ലോക്സഭ ഉപതെരഞ്ഞെടുപ്പ്; പ്രചാരണത്തിലും തർക്കം തീരാതെ യു.ഡി.എഫ്
text_fieldsവെള്ളമുണ്ട: മുസ്ലിം ലീഗിലെ വിഭാഗീയതയും ലീഗ്-കോൺഗ്രസ് ബന്ധത്തിലെ വിള്ളലും തെരഞ്ഞെടുപ്പു പ്രവർത്തനത്തെ ബാധിക്കുന്നതായി ആക്ഷേപം. പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയായി എത്തിയ ആവേശത്തിൽ ജില്ലയിലെ യു.ഡി.എഫ് കേന്ദ്രങ്ങൾ മുന്നേറുമ്പോൾ വെള്ളമുണ്ട യു.ഡി.എഫിൽ തർക്കം തീരുന്നില്ല.
തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിലടക്കം ഉയരുന്ന കല്ലുകടി നേതൃത്വത്തിനും തലവേദനയായി. പഞ്ചായത്തിലെ മൂന്നാം വാർഡിൽ വനിത ലീഗ്, പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച സംഗമം ലീഗിന്റെ പഞ്ചായത്ത് നേതൃത്വം ഇടപെട്ട് മുടക്കിയതായി പ്രവർത്തകർ ആരോപിക്കുന്നു.
യൂത്ത് ലീഗ് നേതാവായിരുന്ന വ്യക്തി പാർട്ടി മാറി കോൺഗ്രസിൽ ചേർന്നതാണ് അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് നടത്താനുദ്ദേശിച്ച പരിപാടി മുടക്കാൻ കാരണമെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വനിത ലീഗ് നേതാവ് ലീഗ് ഭാരവാഹിക്ക് അയച്ച പ്രതിഷേധ ഓഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോൺഗ്രസുകാരന്റെ വീട്ടുമുറ്റത്ത് പരിപാടി നടത്താൻ പറ്റില്ലെങ്കിൽ പിന്നെ പ്രവർത്തകർ ആർക്കുവേണ്ടിയാണ് ഇറങ്ങേണ്ടതെന്നാണ് ഓഡിയോയിലെ വനിതയുടെ പ്രധാന ചോദ്യം.
തെരഞ്ഞെടുപ്പു സമയത്തെ പോർവിളി പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രവർത്തകർ. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ‘മാധ്യമ’ത്തോട് പറഞ്ഞു. മറ്റിടങ്ങളിൽ പ്രവർത്തനം സജീവമായിട്ടും യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ വെള്ളമുണ്ടയിൽ ലീഗിലെ ഒരു വിഭാഗത്തിന്റെ മാറിനിൽക്കലും ചർച്ചയായിട്ടുണ്ട്. മുൻ പഞ്ചായത്ത്, നിയോജകമണ്ഡലം ഭാരവാഹികളിൽ പലരും പ്രവർത്തന രംഗത്ത് സജീവമല്ലെന്നാണ് ആരോപണം.
നേരത്തേ നടന്ന തരുവണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ലീഗ്, കോൺഗ്രസ് തർക്കത്തിന് നേതൃത്വം ഇടപെട്ട് താൽക്കാലിക പരിഹാരം ഉണ്ടാക്കിയിരുന്നെങ്കിലും പ്രശ്നങ്ങൾ തീർന്നിട്ടില്ലെന്നാണ് ലീഗ്-കോൺഗ്രസ് നേതാക്കളിൽ പലരുടെയും പ്രചാരണ രംഗത്തെ അസാന്നിധ്യം തെളിയിക്കുന്നത്.
തർക്കങ്ങൾക്ക് പരിഹാരം കാണാൻ ജില്ല -സംസ്ഥാന നേതാക്കൾ ഇടപെട്ട് മുമ്പ് നടത്തിയ ഐക്യ ശ്രമങ്ങൾ പാളിയതാണ് വിഭാഗീയത തുടരാൻ കാരണമെന്ന് പ്രവർത്തകർ പറയുന്നു. മുമ്പ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ലീഗിൽ ഉടലെടുത്ത തർക്കം ശക്തമായ ഗ്രൂപ്പുവഴക്കിന് ഇടയാക്കുകയും തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കനത്ത പരാജയം നേരിടേണ്ടിവരുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.