ജാഗ്രതയുടെ മാതൃകയാണ് രാധാകൃഷ്ണെൻറ കട
text_fieldsവെള്ളമുണ്ട: കോവിഡ് രണ്ടാം തരംഗം ആശങ്കയായി നാട്ടിൽ പടരുമ്പോഴും ഒരു വർഷമായി പ്രതിരോധ നിയന്ത്രണങ്ങളും അക്ഷരംപ്രതി പാലിച്ച് യുവ വ്യാപാരി മാതൃകയാവുന്നു. വെള്ളമുണ്ട എട്ടേ നാൽ ടൗണിൽ പൂജാ സ്റ്റോർ നടത്തുന്ന രാധാകൃഷ്ണനാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വ്യത്യസ്തനാവുന്നത്.
കഴിഞ്ഞവർഷം ലോക്ഡൗൺ സമയത്താണ് കടകളിൽ ആളുകളെ കയറ്റുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. കടയുടെ മുൻവശത്ത് റിബൺ വലിച്ചുകെട്ടി അകത്തേക്ക് ആളുകളെ പ്രവേശിപ്പിക്കാതെ സാധനങ്ങൾ നൽകണം എന്നായിരുന്നു ചട്ടം.
തുടക്കത്തിലെ ഒരു മാസത്തോളം എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഇത് പാലിക്കപ്പെട്ടു. നിയന്ത്രണങ്ങൾക്ക് ഇളവു വന്നതോടെ ഇവ അപ്രത്യക്ഷമാവുകയും കാര്യങ്ങൾ പഴയപടിയാവുകയും ചെയ്തു. എന്നാൽ, രാധാകൃഷ്ണണൻ കടയിൽ നിയന്ത്രണങ്ങൾ തുടർന്നു.
ഇനിയും ഈ അതിർവരമ്പും നിയന്ത്രണങ്ങളും എന്തിനെന്ന് ചോദിക്കുന്നവരോട് കൊറോണ നാട്ടിൽ തന്നെ ഉണ്ടല്ലോ എന്ന മറുചോദ്യമാണ് ഈ യുവവ്യാപാരിയുടെ ഉത്തരം.
ഒരു വർഷം മുമ്പ് വലിച്ചുകെട്ടിയ റിബൺ ഇന്നും കടക്ക് മുൻവശത്തുണ്ട്. ഇടക്കാലത്ത് നിയമപാലകരടക്കം പരിശോധനകൾ നിർത്തിയപ്പോഴും രാധാകൃഷ്ണൻ കടക്ക് അകത്തേക്ക് ആരേയും പ്രവേശിപ്പിച്ചില്ല. വലിച്ചുകെട്ടിയ കയറിന് പുറത്ത് മാത്രമാണ് സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് ഇപ്പോഴും പ്രവേശനം.
ഉപഭോക്താക്കൾക്ക് കൈകഴുകാൻ സോപ്പും വെള്ളവും ഒരു ദിവസം പോലും കടയുടെ മുന്നിൽ ഇല്ലാതായിട്ടില്ല. കടയുടെ ചുമരുകളിൽ കോവിഡ് പ്രതിരോധ മുൻകരുതലുകളടങ്ങിയ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. എട്ടു വർഷമായി രാധാകൃഷ്ണൻ വ്യാപാരം തുടങ്ങിയിട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.