പുതിയ വിത്തും വളവും ഗുണകരമല്ലെന്ന്; കള നിറഞ്ഞ് നെൽപാടങ്ങൾ
text_fieldsവെള്ളമുണ്ട: കൃഷിഭവൻ മുഖേനയും അല്ലാതെയും ലഭിക്കുന്ന നെൽവിത്തുകളും കർണാടകയിൽനിന്ന് കൊണ്ടുവരുന്ന ചില ജൈവവളങ്ങളും നെൽക്കർഷകരെ ദുരിതത്തിലാക്കുന്നു. നെൽപാടങ്ങളിൽ പലസ്ഥലത്തും നെല്ലിനെക്കാൾ നിറഞ്ഞുനിൽക്കുന്നത് കളയാണെന്നാണ് കർഷകരുടെ ആക്ഷേപം. പടിഞ്ഞാറത്തറയിലും വെള്ളമുണ്ടയിലും കൃഷിയിറക്കിയ ഹെക്ടര്‍കണക്കിന് നെല്‍വയലുകളില്‍ കള വളര്‍ന്ന് നെൽക്കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.
നെല്ലിനെക്കാളുയരത്തില് കളകള്‍ വളര്‍ന്നത് നെല്ലിന് ഭീഷണിയാണ്. അമിതലാഭം ലഭിക്കുന്ന വാഴകൃഷിയുടെ പ്രലോഭനത്തില്പെടാതെ നെല്‍കൃഷി ചെയ്യുന്നവരെ ഇത് വലക്കുകയാണ്. വെള്ളമുണ്ട പഞ്ചായത്തിലെ പാലയാണ, കക്കടവ് ഭാഗങ്ങളിലും കർഷകർ പ്രതിസന്ധിയിലാണ്. എന്നാൽ, വാഴകൃഷി ചെയ്യുന്നവർ കർണാടകയിൽനിന്ന് വരുന്ന ചില ജൈവവളങ്ങൾ ഇടുന്നതാണ് കള കൂടുതലാകാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. ഒരു തരം പക്ഷിത്തീറ്റയുടെ പോലുള്ള വിത്തുകളാണ് പാടത്ത് വിളഞ്ഞുനില്‍ക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
കൃഷിക്കാര്‍ കളനാശിനികള്‍ തുടക്കം മുതല്‍ ഉപയോഗിച്ചെങ്കിലും തുടര്‍ച്ചയായി മഴ ലഭിച്ചപ്പോള്‍ കളകള്‍ തഴച്ചുവളരുകയായിരുന്നു. ഇതോടെ നെല്ലിന്റെ വളര്‍ച്ചയും കതിരിടലും മേനിയും തീരെ കുറയുകയും ചെയ്തു. വയലുകളിൽ നെല്ലിനെക്കാൾ കൂടുതൽ കള വളരുന്നതിനെക്കുറിച്ച് പരാതികൾ വ്യാപകമാണെങ്കിലും ഒരു പഠനവും നടന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.