കാടുകയറി വിദ്യാലയങ്ങൾ; പാമ്പുകൾ ക്ലാസ് മുറികളിലേക്ക്
text_fieldsവെള്ളമുണ്ട: വിദ്യാർഥികളുടെ സുരക്ഷക്ക് ഒരു പരിഗണനയും നൽകാതെ നിരവധി സ്കൂളുകൾ. തുറന്ന് മാസങ്ങൾ കഴിഞ്ഞിട്ടും വിദ്യാലയ പരിസരങ്ങളിലെ കാട് വെട്ടാൻ പോലും പല വിദ്യാലയങ്ങളിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതു കാരണം പലപ്പോഴും പാമ്പുകൾ ക്ലാസ് മുറികളിലെത്തുന്ന അവസ്ഥയാണ്.
ക്ലാസ് മുറികളിലടക്കം പാമ്പുകൾ പതിവ് കാഴ്ചയാണെങ്കിലും ശാശ്വത പരിഹാരം ഉണ്ടാവുന്നില്ല. വെള്ളമുണ്ട പഞ്ചായത്തിലെ എയ്ഡഡ് വിദ്യാലയത്തിൽനിന്ന് കഴിഞ്ഞ ദിവസം പഠന സമയത്ത് പാമ്പിനെ പിടികൂടിയിരുന്നു. ഒരു മാസത്തിനിടയിൽ നിരവധി തവണ പല ഭാഗങ്ങളിൽ പാമ്പിനെ കണ്ടതായി രക്ഷിതാക്കളും പരാതിപ്പെടുന്നു. സ്കൂൾ പരിസരത്ത് ഉഗ്രവിഷമുള്ള പാമ്പുകളുടെ സാന്നിധ്യം ഭീതി വർധിപ്പിക്കുകയാണ്.
വിഷയത്തിൽ നേരത്തേ നിരവധി തവണ പരാതി ഉയർന്നിട്ടും കാര്യമായ നടപടി ഉണ്ടായില്ലെന്നും ബന്ധപ്പെട്ടവരിൽ നിന്നും കൈമടക്ക് വാങ്ങി പരാതി ചവറ്റുകുട്ടയിലെറിഞ്ഞതായും നാട്ടുകാർ പരാതിപ്പെട്ടിരുന്നു. സ്വകാര്യ തോട്ടങ്ങളിലടക്കം കാട് മൂടി കിടക്കുന്നതാണ് പാമ്പുകൾ കൂട്ടത്തോടെ എത്താൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കാടുമൂടി കിടക്കുന്ന തോട്ടങ്ങൾ വർഷങ്ങളായി പാമ്പുകളുടെ വിഹാരകേന്ദ്രങ്ങളാണ്. വെള്ളമുണ്ട പഞ്ചായത്തിലെ വിദ്യാലയത്തിന് സമീപത്തെ കാടുമൂടിക്കിടക്കുന്ന തോട്ടത്തിൽ നിന്നും ഉഗ്ര വിഷമുള്ളതടക്കം നിരവധി പാമ്പുകൾ സമീപത്തെ ടൗണുകളിലേക്കും വിദ്യാലയങ്ങളിലേക്കും എത്തുകയാണ്.
മുമ്പെങ്ങും ഇല്ലാത്ത വിധം ടൗണിലും പരിസരങ്ങളിലും പാമ്പുകൾ എത്തുന്നതായാണ് പ്രദേശ വാസികൾ പറയുന്നത്. കാലപ്പഴക്കത്തിൽ തകർച്ചയിലെത്തിയ കെട്ടിടങ്ങൾക്കും വൃത്തിയില്ലാത്ത അടുക്കളയുമുള്ള സ്കൂളുകൾക്കും ഫിറ്റ്നസ് കിട്ടാൻ ഒരു ബുദ്ധിമുട്ടുമില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
ഇഴജന്തുക്കൾക്കടക്കം കയറാൻ പാകത്തിൽ ജനൽ പാളികൾ പോലുമില്ലാതെ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ നിരവധിയാണ്. ഒട്ടം സുരക്ഷിതമല്ലാത്ത ക്ലാസ് മുറികൾ വിദ്യാർഥികളുടെ ജീവന് തന്നെ ഭീഷണിയുയർത്തുമ്പോഴും അധികൃതർ മൗനം പാലിക്കുകയാണെന്ന് രക്ഷിതാക്കളും പറയുന്നു. കഴിഞ്ഞ വർഷം വെള്ളമുണ്ടയിലെ സ്കൂളിലെ ക്ലാസ് മുറിക്കകത്ത് വിദ്യാർഥിയുടെ ബാഗിൽനിന്നും പാമ്പിനെ കണ്ടെത്തിയിരുന്നു.
സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന സ്കൂളിലെ ക്ലാസ്റൂമില്‍ നിന്നും വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി അടിയന്തര ഉത്തരവിറക്കിയിരുന്നു.
ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും അംഗൻവാടികളിലും ബന്ധപ്പെട്ടവര്‍ മതിയായ പരിശോധന നടത്തി പൊളിഞ്ഞു കിടക്കുന്ന ക്ലാസ് മുറികള്‍ അടിയന്തരമായി നന്നാക്കാന്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാൽ, പരിശോധനകളും നടപടികളും കാലങ്ങളായി പ്രഹസനമാവുന്നതായാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.