ശാലിനിക്ക് 22 കഴിഞ്ഞു; പന്തലുകെട്ടി പ്രഖ്യാപിച്ച ആ രണ്ട് ലക്ഷം കണ്ടവരുണ്ടോ
text_fieldsവെള്ളമുണ്ട: ശാലിനി എന്ന ആദിവാസി പെൺകുട്ടിക്ക് പ്രഖ്യാപിച്ച ആ രണ്ടു ലക്ഷം ഏത് ബാങ്കിലാണ്...? വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുളിഞ്ഞാൽ ഗ്രാമത്തിലെ നാട്ടുകാർ ഈ ചോദ്യം ചോദിക്കാൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടിലധികമായി. ഭൂസമരത്തിൽ പങ്കെടുത്ത് പൊലീസ് മർദനത്തെ തുടർന്ന് രോഗിയായി മരിച്ച ശാന്തയുടെ മകൾ ശാലിനിക്ക് സർക്കാറിൽനിന്ന് നൽകുമെന്ന് പറഞ്ഞ രണ്ടു ലക്ഷം രൂപയാണ് പ്രഖ്യാപനത്തിലൊതുങ്ങിയത്.
എ.കെ.എസിന്റെ നേതൃത്വത്തിൽ 2003ൽ വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാൽ നെല്ലിക്കച്ചാലിലെ സമര ഭൂമിയിൽ മറ്റുള്ളവർക്കൊപ്പം കുടിൽകെട്ടി താമസമാരംഭിച്ച ശാന്തയേയും മകളേയും അറസ്റ്റ് ചെയ്ത് അന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. നിറ ഗർഭിണിയായിരുന്ന ശാന്ത രണ്ട് മാസത്തിലധികം നീണ്ട ജയിൽവാസത്തിനിടയിൽ പൊലീസ് മർദനത്തെ തുടർന്ന് രോഗിയായതും അവരുടെ ഗർഭം അലസിയതും വലിയ വാർത്തയായിരുന്നു. രോഗിയായ ശാന്ത ഒടുവിൽ ഭൂമിയെന്ന സ്വപ്നം ബാക്കിയാക്കി 2006ൽ ഈ ലോകത്തോട് വിട പറഞ്ഞു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ശാന്തയുടെ മകൾ ശാലിനി എല്ലാറ്റിനും സാക്ഷിയായി ഇന്നും ജീവിക്കുന്നു.
ശാന്ത മരിച്ച സമയത്ത് അമ്മക്കൊപ്പം സമരത്തിൽ പങ്കെടുത്ത ശാലിനി കുട്ടിയായിരുന്നു. അവളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് രണ്ടു ലക്ഷം രൂപ സർക്കാർ നൽകുമെന്ന് സി.പി.എം പുളിഞ്ഞാലിൽ അന്ന് പ്രഖ്യാപനം നടത്തുകയും ഫ്ലക്സ് സ്ഥാപിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. പ്രഖ്യാപിച്ച തുക ബാങ്കിലാണെന്നും ശാലിനിക്ക് 18 വയസ്സ് പൂർത്തിയാവുന്ന സമയത്ത് പിൻവലിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ, രണ്ടു പതിറ്റാണ്ട് പൂർത്തിയായ സമയത്ത് ആ തുക ഏത് ബാങ്കിലാണെന്ന് പോലും ഈ കുടുംബത്തിനറിയില്ല. 22 വയസ്സ് പൂർത്തിയായ ശാലിനിയുടെ സ്വന്തം അക്കൗണ്ടിലേക്ക് ഇതുവരെ ആ തുക എത്തിയിട്ടില്ല. 18 വയസ്സ് പൂർത്തിയായതു മുതൽ ശാലിനിയും കുടുംബവും രണ്ടു ലക്ഷം എവിടെയെന്ന ചോദ്യവുമായി പാർട്ടി നേതാക്കളെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടിയില്ല.
വർഷങ്ങൾ നീണ്ട ഭൂസമരം വിജയിച്ചുവെങ്കിലും ഈ കുടുംബത്തെ പിന്നീട് പാർട്ടിയും മറന്നു. സമരക്കാർക്കെല്ലാം ഭൂമി വിതരണം നടത്തിയെങ്കിലും ശാന്തയെ എല്ലാവരും മറന്നു. സമരത്തിൽ പങ്കെടുത്ത് മർദനം ഏറ്റുവാങ്ങിയ ശാന്തയുടെ മകൾ ഒരുതുണ്ട് ഭൂമിപോലും ലഭിക്കാതെ നീതി കേടിന്റെ നേർസാക്ഷ്യമായി സമരഭൂമിക്ക് സമീപത്തെ കോളനിയിലാണ് ഇപ്പോൾ ബന്ധുക്കളോടൊപ്പം കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.