പ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് കഴിഞ്ഞു; ബാക്കിയായത് ഒരു സീറ്റ്
text_fieldsവെള്ളമുണ്ട: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻറ് കഴിഞ്ഞപ്പോൾ ജില്ലയിൽ അപേക്ഷിച്ച 4363 കുട്ടികൾ പുറത്ത്.12,415 കുട്ടികളാണ് പ്രവേശനത്തിന് അപേക്ഷ നൽകിയത്. ഇതിൽ 8052 വിദ്യാർഥികൾക്ക് മാത്രമാണ് പ്ലസ് വൺ സീറ്റ് ലഭിച്ചത്. ഒരു സീറ്റ് മാത്രമാണ് അവശേഷിക്കുന്നത്. ഇതോടെയാണ് 4363 കുട്ടികൾ സീറ്റില്ലാതെ പുറത്തായത്. പോളി ടെക്നിക്, ഐ.ടി.ഐ തുടങ്ങിയ കോഴ്സുകളിലേക്ക് പോകാതെ പ്ലസ് വൺ സീറ്റ് ആഗ്രഹിച്ച വിദ്യാർഥികളാണ് അവർ.എസ്.എസ്.എൽ.സിക്ക് ശേഷം പോളി, ഐ.ടി.ഐ കോഴ്സുകൾക്ക് ചേരുന്ന വിദ്യാർഥികളുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമായിരുന്നു എന്നാണ് പഴയകാല അനുഭവം തെളിയിക്കുന്നത് .പ്രവേശനത്തിന് അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി ആണെങ്കിലും അഡ്മിഷൻ പരിശോധിച്ചാൽ തൊണ്ണൂറു ശതമാനവും പ്ലസ്ടുവിന് ശേഷമാണെന്നത് കാണാം.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ നിന്ന് വരുന്ന കുട്ടികളും സംസ്ഥാന സിലബസിൽ പ്ലസ്ടുവിന് അപേക്ഷിക്കാറുണ്ട്. അതിനാൽ, നല്ലൊരു ശതമാനം വിദ്യാർഥികൾ സീറ്റില്ലാതെ പുറത്താവുമെന്നതാണ് ജില്ലയിലെ നിലവിലെ അവസ്ഥ.ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മൂന്നില്‍ ഒരു ഭാഗം എല്ലാ വർഷവും വയനാട് ജില്ലയില്‍ നിന്നുള്ളവരാണ്. ഏറ്റവും സീറ്റ് കുറവും ഈ ജില്ലയിൽ തന്നെയാണ് എന്നതും അവഗണനയുടെ ആഴം വ്യക്തമാക്കുന്നു. ഈ അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ എസ്.സി വിഭാഗത്തിലെ 532 വിദ്യാർഥികളിൽ 528 പേരും, എസ്.ടി വിഭാഗത്തിലെ 2477 വിദ്യാർഥികളിൽ 2287 പേരും വിജയിച്ചു. ജില്ലയിൽ ഈ വിഭാഗത്തിന് പ്ലസ് വൺ പ്രവേശനത്തിന് എട്ടു ശതമാനമാണ് സംവരണം.
പട്ടിക വർഗ ജനവിഭാഗം ഏറ്റവും കൂടുതലുള്ള വയനാട് ജില്ലയിൽ അവർക്കുള്ള സീറ്റുകൾ വിജയിച്ച കുട്ടികളുടെ മൂന്നിലൊന്നു മാത്രമാണ്.1500 ഓളം കുട്ടികൾ സംവരണപരിധിക്ക് പുറത്താണ്.ജില്ലയിലെ ആദിവാസി വിദ്യാര്‍ഥികള്‍ ഹ്യുമാനിറ്റീസ്, കോമേഴ്സ് സ്ട്രീമുകള്‍ക്കായി അവശേഷിക്കുന്ന തുച്ഛമായ സീറ്റുകള്‍ക്ക് മത്സരിച്ച് പുറത്തായ സ്ഥിതിയാണ് നിലവിലുള്ളത്. ശേഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. കുറേ വര്‍ഷങ്ങളായി ജില്ലയിലെ അവസ്ഥയാണിത്. പരിഹാരമായി ഏർപ്പെടുത്തുന്ന സീറ്റുവർധന യഥാർഥത്തിൽ പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്യുക. അധ്യാപക വിദ്യാർഥി അനുപാതം ഹയർ സെക്കൻഡറിയിൽ 1:40 വരെയാകാം.
ക്ലാസിൽ 50 കുട്ടികളിൽ കൂടുതൽ പാടില്ലെന്ന് 2020 ൽ കോടതി നിർദേശമുണ്ടെന്നിരിക്കെ 20 ശതമാനം സീറ്റ് വർധിപ്പിച്ചാൽ ക്ലാസിൽ 60 കുട്ടികൾ വരും. 20:20 അനുപാതത്തിൽ സ്ഥലപരിമിതിയുള്ള പ്ലസ്ടു ക്ലാസ് മുറികളിൽ 60 കുട്ടികൾ താങ്ങാവുന്നതിലും അപ്പുറമാണ്. കുട്ടികളുടെ സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെ തുടക്കവും വളർച്ചയും സാധ്യമാവേണ്ട ക്ലാസ് മുറികൾക്ക് അവരെ ഉൾക്കൊള്ളാനോ ആവശ്യമായ പോസിറ്റിവ് എനർജി നൽകാനോ കഴിയില്ല. ഗോത്രവർഗ കുട്ടികളുടെ സ്പെഷൽ അഡ്മിഷനും, സാമൂഹിക നീതി വകുപ്പ് വഴി വരുന്ന പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികളുംകൂടി വരുന്നതോടെ ക്ലാസ് മുറികൾ കുട്ടികളുടെ ബാഹുല്യത്തിൽ വീർപ്പുമുട്ടും. 40 കുട്ടികൾ ഇരിക്കേണ്ട ക്ലാസ് മുറിയിൽ 60ഉം 65 ഉം കുട്ടികളാവും.അലോട്ട്മെൻറിന് ശേഷം പുറത്തായ കുട്ടികളുടെ പ്രവേശനത്തിന് പരിഹാരം കാണുമെന്ന് വകുപ്പു മന്ത്രിയടക്കം പറയുന്നുണ്ടെങ്കിലും എത്രത്തോളം പ്രായോഗികമാവുമെന്നതിൽ ആശങ്ക ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.