പരിശീലനവും പരീക്ഷയും ഒരേസമയം കായികതാരങ്ങൾക്ക് തിരിച്ചടി
text_fieldsവെള്ളമുണ്ട: സംസ്ഥാനതല സ്കൂൾ കായികമേളക്ക് സജ്ജമാക്കാൻ തെരഞ്ഞെടുക്കപ്പെട്ട കായികതാരങ്ങൾക്ക് ജില്ല പഞ്ചായത്ത് നൽകുന്ന പ്രത്യേക പരിശീലനം പ്രഹസനമാകുമെന്ന് ആക്ഷേപം. പ്ലസ് വണിന്റെ ഇംപ്രൂവ്മെന്റ് പരീക്ഷ നടക്കുന്ന അതേ ദിവസങ്ങളിൽ തന്നെ പരിശീലനവും ആസൂത്രണം ചെയ്തിരിക്കുന്നതാണ് വിദ്യാർഥികൾക്ക് തിരിച്ചടിയാവുന്നത്. 10 മുതൽ 12 വരെ മൂന്നു ദിവസത്തെ പരിശീലനമാണ് മുണ്ടേരി സ്റ്റേഡിയത്തിൽ നൽകുന്നത്. കേരളത്തിൽ ജില്ലയിൽ മാത്രമാണ് സംസ്ഥാനതല മത്സരത്തിന് അവസരം ലഭിച്ചവർക്ക് മുഴുവനായി ഒരു ക്യാമ്പിൽ പരിശീലനം കിട്ടുന്നത്.
കഴിഞ്ഞ വർഷമാണ് ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ പദ്ധതി ആരംഭിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 200ഓളം വിദ്യാർഥികൾക്കാണ് മൂന്നു ദിവസത്തെ പരിശീലനം സജ്ജീകരിച്ചിരിക്കുന്നത്. മൂന്ന് ദിവസം ക്യാമ്പിൽ താമസിച്ച് നല്ല ഭക്ഷണം നൽകി പ്രത്യേക അധ്യാപകരെ കൊണ്ട് പരിശീലനം കൊടുക്കുന്ന പദ്ധതിയാണ് ലക്ഷ്യം കാണാതെ പോകുന്നത്. പരിശീലനത്തിന് ശേഷം വിദ്യാർഥികൾക്കുള്ള ജഴ്സിയും നൽകും. എന്നാൽ, ഇത്തവണ കായിക പരിശീലനവും ഇംപ്രൂവ്മെൻറ് പരീക്ഷയും ഒരേസമയത്താണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതോടെ സീനിയർ വിഭാഗം കുട്ടികൾക്ക് പരിശീലനം നഷ്ടമാവും. പ്ലസ് വൺ, പ്ലസ് ടു തലത്തിൽ നിന്നും ജയിക്കുന്ന സീനിയർ വിഭാഗം കുട്ടികളാണ് സംസ്ഥാനതല മത്സരത്തിൽ ജില്ലക്ക് മെഡൽ നേട്ടം ഉണ്ടാക്കാറുള്ളത്. ഇവരെയാണ് ആസൂത്രണത്തിലെ പിഴവ് കാരണം പരിശീലനത്തിൽനിന്ന് അകറ്റുന്നത്.
റിലേ മത്സരങ്ങളിൽ കുട്ടികൾക്ക് പരിശീലനം ഏറെ ഗുണം ചെയ്യും. കൂടാതെ സിന്തറ്റിക് ട്രാക്ക് പരിചയപ്പെടുത്തുക എന്നതും ക്യാമ്പിന്റെ ലക്ഷ്യമാണ്. എന്നാൽ, മത്സരാർഥികളിൽ വലിയൊരു വിഭാഗവും നിലവിലെ സാഹചര്യത്തിൽ പരിശീലനത്തിൽ പുറത്താകും. സംസ്ഥാന തല മത്സരം നടക്കുന്നതിന്റെ തൊട്ട് മുമ്പ് പരിശീലനം നൽകിയാൽ എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാനും മത്സരങ്ങൾക്ക് ഗുണകരമാവുകയും ചെയ്യുമെന്ന് പി.ടി അധ്യാപകർ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പരിശീലനം നേരത്തെയാക്കുകയായിരുന്നെന്നാണ് പരാതി.
എന്നാൽ, സംസ്ഥാനതല കായിക മത്സരം ഈ മാസം 16ന് തുടങ്ങുന്നതിനാൽ ക്യാമ്പ് സംഘടിപ്പിക്കാൻ മറ്റ് ദിവസം ഇല്ലാത്ത അവസ്ഥയാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ പറഞ്ഞു. സംസ്ഥാന മത്സരത്തിന്റെ മുമ്പായി രണ്ട് ദിവസമെങ്കിലും വിശ്രമത്തിനുള്ള സമയം വേണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടത് പ്രകാരമാണ് 10 മുതൽ 12 വരെ ക്യാമ്പ് വെക്കാൻ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.