തടസം നീങ്ങാതെ പടിഞ്ഞാറത്തറ -പൂഴിത്തോട് ബദൽ റോഡ്; പ്രതിഷേധം ശക്തം
text_fieldsവെള്ളമുണ്ട: പ്രതിഷേധം ശക്തമാകുമ്പോഴും പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ റോഡിന്‍റെ തുടർനടപടികളുടെ തടസ്സം നീങ്ങുന്നില്ല. രണ്ട് പതിറ്റാണ്ട് മുമ്പ് നിർമാണം ആരംഭിച്ച പടിഞ്ഞാറത്തറ -പൂഴിത്തോട് ബദൽ റോഡാണ് തടസ്സങ്ങൾ നീങ്ങാതെ കിടക്കുന്നത്.1994 ൽ യു.ഡി.എഫ് ഭരണകാലത്ത് ആരംഭിച്ച ഈ ബദൽ റോഡ് നിർമാണം ഇപ്പോൾ പൂർണമായും നിലച്ചിരിക്കുകയാണ്.
കേവലം എട്ടു കിലോമീറ്റർ ദൂരം മാത്രമാണ് റോഡുകൾ തമ്മിൽ കൂട്ടിമുട്ടാനുള്ളത്. നിര്‍മാണം ആരംഭിച്ച് പാതിവഴിയില്‍ നിലച്ചുപോയ ബദല്‍ പാതകളില്‍ പ്രഥമ പരിഗണന ലഭിച്ച റോഡാണിത്. 70 ശതമാനത്തിലധികം പണി പൂര്‍ത്തീകരിച്ച പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ ഫണ്ട് സർക്കാർ മുൻ വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിരുന്നുവെങ്കിലും തുടർ നടപടിയുണ്ടായില്ല.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, രാഹുല്‍ ഗാന്ധി എം.പി, പൊതുമരാമത്ത് മന്ത്രി തുടങ്ങിയവർക്കും നിവേദനം മുമ്പ് നാട്ടുകാർ നൽകിയിരുന്നു. രാത്രികാല യാത്രാനിരോധനത്തിനും ചുരത്തില്‍ ദിനംപ്രതി അനുഭവപ്പെടുന്ന ഗതാഗത കുരുക്കിനും ശാശ്വത പരിഹാരമാകുന്ന റോഡാണിത്.
വയനാടിന്‍റെ സമഗ്ര വികസന മുന്നേറ്റത്തിനും മണിക്കൂറുകളോളം ചുരത്തില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിനും പരിഹാരമെന്ന നിലയില്‍ ചുരുങ്ങിയ തുകകൊണ്ട് പൂര്‍ത്തീകരിക്കുവാന്‍ കഴിയും.ഗതാഗത കുരുക്കിൽ ഒറ്റപ്പെടുന്ന വയനാടിന് ബദൽ പാതകളിലാണ് പ്രതീക്ഷ. സംസ്ഥാന സർക്കാർ ഈ പദ്ധതിക്കാവശ്യമായ തുക ബജറ്റിൽ വകയിരുത്തി അപേക്ഷയും പ്രോജക്ട് റിപ്പോര്‍ട്ടും കേന്ദ്ര സർക്കാറിന് സമര്‍പ്പിച്ചാല്‍ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ആശ്വാസമാകുമെന്ന് ജനപ്രതിനിധികളടക്കം പറയുന്നു.
വനത്തിലൂടെ റോഡ് വെട്ടുന്നതിന് വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നല്‍കുന്നതുപോലെ വന നിയമങ്ങളില്‍ ഇളവ് അനുവദിച്ച് നിർമാണത്തിനാവശ്യമായ സാങ്കേതിക അനുമതി ലഭിക്കുവാനും സാധ്യതയുണ്ട്.വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ തടസ്സവാദങ്ങളാണ് വിലങ്ങുതടിയായി നിൽക്കുന്നത്. വയനാടിന്റെ വികസനത്തിന് സഹായമായ ഈ സുപ്രധാന പാത യാഥാർഥ്യമാവാൻ വൈകുന്നതിൽ അധികൃതരുടെ അനാസ്ഥയും പ്രകടമാണെന്ന് ആക്ഷേപമുണ്ട്.
ചുരം ആവശ്യമില്ലാത്ത പാത
വെളളമുണ്ട: കോഴിക്കോട് ജില്ലയിലെ പൂഴിത്തോട് നിന്ന് തുടങ്ങി പടിഞ്ഞാറത്തറയിൽ അവസാനിക്കുന്നതാണീ ബദൽ പാത. ചുരം ആവശ്യമില്ലാത്ത റോഡുകൂടിയാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളായ പെരുവണ്ണാമൂഴിയേയും ബാണാസുര സാഗറിനെയും തൊട്ടുരുമ്മി കടന്നുപോകുന്നു.
27.225 കിലോമീറ്റർ ദൂരമുളള പാത 12.940 കിലോമീറ്റർ വനത്തിലൂടെയാണ് കടന്നു പോകുന്നത്. പന്ത്രണ്ടര കിലോമീറ്റർ വനത്തിലൂടെ റോഡ് വെട്ടുമ്പോൾ 52 ഏക്കർ വനഭൂമി നഷ്ടപ്പെടുമെന്നാണ് കണക്ക്. അതിന് പകരമായി തൊണ്ടർനാട് പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് വില്ലേജിൽ 33 ഏക്കർ റവന്യൂ ഭൂമി വർഷങ്ങൾക്ക് മുമ്പ് വനം വകുപ്പിന് കൈമാറിയിരുന്നു. വൈത്തിരി താലൂക്കിലെ തരിയോട് വില്ലേജിൽ എം.കോയ കുട്ടിയും, കെ.കെ.മമ്മു ഹാജിയും 10 ഏക്കർ വീതം ഭൂമിയും ഇതേ ആവശ്യത്തിന് സൗജന്യമായി നൽകിയിട്ട് വർഷങ്ങളായി.
എന്നിട്ടും വനംവകുപ്പിന്റെ തടസവാദങ്ങൾ പറഞ്ഞ് പദ്ധതി നീളുകയാണ്. റോഡിന്റെ ബാക്കി ഭാഗങ്ങളുടെ പണി പൂർത്തിയായിട്ട് 18 വർഷം കഴിഞ്ഞു. അവശേഷിക്കുന്ന എട്ടു കിലോമീറ്റർ ദൂരം റോഡ് എന്ന് കൂട്ടിമുട്ടും എന്ന ചോദ്യമാണ് ഉയരുന്നത്. സർവകക്ഷിയുടെയും എം.എൽ.എയുടെയും നേതൃത്വത്തിൽ മുമ്പ് വകുപ്പ് മന്ത്രിയെ കണ്ട് സംസാരിച്ചിരുന്നു. സർവകക്ഷി യോഗം ചേർന്ന് തീരുമാനിക്കാം എന്ന ഉറപ്പ് മാത്രം ബാക്കിയായി.. ഈ റോഡ് യാഥാർഥ്യമായാൽ യാത്രാ ദുരിതത്തിന് ആശ്വാസം എന്നതിനൊപ്പം കോഴിക്കോട് നിന്ന് കൽപറ്റയിലേക്ക് 16 കിലോമീറ്റർ ദൂരവും കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.