വറുതിയുടെ നോമ്പോർമയിൽ പാത്തുമ്മ
text_fieldsവെള്ളമുണ്ട: വറുതിയുടെ പഴയകാലത്ത് ചക്ക പുഴുങ്ങിയതുകൊണ്ട് നോമ്പുതുറന്ന ഓർമകൾ സൂക്ഷിക്കുകയാണ് തൊണ്ണൂറിെൻറ നിറവിലും പാത്തുമ്മ. വെള്ളമുണ്ട പഞ്ചായത്തിലെ കട്ടയാട് പരേതനായ കുന്നുംപുറത്ത് മൊയ്തുവിെൻറ ഭാര്യ പാത്തുവിന് പഴയ നോമ്പുകാലത്തെ കുറിച്ച് പറയാനേറെ. അന്ന് മിക്ക വീടുകളിലും പട്ടിണിയായിരുന്നു. അത്താഴത്തിന് കഞ്ഞിവെള്ളവും കാച്ചില് പുഴുങ്ങിയതുമാണ് ഉണ്ടാവുക. ഏതെങ്കിലും വീടുകളിൽനിന്ന് കിട്ടുന്ന ചക്കയായിരുന്നു നോമ്പ് തുറക്കാനുള്ള ഭക്ഷണം.
കാച്ചില് പുഴുങ്ങിയതും വയറുനിറയെ വെള്ളവും കുടിച്ച് സുബ്ഹി നമസ്കാരവും കഴിഞ്ഞ് കൂലിപ്പണിക്ക് ഇറങ്ങും. സമ്പന്നരുടെ വീടുകളിൽ ചെന്ന് പുലർച്ച മുതൽ വൈകീട്ടുവരെ നെല്ല് കുത്തിയാൽ കൂലിയായി കിട്ടുന്ന അരി കൊണ്ടുവന്നാണ് കഞ്ഞിവെച്ചിരുന്നത്. അരിക്ക് ക്ഷാമമുള്ള ആ കാലത്ത് അൽപം അരിയെടുത്ത് കൂടുതൽ വെള്ളം ഒഴിച്ച് കഞ്ഞിവെക്കും. റേഷനരി കിട്ടുന്ന ദിവസം മാത്രമാണ് ചിലപ്പോൾ ചോറുണ്ടാക്കുക. വറുതിയുടെ റമദാനിലും ഒരുക്കങ്ങൾക്ക് കുറവുണ്ടായിരുന്നില്ല. കക്ക നീറ്റി കുമ്മായമാക്കി വീട്ടുചുമരുകൾക്ക് വെൺമ നൽകും.
കരി പൊടിച്ച് കുളിരുമാവിെൻറ കൊഴുപ്പിൽ കലക്കി നിലം മെഴുകി വൃത്തിയാക്കും. നന്മ ഏറെയുള്ള കാലം കൂടിയായിരുന്നു അതെന്ന് പാത്തുമ്മ ഓർക്കുന്നു. ഒരു നോമ്പുകാലത്ത് പുൽവീട് കത്തിനശിച്ചത് ഇന്നും പേടിപ്പിക്കുന്ന ഓർമയാണിവർക്ക്. കുട്ടികൾ കളിക്കുന്നതിനിടയിൽ വീടിന് തീപിടിച്ചു. കത്തുന്ന വീടിനകത്തുണ്ടായിരുന്ന വൃദ്ധയായ ഉമ്മയെ എടുത്ത് പുറത്തേക്കോടിയതും കത്തിയമർന്ന വീടിനുമുന്നിൽ പറക്കമുറ്റാത്ത കുട്ടികളെയും ചേർത്തുപിടിച്ച് കരഞ്ഞതും വിവരിക്കുേമ്പാൾ മുഖത്ത് ഇപ്പോഴും നടുക്കം.ഓടിക്കൂടിയ നാട്ടുകാർ ചാരമായ വീടിനു പകരം ഒറ്റ രാത്രി കൊണ്ട് മറ്റൊരു വീട് പണിതുനൽകിയ മനുഷ്യസ്നേഹത്തിെൻറ നോമ്പുകാലമായിരുന്നു അത്. അണുകുടുംബത്തിലേക്ക് മാറിയ ഈ കാലത്ത് മനുഷ്യസ്നേഹത്തിനുപോലും മതിലുകളായെന്ന സങ്കടവും പാത്തുമ്മക്കുണ്ട്. റമദാനിൽ മൂന്നു തവണയെങ്കിലും ഖുർആൻ മുഴുവനായും ഇന്നും പാരായണം ചെയ്യും. ഏഴ് മക്കളുള്ള പാത്തുമ്മ, ഇളയ മകൻ അബ്ദുല്ലക്കൊപ്പമാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.