വെള്ളമുണ്ട ജി.യു.പി സ്കൂൾ മൈതാനത്ത് കെട്ടിടം നിർമിക്കുന്നതിൽ പ്രതിഷേധം
text_fieldsവെള്ളമുണ്ട: വർഷങ്ങളായി വെള്ളമുണ്ടയിലെ കായികതാരങ്ങളും വിദ്യാർഥികളും ഉപയോഗിക്കുന്ന മൈതാനത്തിൽ കെട്ടിടം നിർമിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. വെള്ളമുണ്ട ജി.യു.പി സ്കൂൾ മൈതാനത്താണ് കെട്ടിടം നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വിദ്യാലയത്തിെൻറ ഏക കളിസ്ഥലമാണിത്. ഇവിടെ കെട്ടിടം ഉയരുന്നതോടെ കളിസ്ഥലംതന്നെ ഇല്ലാത്ത അവസ്ഥയുണ്ടാവുമെന്നാണ് പരാതി. നിലവിൽ ആവശ്യത്തിന് ക്ലാസ്മുറികളില്ലാത്ത വിദ്യാലയത്തിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് സ്ഥലമില്ലാത്തതിനാലാണ് സ്കൂളിെൻറതന്നെ കളിസ്ഥലത്ത് നിർമാണം തുടങ്ങാൻ തീരുമാനിച്ചതെന്ന് സ്കൂളധികൃതർ പറയുന്നു. നിലവിലെ കെട്ടിടങ്ങളിൽ പലതും കാലപ്പഴക്കത്താൽ ഉപയോഗശൂന്യമാണ്. തുടർന്നാണ് എം.എൽ.എ ഇടപെട്ട് ഒരു കോടി രൂപ അനുവദിച്ചത്.
കാലങ്ങളായി പ്രദേശവാസികൾ ഉപയോഗിക്കുന്ന കളിമൈതാനത്ത് കെട്ടിടം വരുന്നതോടെ ബാക്കി ഭാഗം പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ വരുമെന്ന് നാട്ടുകാർ പറയുന്നു. കളിസ്ഥലത്തെ കെട്ടിടത്തിെൻറ സുരക്ഷ പ്രധാനമാണെന്നതിനാൽ ചുറ്റുമതിൽകൂടി നിർമിക്കേണ്ടി വരും. ഇതോടെ നാട്ടുകാർക്ക് പ്രവേശനവും ഇല്ലാതാവും എന്നാണ് ആശങ്ക. വിദ്യാലയങ്ങളുടെ കളിമൈതാനങ്ങളിൽ കെട്ടിട നിർമാണം പാടില്ലെന്നാണ് ചട്ടം. ഇതു ലംഘിച്ചാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്തതെന്നും ആക്ഷേപമുണ്ട്. ഉപയോഗപ്രദമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുനീക്കി ആ സ്ഥലത്ത് കെട്ടിടം നിർമിക്കണമെന്നാണ് ആവശ്യം.
സംഭവം വിവാദമായതോടെ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രശ്നത്തിലിടപെടുകയും കളിസ്ഥലം നഷ്ടപ്പെടാത്ത രൂപത്തിൽ കെട്ടിടം നിർമിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് സുധി രാധാകൃഷ്ണൻ പറഞ്ഞു. കളിസ്ഥലം നഷ്ടപ്പെടുത്തിയുള്ള നിർമാണം നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.