ഇതോടെ താളംതെറ്റിയ നിലയിലാണ്.
അധ്യയന വർഷത്തിന്റെ പകുതിയിൽ നൽകുന്ന പണം ആർക്കും കൃത്യമായി ഉപകാരപ്പെടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ജില്ലയിൽ 2.25 കോടി രൂപയാണ് യൂനിഫോമിന് ലഭിക്കേണ്ടത്. മാർച്ച് മാസം വിതരണത്തിന് എത്തുന്ന രീതിയിലാണ് തുക അനുവദിക്കാറുള്ളത്. ഇത്തവണയും യൂനിഫോം തുകയുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.