ലീഗ് കോട്ടകൾ വീണ്ടും ജയലക്ഷ്മിയെ കൈവിട്ടു
text_fieldsവെള്ളമുണ്ട: മുസ്ലിം ലീഗിെൻറ ഉരുക്കു കോട്ടകൾ വീണ്ടും ജയലക്ഷ്മിയെ കൈവിട്ടു. മാനന്തവാടി മണ്ഡലത്തിലെ യു.ഡി.എഫ് കോട്ടകളിലെല്ലാം വലിയ തോതിലുള്ളള വോട്ടുചോർച്ചയുണ്ടായത് നേതൃത്വത്തെ വെട്ടിലാക്കുന്നു. രാഹുൽ ഗാന്ധിയെ സമ്മർദം ചെലുത്തി തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിച്ചിട്ടും ലീഗ് കോട്ടയായ വെള്ളമുണ്ടയിലടക്കം കഴിഞ്ഞ തവണത്തെ ലീഡ് പോലും നേടാൻ യു.ഡി.എഫിന് കഴിഞ്ഞില്ല.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 1304 വോട്ട് ലീഡാണ് ജയലക്ഷ്മിക്ക് വെള്ളമുണ്ടയിൽ ലഭിച്ചത്. ഇത്തവണ അത് 297ലേക്ക് താഴ്ന്നു. മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം 3000ത്തിൽ അധികം ലീഡ് നിലനിർത്തിയ യു.ഡി.എഫിന്, വെള്ളമുണ്ടയിൽ 297ലേക്ക് ലീഡ് താഴ്ന്നത് മുസ്ലിം ലീഗ് നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്. വർഷങ്ങളായി നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങളും ലീഗും കോൺഗ്രസും തമ്മിലെ തർക്കവും പരിഹരിക്കാതെ പോയതാണ് വൻതോതിലുള്ള വോട്ടുചോർച്ചക്ക് വഴിവെച്ചതെന്ന് ആക്ഷേപമുണ്ട്.
ലീഗിലെ തൊഴുത്തിൽകുത്ത് മുതലാക്കി ഇടതുപക്ഷം നടത്തിയ അടുക്കും ചിട്ടയുമുള്ള പ്രവർത്തനമാണ് നേട്ടത്തിന് കാരണം. കഴിഞ്ഞ 35 വർഷമായി മുസ്ലിം ലീഗ് ജയിക്കുന്ന തരുവണയിലും കെല്ലൂരുമടക്കം ഒ.ആർ. കേളുവിന് ലീഡുണ്ടാക്കാനായത് ലീഗിൽ വലിയ തോതിലുള്ള വിമർശനങ്ങൾക്കിടയാക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വെള്ളമുണ്ടയിൽ നേടിയ അട്ടിമറി ജയം വീണ്ടും ആവർത്തിച്ചു. ജില്ല പഞ്ചായത്ത് ഡിവിഷനിലും അട്ടിമറി ജയമാണ് അന്ന് ഇടതുപക്ഷം നേടിയത്.
ആദ്യ മത്സരത്തിൽ മികച്ച വിജയം നൽകി കൂടെനിന്ന യു.ഡി.എഫ് കോട്ടകളാണ് ഇത്തവണയും കഴിഞ്ഞ തവണത്തേതിലും കൂടുതലായി വോട്ട് ചോർച്ചയോടെ ജയലക്ഷ്മിക്കെതിരായത്. ആദ്യതവണ മന്ത്രിസ്ഥാനം ലഭിച്ച പി.കെ. ജയലക്ഷ്മിയുടെ പ്രവർത്തനത്തിൽ ജില്ലയിലെ മുസ്ലിം ലീഗ് നേതൃത്വമടക്കം നിരാശ പ്രകടിപ്പിച്ചിരുന്നു. തുടർന്നുവന്ന തെരഞ്ഞെടുപ്പിൽ ആ പ്രതിഷേധങ്ങൾ പരാജയത്തിനിടയാക്കുകയും ചെയ്തു. ഇത്തവണ ലീഗിെൻറ അതൃപ്തി ഒരു പരിധിവരെ പരിഹരിച്ച് ഒറ്റക്കെട്ടായാണ് പ്രചാരണത്തിനിറങ്ങിയതെങ്കിലും പഴയ പ്രതിച്ഛായ മാറ്റിയെടുക്കാൻ യു.ഡി.എഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. വെള്ളമുണ്ട, പനമരം, തൊണ്ടർനാട്, എടവക, തവിഞ്ഞാൽ പ്രദേശങ്ങളിൽ കഴിഞ്ഞ തവണത്തേതിലും കൂടുതൽ ലീഡുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.