ലോമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങൾ; ഗ്രാമ പഞ്ചായത്ത് ആസ്ഥാനം ഇരുട്ടിൽ
text_fieldsവെള്ളമുണ്ട: ഗ്രാമപഞ്ചായത്ത് ആസ്ഥാനമായ എട്ടേ നാൽ ടൗണിലെ ലോമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും നന്നാക്കാൻ നടപടിയില്ല. ലൈബ്രറി പരിസരം ഇരുട്ടിലായതോടെ കാൽനടയാത്രക്കാരും ദുരിതത്തിലായി. രാത്രി മയങ്ങുന്നതോടെ ഇരുട്ടിലാകുന്ന ടൗണിലെ മൂന്നും കൂടിയ ജങ്ഷനിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടവും വർധിച്ചിട്ടുണ്ട്.
ദിനംപ്രതി പാതിരാത്രി വരെ ആളുകൾ വന്നിറങ്ങുന്ന ടൗണിൽ യാത്രക്കാരും വലയുകയാണ്. ഏറെ ഉപകാരപ്രദമായിരുന്ന ഈ തെരുവുവിളക്ക് നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ലക്ഷങ്ങൾ മുടക്കി നിർമിച്ച ഈ തെരുവുവിളക്ക് ലൈബ്രറിയിലെത്തുന്നവർക്കും പടിഞ്ഞാറത്തറ മൊട്ടമ്മൽ തുടങ്ങിയ റോഡിൽ സഞ്ചരിക്കുന്നവർക്കും ഏറെ ഉപകാരപ്രദമായിരുന്നു.
സന്ധ്യമയങ്ങുന്നതോടെ ഇരുട്ടിലാകുന്ന പ്രദേശത്ത് സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുകയാണ്. കഞ്ചാവ്, വിദേശമദ്യം, പാൻ മസാല തുടങ്ങിയ ലഹരി ഉൽപന്നങ്ങളുടെ വിൽപനയും വർധിച്ചതായി നാട്ടുകാർ പറയുന്നു. മുമ്പും നാട്ടുകാർ ഇടപെട്ട് കരാറുകാരനെ കൊണ്ട് ഇത് ശരിയാക്കിച്ചിരുന്നു. എന്നാൽ ഇപ്പോൾ കരാറുകാരനും കൈമലർത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.