താമസയോഗ്യമല്ലാത്ത വീടുകളിൽ അറ്റകുറ്റപ്പണി നടത്തി പണം തട്ടിയതായി പരാതി
text_fieldsവെള്ളമുണ്ട: താമസയോഗ്യമല്ലാത്ത ആദിവാസി വീടുകൾ അറ്റകുറ്റപ്പണി നടത്തി പണം തട്ടിയതായി പരാതി. വെള്ളമുണ്ട പഞ്ചായത്തിലെ മേച്ചേരിക്കുന്ന് പണിയ കോളനിയിൽ ശോച്യാവസ്ഥയിലായ വീടുകളാണ് തികച്ചും അശാസ്ത്രീയമായി പുതുക്കിപ്പണിതത്.
വീടുകളുടെ നവീകരണത്തിനും കോളനി വികസനത്തിനുമായി ഒരുകോടി രൂപയാണ് അനുവദിച്ചത്. പഴയ വീടുകളുടെ അറ്റകുറ്റപ്പണിക്കും റോഡ്, സാംസ്കാരിക നിലയം തുടങ്ങി കോളനിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്കുമാണ് ഫണ്ട് അനുവദിച്ചത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിർമാണം തുടങ്ങിയ പദ്ധതി ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. കോളനിയിൽ 28ലധികം വീടുകളുണ്ട്.
ഒരു വീടിന് അറ്റകുറ്റപ്പണിക്കായി ഒന്നര ലക്ഷം രൂപയോളമാണ് അനുവദിച്ചത്. എന്നാൽ, അറ്റകുറ്റപ്പണി നടത്തുന്നതിനായി തിരഞ്ഞെടുത്ത വീടുകളിൽ പലതും കാലപ്പഴക്കത്തിൽ തകർച്ച നേരിടുന്നവയാണ്. കോൺക്രീറ്റടക്കം അടർന്നുവീണതും ചുമർ വിണ്ടുകീറിയതുമായ വീടുകളാണ് പലതും. പണി പാതിയിൽ നിർത്തി കരാറുകാരൻ പോയപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വീടുകളിൽ സ്ത്രീകളും കുട്ടികളും ഭയപ്പാടോടെ കിടന്നുറങ്ങേണ്ട അവസ്ഥയാണ്. അറ്റകുറ്റപ്പണി നടത്തിയതിനാൽ തന്നെ ഈ കുടുംബങ്ങൾക്ക് പുതിയ വീട് ലഭിക്കില്ല.
താമസയോഗ്യമല്ലാത്ത വീടുകളിൽ കിടന്നുറങ്ങാൻ ഭയക്കുന്ന ആദിവാസി കുടുംബങ്ങൾ വീട് ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തിയ കോളനിയിലെ ഷീബയുടെ വീട് താമസയോഗ്യമല്ല. ഏത് നിമിഷവും തകർന്നുവീഴാവുന്ന വീടാണിത്. ഈ കുടുംബം ഈ വീട്ടിൽ താമസിക്കാൻ ഭയക്കുകയാണ്. സമീപത്തെ മറ്റുചില വീടുകളും സമാന രീതിയിലാണ്. തകർച്ച നേരിടുന്ന ഇത്തരം വീടുകൾ അറ്റകുറ്റപ്പണി നടത്തിയതിനു പിന്നിൽ ഫണ്ട് തട്ടിയെടുക്കലാണെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.