റോഡ് നിർമാണം പൂർത്തിയായില്ല; മഴയത്തും ചളിയിലാവുമോ പുളിഞ്ഞാലുകാർ
text_fieldsവെള്ളമുണ്ട: റോഡ് നിർമാണം പൂർത്തിയാവാത്തതിനാൽ വരുന്ന മഴക്കാലത്തും പുളിഞ്ഞാൽ നിവാസികൾ ചളിവെള്ളം കൊണ്ട് പൊറുതിമുട്ടും. വെള്ളമുണ്ട-പുളിഞ്ഞാല്‍-മൊതക്കര-തോട്ടോളിപ്പടി റോഡ് പണിയാണ് ഇഴഞ്ഞുനീങ്ങുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും റോഡ് പണി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കഴിഞ്ഞദിവസം മാനന്തവാടി-കുറ്റ്യാടി റോഡ് ഉപരോധിച്ചിരുന്നു.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒമ്പത് കോടി രൂപ ചെലവില്‍ 2021ല്‍ പ്രവൃത്തി തുടങ്ങിയ റോഡാണിത്. 10 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡ് പല ഭാഗങ്ങളിലും കുത്തിപൊളിച്ചിട്ടിരിക്കുകയാണ്. വേനലിൽ പൊടിശല്യവും മഴപെയ്താൽ ചളിയും കാരണം നാട് ദുരിതത്തിലാണ്.
നൂറുകണക്കിനുപേര്‍ ആശ്രയിക്കുന്ന റോഡിലൂടെ കാല്‍നട പോലും കഴിയാത്ത അവസ്ഥയുണ്ട്. റോഡിന് ഇരുവശങ്ങളിലുമുള്ള ഭൂമി വിട്ടുനല്‍കിയ വീട്ടുകാര്‍ പൊടിശല്യം കാരണം ദുരിതത്തിലാണ്. അധികൃതരുടെ ഒത്താശയോടെയാണ് കരാറുകാരന് പണി പൂര്‍ത്തിയാക്കാതെ ജനങ്ങളെ ദുരിതത്തിലാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വെള്ളമുണ്ട ടൗണിൽനിന്ന് തുടങ്ങുന്ന റോഡിന്റെ പലഭാഗവും വേനൽ മഴ തുടങ്ങിയതോടെ ചളി നിറഞ്ഞ് ഗതാഗതം പോലും മുടങ്ങിയിരുന്നു. ഇതോടെ പ്രദേശവാസികൾ പുറത്തെത്താൻ കഴിയാതെ പ്രയാസത്തിലാണ്. കിലോമീറ്ററുകൾ ചുറ്റിയാണ് നാട്ടുകാർ പ്രധാന ടൗണുകളിലെത്തുന്നത്.
നവീകരണത്തിനായി റോഡിന്റെ പല ഭാഗത്തായി വ്യാപകമായി മണ്ണ് തള്ളിയതും ഓരോഭാഗം നിർമാണം പൂർത്തിയാകാത്തതുമാണ് വാഹന ഗതാഗതം മുടങ്ങാൻ കാരണം. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ഞാറുനടാൻ പാകത്തിലാണ് റോഡ്. ഒച്ചിഴയുന്ന വേഗത്തിൽ തികച്ചും അശാസ്ത്രീയമായി നടക്കുന്ന പ്രവൃത്തിക്കെതിരെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.
റോഡിന്റെ വിവിധ ഭാഗങ്ങൾ പൊളിച്ചിട്ടശേഷം, നിർമാണ സാമഗ്രികൾ ഇറക്കിവെച്ച് പ്രവൃത്തി തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഒരു ഭാഗത്ത് പോലും കൃത്യമായി നിർമാണം പൂർത്തിയായിട്ടില്ല. കാൽനട പോലും അസാധ്യമായ നിലയിലാണ് റോഡുള്ളത്. മഴ തുടരുകയാണെങ്കിൽ ഇതു വഴിയുള്ള യാത്ര പൂർണമായി മുടങ്ങുകയും നാട് ഒറ്റപ്പെടുകയും ചെയ്യുന്ന സ്ഥിതിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.