പേര് നിർമിതിയാണെങ്കിലും നിർമാണം നടക്കുന്നില്ല സർ
text_fieldsവെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്തിലെ വാളാരംകുന്ന് ആദിവാസികളുടെ പുനരധിവാസ പദ്ധതിയിൽ വീടുകളുടെ നിർമാണം സർക്കാർ സ്ഥാപനമായ നിർമിതി കേന്ദ്രത്തിനായിരുന്നു. 2018ലും 2019ലും ഇവിടെ ഉരുൾപൊട്ടിയതിനെ തുടർന്നാണ് പുനരധിവാസ പദ്ധതി വരുന്നത്. എന്നാൽ, വർഷമിത്രയായിട്ടും നിർമിതി കേന്ദ്രം ഏറ്റെടുത്ത വീടുകളുടെ നിർമാണം ഇഴയുകയാണ്. 2022ൽ എഗ്രിമെന്റ് വെച്ച 26 വീടുകളിൽ കേവലം ആറോ ഏഴോ വീടുകളുടെ നിർമാണമാണ് ഭാഗികമായെങ്കിലും പൂർത്തിയായത്.
നാരോക്കടവിൽ ഏറ്റെടുത്ത ആദ്യത്തെ ഭൂമിയിലാണ് നിർമാണ പ്രവൃത്തി തുടങ്ങിയത്. രണ്ടുവർഷം മുമ്പാണ് നിർമിതികേന്ദ്രയെ കരാർ ഏൽപിച്ചതെന്ന് ആദിവാസികൾ പറയുന്നു. വെള്ളമുണ്ട, പടിഞ്ഞാറത്തറ പഞ്ചായത്തുകൾക്ക് അതിരു വരക്കുന്ന ഭൂമിയിൽ 19 വീടുകളാണ് നിർമിക്കാൻ ധാരണയായത്. എന്നാൽ, വർഷങ്ങൾക്കിപ്പുറം ആറ് വീടുകൾ മാത്രമാണ് ഇവിടെ ഭാഗികമായി പൂർത്തിയായിരിക്കുന്നത്. ബാക്കി തറയിലൊതുങ്ങി. ചിലതിന്റെ നിർമാണം പോലും തുടങ്ങിയില്ല.
ഉരുൾപൊട്ടൽ ഭീഷണി ഒഴിയാതെ വാളാരംകുന്ന്
ഉരുൾപൊട്ടലും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്ന പ്രദേശമാണ് വാളാരംകുന്ന്. ഇത് പ്രദേശത്തെ കുടുംബങ്ങളുടെ ആധിയേറ്റുകയാണ്. കഴിഞ്ഞ രണ്ട് വർഷവും വൻ മണ്ണിടിച്ചിലും ഉരുൾപൊട്ടലും സംഭവിച്ച പ്രദേശത്തുനിന്ന് ആദിവാസി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. മഴക്ക് ശമനമുണ്ടായ ഉടനെ ജില്ല ഭരണകൂടം ഇടപെട്ട് പ്രദേശത്തെ മുഴുവൻ ആദിവാസികളെയും മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചിരുന്നു. തുടക്കത്തിൽ സ്ഥലമെടുപ്പു നടപടികളും വീട് നിർമാണവും ദ്രുതഗതിയിൽ നടന്നിരുന്നെങ്കിലും പിന്നീട് നിലച്ചു.
ബാണാസുര മലയടിവാരത്തിലെ കോളനിയാണിത്. പ്രദേശത്തെ കരിങ്കൽ ക്വാറിയിലും, കോളനി വീടുകളോട് ചേർന്നും നിരവധി സ്ഥലങ്ങളിൽ കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിച്ചിലും, പ്രദേശത്തെ സ്വകാര്യ തോട്ടങ്ങളിൽ മൂന്നിടങ്ങളിലായി വൻ ഉരുൾപൊട്ടലും ഉണ്ടായിരുന്നു. ശേഷമുള്ള പഠന റിപ്പോർട്ടിനെ തുടർന്നാണ് പ്രദേശത്തെ ആദിവാസി കുടുംബങ്ങളെ മുഴുവനായി ഇവിടെ നിന്ന് മാറ്റാൻ തീരുമാനിച്ചത്.
അവിശുദ്ധ കൂട്ടുകെട്ടിൽ അഴിമതി തെളിയുന്നു
തുടക്കത്തിൽ വീട് നിർമാണത്തിനുള്ള കരാർ നടപടി ഉറപ്പിക്കാനുള്ള ചിലരുടെ മത്സരവും പദ്ധതി വൈകിക്കാൻ ഇടയാക്കി. വാളാരംകുന്ന്, പെരുങ്കുളം മലനിരകളിൽ നിന്നും 82 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. സ്ഥലമെടുപ്പും വീട് നിർമാണവുമായി കോടികളുടെ പദ്ധതിയാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി മലമുകളിൽ നടന്ന വികസന ക്ഷേമ പദ്ധതികളിൽ പലതിലും അധികൃതരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുണ്ട്.
പുനരധിവാസ പദ്ധതിയിലുൾപ്പെടുത്തിയ ഈ കോളനികളിൽ പല പദ്ധതികളിലായി നിർമിച്ചതും, പുതുതായി നിർമിച്ച വീടുകളും അഴിമതിയുടെ നേർക്കാഴ്ചയാണ്. വീടുണ്ടെങ്കിലും കിടന്നുറങ്ങണമെങ്കിൽ പ്ലാസ്റ്റിക് കൂരകളാണ് ആശ്രയം. ട്രൈബൽ വകുപ്പിന്റെ മേൽനോട്ടത്തിൽ നിർമിച്ച കോൺക്രീറ്റ് വീടുകളിൽ പലതും ചോരുന്നു. മുമ്പ് നിർമിച്ച വീടുകൾക്കാവട്ടെ വാതിലുകൾ പോലുമില്ല. അനുവദിച്ച പണം മുഴുവൻ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കരാറുകാരൻ വാങ്ങി മുങ്ങിയപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വീടുകളിൽ സ്ത്രീകളും കുട്ടികളും ഭയപ്പാടോടെ കിടന്നുറങ്ങേണ്ട അവസ്ഥയാണ്.
2015-16 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലാണ് പ്രത്യേക ട്രൈബൽ ഫണ്ട് വകയിരുത്തി വാളാരംകുന്ന് കോളനിയിൽ 16 വീടുകൾക്ക് പണം അനുവദിച്ചത്. മൂന്നര ലക്ഷം രൂപയാണ് ഓരോ കുടുംബങ്ങൾക്കും അന്ന് അനുവദിച്ചത്. ഇതിൽ 8 വീടുകളുടെ പണി ആദിവാസികൾ നേരിട്ട് എടുക്കുകയും ബാക്കി 8 എണ്ണം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെ കരാറുകാരനെ ഏൽപിക്കുകയുമായിരുന്നു. ആദിവാസികൾ സ്വന്തമായി മേൽനോട്ടം നൽകി നിർമിച്ച വീടുകളുടെ പണി പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞാണ് കരാറുകാരൻ ഏറ്റെടുത്ത വീടുകൾ അന്നവിടെ പൂർത്തിയായത്. തറയും ചുമരും മേൽക്കൂര വാർപ്പും നടത്തി പണവും വാങ്ങി കരാറുകാരൻ മുങ്ങിയത് അന്ന് വിവാദമായിരുന്നു. വാർത്ത് തേപ്പും വയറിങ്ങും അടുപ്പും,കക്കൂസും നിർമിച്ചാൽ മാത്രമാണ് തുക മുഴുവനായി ലഭിക്കുക.
എന്നാൽ, പണി എവിടെ വരെ എത്തി എന്ന് പോലും നോക്കാതെ വാതിലുപോലും വെക്കാതെ നിർമാണം നിർത്തിയ കരാറുകാരന് പണം നൽകിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുറന്നിട്ട മുറികളിലാണ് ആദിവാസി കുടുംബങ്ങൾ ഇന്നുംകിടന്നുറങ്ങുന്നത്. വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികളെ മലയിറക്കി കുത്തകകൾക്ക് കൈയേറ്റത്തിനുള്ള സാഹചര്യം ഒരുക്കുന്നതിനുള്ള നീക്കവും മറ്റൊരുവശത്ത് നടക്കുന്നുണെന്നും ആക്ഷേപമുണ്ട്.
പദ്ധതി പ്രദേശത്തേക്ക് റോഡ് നിർമിക്കുന്നതിന് മാസങ്ങൾ എടുത്തു. ഏറ്റെടുത്ത സ്ഥലത്തിനരികിൽ വൈദ്യുതിക്കാൽ ഉണ്ടായിരുന്നെങ്കിലും നിർമാണം തുടങ്ങുന്നതിനായി വൈദ്യുതി ലൈൻ വലിക്കാൻ ഏകദേശം ഒരു വർഷം എടുത്തു. ഇങ്ങനെ പദ്ധതി നടപ്പിലാക്കിയാൽ നിർമാണം എപ്പോൾ പൂർത്തിയാകുമെന്നാണ് നാട്ടുകാരുടെ ചോദ്യം. പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നതോടെ ചോരാത്ത വീടെന്ന ആദിവാസികളുടെ സ്വപ്നത്തിലാണ് നിർമിതിയുടെ മെല്ലെപ്പോക്കും അധികൃതരുടെ അനാസ്ഥയും കരിനിഴൽ വീഴ്ത്തുന്നത്.
(പരമ്പര അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.