തെരഞ്ഞെടുപ്പു വിവാദങ്ങളിൽ പുകഞ്ഞ് പുളിഞ്ഞാൽ റോഡ്
text_fieldsവെള്ളമുണ്ട: നിർമാണം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തിയാവാതെ കിടക്കുന്ന പുളിഞ്ഞാൽ റോഡ് നന്നാക്കാതെ വോട്ട് ചെയ്യില്ലെന്ന നാട്ടുകാരുടെ പ്രഖ്യാപനം ഇരുമുന്നണികൾക്കും കീറാമുട്ടിയാകുന്നു. തെരഞ്ഞെടുപ്പു സമയത്ത് വിവാദം കത്തിയതോടെ ഇരുപക്ഷവും ആരോപണ പ്രത്യാരോപണവുമായി രംഗത്തുണ്ട്.
കൽപറ്റ എം.എൽ.എ ടി. സിദ്ദീഖ് വിവാദത്തിൽ ഇടപെട്ടതാണ് രംഗം കൊഴുപ്പിച്ചത്. സിദ്ദീഖ് നടത്തിയത് കേവലം രാഷ്ട്രീയ നാടകമാണെന്ന് ഇടതുപക്ഷം ആരോപിക്കുമ്പോഴും പ്രശ്നത്തിന് പരിഹാരം കാണാനാവാത്തത് ഭരണപക്ഷത്തിന് തിരിച്ചടിയാവുമെന്ന് നാട്ടുകാർ പറയുന്നു.
2021 ഫെബ്രുവരി 17നാണ് വെള്ളമുണ്ട തോട്ടോളിപ്പടി റോഡ് നിർമാണം ആരംഭിക്കുന്നത്. എഗ്രിമെന്റ് പ്രകാരം ഫെബ്രുവരി 16ന് പ്രവൃത്തി പൂർത്തീകരണ കാലാവധി അവസാനിക്കും. എന്നാൽ, 2022 നവംബർ 30 വരെ ഒന്നാം തവണ കാലാവധി നീട്ടിനൽകുകയും വീണ്ടും 2023 മാർച്ച് 31 വരെ രണ്ടാം തവണയും 2023 മേയ് 31 വരെ മൂന്നാം തവണയും 2023 ആഗസ്റ്റ് 31 വരെ നാലാം തവണയും റോഡ് പ്രവൃത്തി പൂർത്തീകരണ കാലാവധി നീട്ടിനൽകി.
നാലു തവണ പ്രവൃത്തി പൂർത്തീകരണ കാലാവധി നീട്ടിനൽകിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അനാസ്ഥ കാരണം പ്രസ്തുത പ്രവൃത്തി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കുന്നതിനായി ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും യോഗം വിളിച്ചുചേർത്ത് ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ മാനന്തവാടി എം.എൽ.എ ഒ.ആർ. കേളുവിന്റെ അധ്യക്ഷതയിൽ യോഗം വിളിച്ചുചേർത്ത് സാങ്കേതിക തടസ്സങ്ങൾ നീക്കുന്നതിനാവശ്യമായ തീരുമാനങ്ങൾ എടുത്ത് നടപ്പാക്കിയിരുന്നു. എന്നിട്ടും നിർമാണ പ്രവൃത്തി എങ്ങുമെത്താതെ ഇഴയുകയാണ്. 10 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡിൽ പല ഭാഗങ്ങളിലും പൊടിശല്യവും ചളിശല്യവും കാരണം നാട് ദുരിതത്തിലാണ്. ചെറുമഴ പെയ്താൽ പോലും റോഡിലൂടെ കാല്‍നടയടക്കം കഴിയാത്ത അവസ്ഥയിലാണ്.
കുടിവെള്ള പദ്ധതിയുടെ പൈപ്പിടലിന് കുഴിച്ചതോടെ ഇരട്ടി ദുരിതം പേറുകയാണ് ഗ്രാമം. പൈപ്പിടാനായി റോഡിന്റെ പല ഭാഗത്തായി വ്യാപകമായി കുഴിച്ചതോടെ യാത്ര ദുഷ്കരമായി. കഴിഞ്ഞ ദിവസം ചെയ്ത മഴയിൽ ഉഴുതുമറിച്ച നിലം കണക്കെയായി റോഡ്.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിക്കുന്ന റോഡായതിനാൽ എം.പി രാഹുൽ ഗാന്ധി ഇടപെട്ടില്ലെന്ന വിവാദവും മറുപക്ഷം ഉയർത്തുന്നുണ്ട്. പദ്ധതി നടത്തിപ്പിനും പുരോഗതി വിലയിരുത്തുന്നതിനും സാങ്കേതിക തടസ്സങ്ങൾ മറികടക്കുന്നതിനും ആവശ്യമായ ഇടപെടൽ നടത്തേണ്ട എം.പിയും അദ്ദേഹത്തിന്റെ ഓഫിസും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചതെന്നാണ് ഇടതുപക്ഷം പറയുന്നത്.
ജൽ ജീവൻ മിഷന്റെ പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പുളിഞ്ഞാൽ പൗരസമിതി പ്രതിനിധികൾ എം.എൽ.എ ഒ.ആർ. കേളുവുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ എ.ഡി.എമ്മിന്റെ അധ്യക്ഷതയിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് റോഡുപണിയിൽ വീഴ്ചവരുത്തുകയും കരാർ തുകയുടെ 65 ശതമാനം തുകയും കൈപ്പറ്റിയിട്ടും നിരുത്തരവാദപരമായി പെരുമാറുന്ന കരാറുകാരനെ പ്രവൃത്തിയിൽനിന്ന് നീക്കി കരിമ്പട്ടികയിൽ ഉൾപ്പെടുത്തി റീ ടെൻഡർ ചെയ്യണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതായി ഭരണപക്ഷം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.